കൂത്തുപറമ്പ് വെടിവെപ്പിൽ റവഡ ചന്ദ്രശേഖർ കുറ്റക്കാരനല്ല, കണ്ണൂരിന്‍റെ ഭൂമിശാസ്ത്രവും രാഷ്ട്രീയവുമൊന്നും അറിയാത്തയാളാണ് റവഡ -എം.വി ഗോവിന്ദൻ
text_fieldsകൊച്ചി: കൂത്തുപറമ്പ് വെടിവെപ്പിൽ റവഡ ചന്ദ്രശേഖർ കുറ്റക്കാരനല്ലെന്നും യു.ഡി.എഫ് ഭരണത്തിലാണ് അഞ്ച് സഖാക്കളെ കൊന്നതെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.
സംഭവത്തിന് രണ്ട് ദിവസം മുമ്പാണ് റവഡ ചന്ദ്രശേഖർ കൂത്തുപറമ്പിൽ ചുമതലയേൽക്കുന്നത്. ആന്ധ്രക്കാരനായ അദ്ദേഹം കണ്ണൂരിന്‍റെ ഭൂമിശാസ്ത്രവും രാഷ്ട്രീയവുമൊന്നും അറിയാത്ത ആളാണ്. ലാത്തിച്ചാർജിനും വെടിവെപ്പിനും നേതൃത്വം നൽകിയത് പൊലീസുകാരായ ടി.ടി. ആന്‍റണിയും ഹക്കീം ബത്തേരിയുമാണ്.
റവഡയെ അന്വേഷണ കമീഷനും കോടതിയും കേസിൽനിന്ന് ഒഴിവാക്കിയതാണ്. അതുകൊണ്ടുതന്നെ അദ്ദേഹം കുറ്റവാളിയാകുന്നില്ല. പി. ജയരാജൻ ഇക്കാര്യത്തിൽ തെറ്റായി ഒന്നും പറഞ്ഞിട്ടില്ലെന്നും ശരിയായ രീതിയിലാണ് പ്രതികരിച്ചതെന്നും ഗോവിന്ദൻ ന്യായീകരിച്ചു.
അതേസമയം, സർക്കാർ തീരുമാനത്തെ ന്യായീകരിച്ച് കണ്ണൂർ ജില്ല സെക്രട്ടറി കെ.കെ. രാഗേഷും രംഗത്തെത്തി. കൂത്തുപറമ്പ് ഗൂഢാലോചനയില്‍ റവഡക്ക് പങ്കില്ലെന്ന് കെ.കെ. രാഗേഷ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. നാടിനെ കുറിച്ച് അറിയാതെയാണ് ഉദ്യോഗസ്ഥൻ എന്ന നിലയിൽ റവഡ ചന്ദ്രശേഖർ കൂത്തുപറമ്പിൽ എത്തിയത്. പുതിയ എ.സി.പിയായി ചുമതലയേറ്റതെ ഉണ്ടായിരുന്നുള്ളുവെന്ന് കൂത്തുപറമ്പ് വെടിവെപ്പ് അന്വേഷിച്ച കമീഷൻ റിപ്പോർട്ടിലെ ഭാഗങ്ങൾ വിശദീകരിച്ച് രാഗേഷ് വ്യക്തമാക്കി.
ഡി.ജി.പി നിയമനം സംസ്ഥാന സർക്കാറിന് പൂർണ അധികാരം ഉപയോഗിച്ച് ചെയ്യാൻ കഴിയില്ല. ചട്ടപ്രകാരം വിവിധ ഘടകങ്ങൾ പരിശോധിച്ച ശേഷമാകും സർക്കാർ തീരുമാനമെന്നും രാഗേഷ് കൂട്ടിച്ചേർത്തു. കൂത്തുപറമ്പ് വെടിവെപ്പുമായി ബന്ധപ്പെട്ട് ആക്ഷേപങ്ങൾക്കല്ല കണ്ടെത്തലുകൾക്കാണ് പ്രസക്തി. വിഷയത്തിൽ പി. ജയരാജൻ മറ്റൊരു നിലപാട് എടുത്തിട്ടില്ല. അദ്ദേഹത്തിന്‍റെ വാക്കുകൾ മാധ്യമങ്ങള്‍ വക്രീകരിച്ചു. കൂത്തുപറമ്പ് വെടിവെപ്പ് ഗൂഢാലോചനയിൽ റവാഡക്ക് പങ്കില്ലെന്നാണ് കമീഷൻ റിപ്പോർട്ടിൽ പറയുന്നത്.
വിവാദം ഉണ്ടാക്കേണ്ട കാര്യമില്ല. പത്തനംതിട്ടയിലും തിരുവനന്തപുരത്തും വി.എസ്, നായനാർ എന്നിവരുടെ കാലത്ത് റവഡ ചന്ദ്രശേഖർ സേവനം ജോലി ചെയ്തിട്ടുണ്ടെന്നും കെ.കെ. രാഗേഷ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

