രവീന്ദ്രൻ പട്ടയം റദ്ദാക്കൽ നടപടികൾ സങ്കീർണം; പകരം പട്ടയം വൈകും
text_fieldsതൊടുപുഴ: രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കി പകരം പട്ടയങ്ങൾ അനുവദിക്കുന്ന നടപടികൾ നീളാൻ സാധ്യത. 45 ദിവസത്തിനകം വിവാദ പട്ടയങ്ങൾ റദ്ദാക്കി അർഹർക്ക് പകരം പട്ടയം നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നെങ്കിലും 80 ദിവസം കഴിഞ്ഞിട്ടും നടപടി എങ്ങുമെത്തിയിട്ടില്ല. സങ്കീർണ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് ജില്ല ഭരണകൂടം സർക്കാറിനെ സമീപിച്ചിരിക്കുകയാണ്. ഇതോടെ രവീന്ദ്രൻ പട്ടയം റദ്ദാക്കപ്പെടുന്നവർക്ക് പകരം പട്ടയം കിട്ടാൻ വൈകുമെന്ന് ഉറപ്പായി.
23 വർഷം മുമ്പ് ദേവികുളം അഡീഷനൽ തഹസിൽദാറായിരിക്കെ എം.ഐ. രവീന്ദ്രൻ അധികാര പരിധി മറികടന്ന് താലൂക്കിലെ ഒമ്പത് വില്ലേജിൽ നൽകിയ 530 പട്ടയം റദ്ദാക്കാൻ ഇടുക്കി കലക്ടറെ ചുമതലപ്പെടുത്തി കഴിഞ്ഞ ജനുവരി 18നാണ് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്. ചട്ടങ്ങൾക്ക് വിരുദ്ധമായാണ് രവീന്ദ്രൻ പട്ടയം നൽകിയതെന്ന് കണ്ടെത്തിയതിനെത്തുടർന്നായിരുന്നു റവന്യൂ വകുപ്പിന്‍റെ നടപടി.
അർഹരായവർക്ക് പുതിയത് നൽകുന്നതിന് 40ലധികം റവന്യൂ ഉദ്യോഗസ്ഥരടങ്ങിയ പ്രത്യേക സംഘത്തെയും നിയോഗിച്ചു. എന്നാൽ, സങ്കീർണ പട്ടയ നടപടികളിൽ ഏറെ സൂക്ഷ്മത പാലിക്കേണ്ടതിനാൽ കാര്യങ്ങളിൽ വേണ്ടത്ര പുരോഗതിയുണ്ടായിട്ടില്ല. മറയൂർ, കാന്തല്ലൂർ, കീഴാന്തൂർ, കുഞ്ചിത്തണ്ണി വില്ലേജുകളിലെ തെളിവെടുപ്പ് നടപടികൾ മാത്രമാണ് ഇതുവരെ പൂർത്തിയായത്. ബാക്കി അഞ്ച് വില്ലേജിലേത് അവശേഷിക്കുകയാണ്. ഇത് എന്ന് പൂർത്തിയാകുമെന്ന കാര്യത്തിൽ ഉദ്യോഗസ്ഥർക്കും വ്യക്തതയില്ല.
റവന്യൂ ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് പട്ടയ നടപടികൾ വൈകാൻ കാരണമെന്ന് ചൂണ്ടിക്കാട്ടി സമരത്തിനൊരുങ്ങുകയാണ് കോൺഗ്രസ്. രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കാനും പുതിയത് നൽകാനുമുള്ള നടപടികൾ തികച്ചും അശാസ്ത്രീയമായാണ് മുന്നോട്ട് കൊണ്ടുപോകുന്നതെന്നും ആരോപണമുണ്ട്. അനർഹമായി കൈപ്പറ്റിയ പട്ടയങ്ങൾ കണ്ടെത്തി അവ മാത്രം റദ്ദാക്കുന്നതിന് പകരം എല്ലാ പട്ടയങ്ങളും റദ്ദാക്കാനുള്ള തീരുമാനം നടപടികൾ അനിശ്ചിതമായി വൈകാനിടയാക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. തെളിവെടുപ്പ് പൂർത്തിയാക്കിയ വില്ലേജുകളിൽ പുതിയ അപേക്ഷ സ്വീകരിക്കാൻ വില്ലേജ് ഓഫിസർമാർക്ക് നിർദേശം നൽകിയതായി റവന്യൂ അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.