നവംബർ ആറു മുതൽ റേഷൻ വ്യാപാരികളുടെ അനിശ്ചിതകാല സമരം
text_fieldsകോഴിക്കോട്: വിവിധ ആവശ്യങ്ങളുന്നയിച്ച് റേഷൻ ഡീലേഴ്സ് സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ നവംബർ ആറു മുതൽ അനിശ്ചിതകാല സമരം നടത്തുമെന്ന് സംസ്ഥാന ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
മേയ് 31ന് മുഖ്യമന്ത്രി പ്രഖ്യാപിച്ച വേതന പാക്കേജ് നടപ്പാക്കുക, റേഷൻ കടകൾ നവീകരിച്ച് ഇ-പോസ് മെഷീൻ സ്ഥാപിക്കുക, വാതിൽപടി വിതരണം നടത്തുമ്പോൾ അളവും തൂക്കവും കൃത്യമാവാൻ നടപടിയെടുക്കുക, കാർഡുടമകൾക്ക് വിതരണത്തെക്കുറിച്ച് സന്ദേശമയക്കും മുമ്പ് റേഷൻ സാധനങ്ങൾ കടയിലെത്തിയെന്ന് ഉറപ്പുവരുത്തുക, റേഷൻ വ്യാപാരികൾക്ക് മാസവും 10നു മുമ്പ് വേതനം നൽകാൻ നടപടി സ്വീകരിക്കുക, ഒറ്റ ലൈസൻസി എന്ന വാഗ്ദാനം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.
ഓണക്കാലത്തും മറ്റും സ്പെഷൽ അരി, പഞ്ചസാര എന്ന പേരിൽ ഉപഭോക്താക്കളുടെ ഫോണിലേക്ക് സന്ദേശമയക്കുന്ന ഉദ്യോഗസ്ഥർ ഇതിനാവശ്യമായ സ്റ്റോക് ഉണ്ടോ എന്ന കാര്യം അന്വേഷിക്കുന്നില്ല. ഇക്കാര്യം മുഖ്യമന്ത്രിയുടെയും ഭക്ഷ്യമന്ത്രിയുടെയും ശ്രദ്ധയിൽപെടുത്തിയിട്ടും നടപടിയായില്ല. ഉദ്യോഗസ്ഥരും ഭക്ഷ്യമാഫിയയും ചേർന്ന് ഭക്ഷ്യസുരക്ഷ നിയമം അട്ടിമറിക്കുകയാണെന്നും അവർ കുറ്റപ്പെടുത്തി. കോഒാഡിനേഷൻ ചെയർമാൻ ജോണി നെല്ലൂർ, കൺവീനർ ടി. മുഹമ്മദാലി, ട്രഷറർ ഇ. അബൂബക്കർ ഹാജി എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
