റേഷൻകടക്കാർ ജനങ്ങളോടുള്ള ഉത്തരവാദിത്തം മറക്കരുത് -മന്ത്രി അനിൽ
text_fieldsഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കോഴിക്കോട്ട് നടന്ന പ്രതിനിധിസമ്മേളനം മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്യുന്നു
കോഴിക്കോട്: റേഷൻകടകൾ ആധുനികവത്കരിക്കുമെന്ന് ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ. ഓൾ കേരള റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രതിനിധിസമ്മേളനം നളന്ദ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
റേഷൻകടക്കാർ കേരളത്തിന്റെ അന്നദാതാക്കളാണ്. അവരുടെ ആദ്യത്തെ ഉത്തരവാദിത്തം ജനങ്ങളോടാണെന്ന കാര്യം മറക്കരുത്. റേഷൻ ലൈസൻസികളുടെ വരുമാനം വർധിപ്പിക്കുകയാണ് സർക്കാറിന്റെയും ലക്ഷ്യം. അതിനനുസരിച്ച് റേഷൻകടകളും മെച്ചപ്പെടണം. കെ-സ്റ്റോർ എന്ന പദ്ധതിയാണ് സർക്കാർ വിഭാവനം ചെയ്യുന്നത്. മാതൃകാപരമായ റേഷൻകടകൾ സ്മാർട്ട് റേഷൻകടകളായി മാറും. ഇവിടെ കുറെക്കൂടി സേവനങ്ങൾ ലഭ്യമാകണം.
കേരളത്തിന്റെ ഉൽപന്നങ്ങൾ, ബാങ്കിടപാട് അടക്കമുള്ള കാര്യങ്ങളെല്ലാം റേഷൻകടകളിൽ ല്യമാകുന്ന കാലം വരും. നാട്ടിൻപുറങ്ങളിൽ എല്ലാം ലഭിക്കുന്ന കേന്ദ്രങ്ങളായി റേഷൻ കടകൾ മാറണം -മന്ത്രി പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് അഡ്വ. ജോണി നെല്ലൂര്‍ അധ്യക്ഷത വഹിച്ചു. സി.വി. മുഹമ്മദ്, ബി. സഹദേവന്, സെബാസ്റ്റ്യന്‍ ചൂണ്ടേല്, ബി. ഉണ്ണികൃഷ്ണ പിള്ള, പി. പവിത്രന്, ജോസ് കാവനാട്, മോഹനന് പിള്ള എന്നിവർ സംസാരിച്ചു.