ചർച്ച പരാജയം; സംസ്ഥാനത്ത് ഇന്ന് റേഷൻകടകൾ അടച്ചിട്ടും
text_fieldsതിരുവനന്തപുരം: റേഷൻ കടകളിൽ വിതരണംചെയ്യുന്ന ഭക്ഷ്യധാന്യങ്ങളുടെ തൂക്കക്കുറവ് പരിഹരിക്കണമെന്നാവശ്യപ്പെട്ടും വെല്ലൂരിപദം റേഷൻകട വ്യാപാരിയുടെ ആത്മഹത്യ കടബാധ്യതയെ തുടർന്നാണെന്നും ആരോപിച്ച് ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി കടകൾ അടച്ചിട്ടും.
സമരം പിൻവലിക്കാൻ ഭക്ഷ്യമന്ത്രി പി. തിലോത്തമൻ ഞായറാഴ്ച കായംകുളത്ത് ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ ഭാരവാഹികളുമായി ചർച്ചനടത്തിയെങ്കിലും സമരത്തിൽനിന്ന് പിന്മാറില്ലെന്ന് പ്രസിഡൻറ് ജോണി നെല്ലൂർ അറിയിച്ചു. കേന്ദ്ര ഭക്ഷ്യഭദ്രത നിയമപ്രകാരം സർക്കാർ വ്യാപാരികൾക്കായി പ്രഖ്യാപിച്ച വേതനപാക്കേജ് പൂർണമായി നടപ്പാക്കിയിട്ടില്ല. മുഖ്യമന്ത്രി പ്രഖ്യാപിച്ച പാക്കേജിനെ അട്ടിമറിക്കുന്ന നടപടികളാണ് ഭക്ഷ്യവകുപ്പിലെ ഒരുവിഭാഗം ഉദ്യോഗസ്ഥർ കൈക്കൊണ്ടിരിക്കുന്നതെന്നും ജോണി നെല്ലൂർ ആരോപിച്ചു.
റേഷൻകടകളിൽ എത്തുന്ന ഭക്ഷ്യധാന്യത്തിൽ നാല് മുതൽ രണ്ടുകിലോ വരെ തൂക്കക്കുറവുണ്ടെന്നും മന്ത്രിയുടെ ഉദ്യോഗസ്ഥർ തന്നെ കണ്ടെത്തിയിട്ടും കുറ്റക്കാർക്കെതിരെ നടപടിയെടുക്കാനോ ചാക്കുകൾ കൃത്യമായി തൂക്കിത്തരാനോ നടപടിയുണ്ടായിട്ടില്ലെന്ന് ജനറൽ സെക്രട്ടറി ടി. മുഹമ്മദാലി യോഗത്തിൽ ആരോപിച്ചു. തൂക്കക്കുറവുള്ള റേഷൻ ചാക്കുകൾ കൈപ്പറ്റേണ്ടെന്നും ഡിപ്പോകളിലെത്തി തൂക്കം ഉറപ്പാക്കുകയാണ് വേണ്ടതെന്നും മന്ത്രി തിലോത്തമൻ പറഞ്ഞെങ്കിലും വ്യാപാരികൾ അംഗീകരിച്ചില്ല.
ഡിപ്പോയിലെത്തി തൂക്കം ഉറപ്പാക്കാൻ കഴിയില്ലെന്നും കടകളിലെത്തുന്ന സമയത്ത് തൂക്കം ഉറപ്പാക്കി നൽകണമെന്നുമായിരുന്നു ഇവരുടെ ആവശ്യം. ഇതിന് നടപടികൾ സ്വീകരിക്കാമെന്ന് മന്ത്രി ഉറപ്പ് നൽകി.തുടർന്ന് വ്യാപാരികൾക്ക് സർക്കാർ പ്രഖ്യാപിച്ച വേതന പാക്കേജിനെ സംബന്ധിച്ചും ചൂടേറിയ ചർച്ച നടന്നു. മുഖ്യമന്ത്രി പ്രഖ്യാപിച്ച പാക്കേജിൽ 45 ക്വിൻറൽ ഭക്ഷ്യധാന്യം വിൽക്കുന്ന വ്യാപാരിക്ക് കുറഞ്ഞത് 16000 രൂപ നൽകാമെന്നായിരുന്നു വാഗ്ദാനം.
എന്നാൽ ഉത്തരവിറങ്ങിയപ്പോൾ അത് 73 ക്വിൻറലായി മാറുകയായിരുെന്നന്നും വ്യാപാരികൾ ചൂണ്ടിക്കാട്ടി. നിലവിൽ 45 ക്വിൻറൽ ഭക്ഷ്യധാന്യം വിൽക്കുന്ന കടക്കാരന് ലഭിക്കുന്നത് 6000 രൂപക്ക് താഴെ മാത്രമാണ്. ഇത്തരത്തിൽ കടകൾ നടത്തിക്കൊണ്ടുപോകാനാവില്ലെന്നും ഭാരവാഹികൾ പറഞ്ഞു.ഏപ്രിൽ 16നുള്ളിൽ സംസ്ഥാനത്തെ എല്ലാ റേഷൻകടകളിലും ഇ-പോസ് യന്ത്രം സ്ഥാപിക്കുമെന്നും അതുവരെ വ്യാപാരികൾ സർക്കാറുമായി സഹകരിക്കണമെന്നുമായിരുന്നു മന്ത്രിക്ക് പറയാനുണ്ടായിരുന്നത്. മന്ത്രിയുടെ അഭ്യർഥന തള്ളിയ പ്രതിനിധികൾ തിങ്കളാഴ്ച പ്രഖ്യാപിച്ച കടയടപ്പ് സമരത്തിൽനിന്ന് പിന്മാറേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
