ബി.ജെ.പിയുമായുള്ള പിണറായിയുടെ രണ്ടാം ഡീലാണ് പുതിയ ഡി.ജി.പി നിയമനം -കെ.സി വേണുഗോപാല്‍
text_fieldsകണ്ണൂർ: പുതിയ ഡി.ജി.പി നിയമനത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ഗുരുതര ആരോപണവുമായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി. മോദി സര്‍ക്കാരിന് അനഭിമതനായത് കൊണ്ടാണ് ഡി.ജി.പി പട്ടികയില്‍ ഒന്നാം പേരുകാരനായ നിതിന്‍ അഗര്‍വാളിനെ പിണറായി സര്‍ക്കാര്‍ ഒഴിവാക്കിയതെന്നും കേന്ദ്രസര്‍ക്കാരുമായി ഉണ്ടാക്കിയ ഒത്തുതീര്‍പ്പിന്റെ ഭാഗമായാണ് റവഡ ചന്ദ്രശേഖറിനെ നിയമിച്ചതെന്നും കെ.സി. വേണുഗോപാല്‍ ആരോപിച്ചു.
ഡി.ജി.പി പട്ടികയിലുള്ള പേരുകാരായ നിതിന്‍ അഗര്‍വാളും യോഗേഷ് ഗുപ്തയും മികച്ച ഉദ്യോഗസ്ഥരാണ്. നിതിന്‍ അഗര്‍വാളിനെ മോദിക്കും കേന്ദ്രസര്‍ക്കാരിനും ഇഷ്ടമല്ല. അദ്ദേഹത്തെ ബി.എസ്.എഫ് ഡയക്ടര്‍ ജനറല്‍ സ്ഥാനത്ത് നിന്നും നീക്കിയതും അതേ അനിഷ്ടത്തിന്റെയും അഭിപ്രായ വ്യത്യാസത്തിന്റെയും ഭാഗമാണ്. അതുതന്നെയാണ് പിണറായി സര്‍ക്കാര്‍ നിതിന്‍ അഗര്‍വാളിനെ ഒഴിവാക്കിയതിലെ അയോഗ്യത.
തനിക്ക് വ്യക്തിപരമായി അറിയാവുന്ന ഉദ്യോഗസ്ഥനാണ് നിതിന്‍ അഗര്‍വാള്‍. താന്‍ എം.എല്‍.എ ആയിരുന്ന കാലഘട്ടത്തില്‍ അദ്ദേഹം എസ് പിയായിരുന്നു. സത്യസന്ധനായ ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. പിണറായി സര്‍ക്കാരിന് അങ്ങനെയുള്ളവരെ വേണ്ട. പുതിയ ഡി.ജി.പി റവഡ ചന്ദ്രശേഖര്‍ പ്രധാനമന്ത്രിക്ക് വേണ്ടപ്പെട്ട വ്യക്തിയാണ്. ഇന്റലിജന്‍സ് ബ്യൂറോ സ്‌പെഷ്യല്‍ ഡയറക്ടര്‍ പദവിയും പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയും വഹിച്ചിരുന്ന റവഡ ചന്ദ്രശേഖറെ സംസ്ഥാന ഡി.ജി.പിയായി നിയമിച്ചതിലൂടെ ബി.ജെ.പിയുമായി സി.പി.എമ്മും മുഖ്യമന്ത്രിയും നടത്തിയ രണ്ടാമത്തെ ഡീലാണെന്നും കെ.സി. വേണുഗോപാല്‍ ആരോപിച്ചു.
സ്വന്തം തടിരക്ഷിക്കാന്‍ മുഖ്യമന്ത്രി കൂത്തുപറമ്പ് രക്തസാക്ഷികളെ മറന്നു. പുതിയ ഡി.ജി.പിയോട് വ്യക്തിപരമായി തനിക്ക് വിയോജിപ്പില്ല. പക്ഷെ അദ്ദേഹത്തിനെതിരെ സി.പി.എം മുമ്പ് ഉന്നയിച്ച ആരോപണങ്ങള്‍ കേരളത്തിന്റെ പൊതുമണ്ഡലത്തിലുണ്ട്. അതെല്ലാം ശരിയെന്നാണ് കൂത്തുപറമ്പ് രക്തസാക്ഷികളുടെ കുടുംബത്തെ സി.പി.എം വിശ്വസിപ്പിച്ചിരുന്നത്. അതില്‍ നിന്ന് വ്യതിചലിച്ചതിന്റെ കാരണം ചികഞ്ഞാല്‍ ഇപ്പോഴത്തെ ഡി.ജി.പി നിയമനത്തില്‍ ചില ദുരൂഹത കണ്ടെത്താന്‍ കഴിയും.
പി. ജയരാജന്റെത് സ്വാഭാവിക പ്രതികരണമാണ്. എന്നാല്‍ സി.പി.എമ്മിലെ മറ്റുനേതാക്കള്‍ ഭയന്ന് പ്രതികരിക്കുന്നില്ല. കൂത്തുപറമ്പ് വെടിവെപ്പുമായി ബന്ധപ്പെട്ട് അന്ന് റവഡ ചന്ദ്രശേഖരനെതിരെ ഉന്നയിച്ച ആരോപണം സി.പി.എമ്മിന് പറ്റിയ തെറ്റായിരുന്നുവെന്ന് സമ്മതിക്കാനുള്ള ആര്‍ജ്ജവം കാണിക്കണമെന്നും വേണുഗോപാല്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

