ആർ.സിയും ലൈസൻസും ഇനി ഡിജിറ്റൽ കാർഡ്
text_fieldsതിരുവനന്തപുരം: കുടിശ്ശികയെ തുടർന്ന് ആര്‍.സി, ഡ്രൈവിങ് ലൈസന്‍സ് അച്ചടി അനിശ്ചിതത്വത്തിലായതോടെ പ്രതിസന്ധി മറികടക്കാൻ പ്രിന്‍റിങ് അവസാനിപ്പിക്കുന്നു. കാർഡ് രൂപത്തിൽ ഉപയോഗിക്കുന്നതിന് പകരം രേഖകൾ ഡിജിറ്റൽ സ്വഭാവത്തിൽ ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാനാണ് നിർദേശം. ടെസ്റ്റ് പാസാകുന്ന ദിവസംതന്നെ ലൈസൻസ് ഡിജിറ്റലായി ഡൗൺലോഡ് ചെയ്യാം. പരിശോധന സമയങ്ങളിൽ ഡിജിറ്റൽ പകർപ്പ് ഹാജരാക്കിയാൽ മതി.
ആവശ്യപ്പെടുന്നവര്‍ക്ക് മാത്രമാകും ഇനി കാര്‍ഡുകള്‍ നല്‍കുക. ഇതിന് സ്വന്തംനിലക്ക് അച്ചടി ആരംഭിക്കാനുള്ള നീക്കത്തിലാണ് മോട്ടോർ വാഹന വകുപ്പ്. കാര്‍ഡ് വേണ്ടവര്‍ 200 രൂപ അടയ്ക്കണം. കേന്ദ്ര സര്‍ക്കാറിന്റെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളായ എം.പരിവാഹന്‍, ഡിജി ലോക്കര്‍ എന്നിവയില്‍ ആര്‍.സി, ലൈസന്‍സ് ഡിജിറ്റല്‍ പ്രിന്റ് ലഭിക്കും. ഇതിന് അസ്സലിന്റെ നിയമസാധുതയുണ്ടാകും. ഈ ആപ്പുകൾ സ്മാർട്ട് ഫോണുകളിലാണ് ലഭിക്കുക.
സ്മാർട്ട് ഫോൺ ഉപയോഗിക്കാൻ പ്രയാസമുള്ളവർക്ക് ഡിജിറ്റല്‍ ലൈസന്‍സിന്റെ ക്യു.ആര്‍ കോഡുള്ള ഭാഗം പ്രിന്റ് ചെയ്ത് ഉപയോഗിക്കാം. ഇതില്‍നിന്ന് ഉദ്യോഗസ്ഥര്‍ക്ക് രേഖയുടെ സാധുത തിരിച്ചറിയാനാകും. ആദ്യഘട്ടമായി ഡ്രൈവിങ് ലൈസൻസിന്‍റെ അച്ചടിയാണ് അവസാനിപ്പിക്കുക. അടുത്തഘട്ടത്തിൽ ആര്‍.സി പ്രിന്‍റിങ്ങും.
അച്ചടി മുടങ്ങിയതോടെ അഞ്ച് ലക്ഷം ആർ.സിക്കുള്ള അപേക്ഷകളാണ് കെട്ടിക്കിടക്കുന്നത്. ഡ്രൈവിങ് ലൈസൻസിനുള്ള അപേക്ഷകൾ 1.30 ലക്ഷവും. കാര്‍ഡിനുള്ള തുക തപാൽ ഫീസ് സഹിതം മോട്ടോർ വാഹന വകുപ്പ് അപേക്ഷകരില്‍നിന്ന് ഈടാക്കിയിരുന്നെങ്കിലും കരാര്‍ കമ്പനിക്ക് അച്ചടിക്കൂലി നല്‍കാത്തതാണ് പ്രതിസന്ധി സൃഷ്ടിച്ചത്. 10 കോടി രൂപ കുടിശ്ശികയായതോടെയാണ് അച്ചടി നിർത്തിയത്.
ആവശ്യപ്പെടുന്നവർക്കായി അച്ചടിക്കുന്ന കാർഡുകൾ കെ.എസ്.ആർ.ടി.സിയുടെ പാഴ്സൽ വിതരണ സംവിധാനം വഴി അപേക്ഷകരുടെ വീടുകളിലെത്തിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.