രവീന്ദ്രൻ പട്ടയം റദ്ദാക്കൽ: നടപടികൾ സങ്കീർണം; ഒരുക്കുന്നത് വൻ സന്നാഹം
text_fieldsതൊടുപുഴ: ദേവികുളം താലൂക്കിൽ 24 വർഷം മുമ്പ് വിതരണം ചെയ്ത രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കി അർഹരായവർക്ക് പുതിയത് അനുവദിക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ നടപടികൾ നീക്കി റവന്യൂ വകുപ്പ്. നടപടികൾക്ക് നേതൃത്വം നൽകാൻ ഇടുക്കി കലക്ടറെ ചുമതലപ്പെടുത്തുകയും 41 അംഗ റവന്യൂ സംഘത്തെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്.
പ്രത്യേക സംഘം ചുമതലയേൽക്കുന്നതോടെ നടപടികൾ വേഗത്തിലാകും. എന്നാൽ, സർക്കാർ അനുവദിച്ച 45 ദിവസത്തിനകം സങ്കീർണമായ പട്ടയ നടപടികൾ പൂർത്തിയാക്കാനാകുമോ എന്ന് സംശയം വിവിധ കോണുകളിൽനിന്ന് ഉയർന്നിട്ടുണ്ട്. ഇടുക്കിയിലേക്ക് നിയോഗിച്ച പ്രത്യേക റവന്യൂ സംഘത്തിൽ കൊല്ലം ഒഴികെ 13 ജില്ലകളിൽനിന്നുമുള്ള ഉദ്യോഗസ്ഥരുണ്ട്. 13 ജൂനിയർ സൂപ്രണ്ട്, ഡെപ്യൂട്ടി തഹസിൽദാർമാർ, 13 റവന്യൂ ഇൻസ്പെക്ടർ, വില്ലേജ് ഓഫിസർമാർ, 15 സീനിയർ ക്ലർക്ക്, ക്ലർക്കുമാർ എന്നിവർ സംഘത്തിലുണ്ട്. ഭൂപതിവ്, പട്ടയ നടപടികളിൽ പരിചയമുള്ളവരെയാണ് സംഘത്തിലേക്ക് തെരഞ്ഞെടുത്തിട്ടുള്ളത്. ഇടുക്കി കലക്ടറേറ്റും ദേവികുളം താലൂക്ക് ഓഫിസും കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇവർ അടുത്ത ദിവസങ്ങളിൽ ചുമതലയേൽക്കും. ഇതിന് മുന്നോടിയായി കലക്ടറുടെ അധ്യക്ഷതയിൽ കഴിഞ്ഞദിവസം ഇടുക്കി ജില്ലയിലെ മുതിർന്ന ഉദ്യോഗസ്ർ യോഗം ചേർന്നിരുന്നു.
പ്രത്യേക സംഘത്തിലെ ഉദ്യോഗസ്ഥർ ചുമതലയേറ്റ് 45 ദിവസത്തിനകം പട്ടയ വിതരണ നടപടികൾ പൂർത്തിയാക്കണമെന്നാണ് നിർദേശം. എന്നാൽ, രവീന്ദ്രൻ പട്ടയം റദ്ദാക്കലും പുതിയ പട്ടയത്തിന് അപേക്ഷ സ്വീകരിക്കലും അർഹരായവരെ കണ്ടെത്തലും പരാതികൾ തീർപ്പാക്കലും പട്ടയ വിതരണവുമെല്ലാം ഈ സമയ പരിധിക്കുള്ളിൽ പൂർത്തിയാകുമോ എന്ന് സംശയമുണ്ട്. ഇതിനിടയിൽ പട്ടയവിതരണത്തിനെതിരെ ആരെങ്കിലും നിയമനടപടികളിലേക്ക് കടന്നാൽ പിന്നെയും നീണ്ടുപോകും.
എന്നാൽ, പ്രത്യേക സംഘത്തിന്റെ പ്രവർത്തനത്തിലൂടെ നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കാനാകുമെന്ന ആത്മവിശ്വാസത്തിലാണ് ജില്ല ഭരണകൂടം. ഈ മാസം അവസാനം ഹിയറിങ് നടപടികൾ ആരംഭിക്കും. കുറ്റമറ്റ രീതിയിൽ പട്ടയവിതരണം പൂർത്തിയാക്കാനും ഇടനിലക്കാരുടെ ചൂഷണം തടയാനും നടപടി സ്വീകരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.