ചർച്ച അലസി; 27 മുതൽ റേഷൻകടകൾ അടച്ചിടും
text_fieldsതിരുവനന്തപുരം: വേതന പരിഷ്കരണവുമായി ബന്ധപ്പെട്ട് ഭക്ഷ്യമന്ത്രി ജി.ആർ. അനിലുമായി റേഷൻ വ്യാപാരി സംഘടനകൾ നടത്തിയ ചർച്ച അലസി. തുടർന്ന് ഈ മാസം 27 മുതല്‍ അനിശ്ചിതകാലത്തേക്ക് റേഷൻകടകൾ അടച്ചിടാൻ റേഷൻ ഡീലേഴ്സ് കോ-ഓഡിനേഷൻ സംസ്ഥാന സമിതി തീരുമാനിച്ചു. ഭരണപക്ഷ റേഷൻ വ്യാപാരി സംഘടനകളായ കേരള റേഷൻ എംപ്ലോയീസ് യൂനിയൻ (സി.ഐ.ടി.യു), കേരള റേഷൻ എംപ്ലോയീസ് ഫെഡറേഷനും (എ.ഐ.ടി.യു.സി) സമരത്തിൽ പങ്കാളികളാകുമെന്ന് കോഓഡിനേഷൻ സംസ്ഥാന കമ്മിറ്റി ജന. കൺവീനർ അഡ്വ. ജോണി നെല്ലൂർ അറിയിച്ചു.
45 ക്വിന്റൽ റേഷൻ ഭക്ഷ്യധാന്യം വിൽക്കുന്ന വ്യാപാരിക്ക് 18,000 രൂപയാണ് കമീഷൻ ലഭിക്കുന്നത്. എന്നാൽ, സംസ്ഥാനത്ത് 14,000ത്തോളം വരുന്ന വ്യാപാരികളിൽ ഏഴായിരത്തോളം പേർക്കും 18,000 രൂപയിൽ താഴെയാണ് വരുമാനം. ഈ സാഹചര്യത്തിൽ 18,000 രൂപ 30,000 ആക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. എട്ടുവര്‍ഷം മുമ്പ് സർക്കാർ നിശ്ചയിച്ച വേതന പാക്കേജ് പരിഷ്കരിക്കണമെന്ന ആവശ്യം ന്യായമാണെന്നും നിലവിലെ സാമ്പത്തിക സാഹചര്യത്തിൽ വേതന വർധന നടപ്പാക്കാൻ കഴിയില്ലെന്നും മന്ത്രി അനിൽ അറിയിച്ചു. ഓരോ മാസത്തെ കമീഷനും അടുത്തമാസം 10ാം തീയതിക്കകം നൽകാമെന്ന് സർക്കാർ പലതവണ ഉറപ്പ് നൽകിയിരുന്നെങ്കിലും നവംബർ, ഡിസംബർ മാസങ്ങളിലെ കമീഷൻ ജനുവരി 20 ആയിട്ടും ലഭിച്ചിട്ടില്ലെന്ന് ജോണി നെല്ലൂർ അറിയിച്ചു.
റേഷൻ വ്യാപാരികളുടെ പെൻഷൻ 1500 രൂപയിൽ നിന്ന് 2000 ആക്കുന്നതിലടക്കം സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചിട്ടുണ്ടെന്നും അതിനാൽ സമരത്തിൽ നിന്ന് വിട്ടുനിൽക്കണമെന്നും മന്ത്രി അഭ്യർഥിച്ചെങ്കിലും കോഓഡിനേഷൻ സംസ്ഥാന കമ്മിറ്റി ചെയർമാനും ഭരണകക്ഷി എം.എൽ.എയുമായ ജി. സ്റ്റീഫനടക്കമുള്ളവർ ആവശ്യം തള്ളി. ആറുമാസത്തിനുള്ളില്‍ പ്രശ്നം പരിഹരിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയിട്ട് എട്ടുവര്‍ഷം കഴിഞ്ഞു. സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ ഇനിയും നീട്ടിവെക്കാനുള്ള തീരുമാനം അംഗീകരിക്കാനാവില്ലെന്ന നിലപാടിൽ നേതാക്കള്‍ ഉറച്ചുനിന്നതോടെ, ചർച്ച അലസി. 27 മുതലുള്ള സമരം ജനങ്ങളോടോ സർക്കാറിനോടോ ഉള്ള വെല്ലുവിളിയല്ലെന്നും ജീവിക്കാനുള്ള 14,000ത്തോളം വരുന്ന കുടുംബങ്ങളുടെ സഹനസമരമാണെന്നും അതിനാൽ കാർഡുടമകൾ സഹകരിക്കണമെന്നും ജോണി നെല്ലൂർ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.