ആർ.സി.സി ഡയറക്ടർ നിയമനം; സർക്കാർ അറിയാതെ യോഗ്യത തിരുത്തി
text_fieldsതിരുവനന്തപുരം: റീജനൽ കാൻസർ സെൻററിന് (ആർ.സി.സി) പുതിയ ഡയറക്ടറെ കെണ്ടത്താനുള്ള യോഗ്യത അറിയിപ്പ് സർക്കാറും സെർച് കമ്മിറ്റിയും അറിയാതെ രണ്ടുതവണ ആർ.സി.സി തിരുത്തി. സർക്കാർ പുറപ്പെടുവിച്ച നിർദേശത്തിൽ 58 വയസ്സാണ് ചൂണ്ടിക്കാണിച്ചത്. എന്നാൽ, ആർ.സി.സി ഇറക്കിയ അറിയിപ്പിൽ ഇത് 60 വയസ്സ് എന്നാക്കി. ജൂൺ 16ന് അത് വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തുകയും ചെയ്തു. തുടർന്ന്, രണ്ട് ദിവസത്തിനുശേഷം വീണ്ടും തിരുത്തൽ വരുത്തി. അതിൽ ആർ.സി.സിയിൽ ജോലി ചെയ്യുന്നവർക്ക് രണ്ടുവർഷത്തെ ഇളവുകൂടി ഉൾപ്പെടുത്തി മറ്റൊരു അറിയിപ്പ് വെബ്സൈറ്റിലിട്ടു.
സംഭവം വിവാദമായതോടെ ആരോഗ്യമന്ത്രി ഇടപെട്ടു. ഇത് പിൻവലിച്ചതായാണ് വിവരം. 58 വയസ്സ് എന്ന പ്രായപരിധി ഉയർത്തണമെന്ന നിർദേശമാണ് നൽകിയതെന്നാണ് ആർ.സി.സി നൽകുന്ന വിശദീകരണം. പക്ഷേ, സെർച് കമ്മിറ്റിയറിയാതെ ഇത് വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയതെന്തിനെന്ന ചോദ്യം അവശേഷിക്കുന്നു. പ്രായപരിധിയിൽ രണ്ടുവർഷത്തെ ഇളവ് വരുത്തിയത് ആർ.സി.സിയിൽ ഇപ്പോൾ ജോലിചെയ്യുന്ന വ്യക്തിയെ ഡയറക്ടർ സ്ഥാനത്തേക്ക് കൊണ്ടുവരാനുള്ള നീക്കത്തിെൻറ ഭാഗമെന്ന വാദവും ശക്തമാണ്. ആഗസ്റ്റ് 24ന് കാലാവധി അവസാനിക്കുന്ന ഡോക്ടർ പോൾ സെബാസ്റ്റ്യൻ അതിനു മുേമ്പ സ്വയംവിരമിക്കലിന് അപേക്ഷ നൽകിയ സാഹചര്യത്തിലാണ് പുതിയ ഡയറക്ടറെ തിരയുന്നത്. കൊച്ചി കാൻസർ സെൻറർ ഡയറക്ടർ ഡോ. മോനി എബ്രഹാം കുര്യാക്കോസ് കൺവീനറായ സമിതിയെ ഡയറക്ടറെ കണ്ടെത്താൻ സർക്കാർ നിയോഗിച്ചു.
ആഗോളാടിസ്ഥാനത്തിലുള്ള പരസ്യമാണ് ഡയറക്ടറെ ആവശ്യപ്പെട്ട് പ്രസിദ്ധപ്പെടുത്തുന്നത്. അതിനാൽ പ്രായപരിധി സർക്കാർ നിശ്ചയിച്ചതിൽനിന്ന് മാറ്റാനുമാവില്ല. പ്രായപരിധി 58 എന്നത് കൂടാതെ, പുതിയ ഡയറക്ടർക്ക് 20 വർഷത്തെ അക്കാദമി, ഗവേഷണ പ്രവൃത്തിപരിചയം, അർബുദ ഗവേഷണ മേഖലകളിൽ പങ്കാളിയായിരിക്കണം എന്നും നിഷ്കർഷിച്ചിട്ടുണ്ട്. മൂന്നുവർഷം മുതൽ അഞ്ചുവർഷം വരെയാണ് ഡയറക്ടറുടെ കാലാവധി. അടിസ്ഥാന ശമ്പളം 80,000 രൂപ. ആകെ ശമ്പളം രണ്ട് ലക്ഷത്തോളം ലഭിക്കും. നാഷനൽ കാൻസർ റിസർച് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ.ജി.കെ. രാത്, കൊൽക്കത്ത ടാറ്റ മെഡിക്കൽ സെൻറർ ഡയറക്ടർ ഡോ. മാമ്മൻ ചാണ്ടി, മുംബൈ ടാറ്റ മെമ്മോറിയൽ സെൻറർ ഡയറക്ടർ ഡോ. രാജേന്ദ്ര ബദ്വെ എന്നിവർ സമിതിയിലെ മറ്റ് അംഗങ്ങളാണ്. സമിതി മൂന്ന് മാസത്തിനകം പുതിയ ഡയറക്ടറെ നിയോഗിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
