റേഷൻകടയുടെ മുഖം മാറും; കരിഞ്ചന്തയുടെ വേരറുക്കും
text_fieldsതിരുവനന്തപുരം: കരിഞ്ചന്തയുടെ വേരറുക്കാൻ റേഷൻകടകളുടെ മുഖച്ഛായ മാറ്റുന്നു. റേഷനരി പാക്കറ്റിൽ വിതരണം ചെയ്യുന്നതുമുതൽ കടകളുടെ നവീകരണം വരെ നീളുന്നതാണ് ഭക്ഷ്യവകുപ്പിെൻറ പദ്ധതി. കേന്ദ്ര ഭക്ഷ്യഭദ്രത നിയമത്തിെൻറ ചുവടുപിടിച്ചുള്ള മാറ്റത്തിൽ വ്യാപാരികൾക്ക് കൂടുതൽ സാമ്പത്തികലാഭവും ലക്ഷ്യമിടുന്നു.
ഇ-പോസ് മെഷീൻ വഴി ഭക്ഷ്യധാന്യവിതരണം ആരംഭിച്ചതോടെ കടകളിലെ തിരിമറി തടയാനായി. എങ്കിലും ഗോഡൗണുകളിൽനിന്ന് പൊതുവിപണിയിലേക്കുള്ള ചോർച്ച തുടരുകയാണ്. ഫുഡ് കോർപറേഷൻ ഒാഫ് ഇന്ത്യയിൽനിന്ന് (എഫ്.സി.െഎ) സപ്ലൈകോ ഏറ്റെടുത്ത് ഗോഡൗണുകളിലെത്തിക്കുന്ന ചാക്കരി ഉദ്യോഗസ്ഥരും തൊഴിലാളികളും കുത്തിയെടുക്കുകയാണ് പതിവ്. ഇതോടെ കടകളിലെത്തുന്ന ഓരോ ചാക്കിലും രണ്ടുമുതൽ നാലുകിലോ കുറവുണ്ടാകുമെന്നാണ് വ്യാപാരികളുടെ പരാതി.
ഭക്ഷ്യഭദ്രത നിയമപ്രകാരം ഗോഡൗണിൽ വ്യാപാരിക്ക് മുന്നിൽ ചാക്കുകളുടെ തൂക്കം ഉറപ്പുവരുത്തണമെന്നാണ് ചട്ടമെങ്കിലും ഭൂരിഭാഗം ഗോഡൗണുകളിലും ഉദ്യോഗസ്ഥരുടെ ഒത്താശയോടെ തൊഴിലാളികളുടെ ഗുണ്ടായിസമാണ് നടക്കുന്നതെന്നാണ് ആക്ഷേപം. ഇതിനെതിരെ നിരവധി പരാതികളാണ് ഭക്ഷ്യമന്ത്രിക്കും മുഖ്യമന്ത്രിക്കും റേഷൻ വ്യാപാരി സംഘടനകൾ നൽകിയത്. ഇതിെൻറ അടിസ്ഥാനത്തിലാണ് റേഷൻ അരി പാക്കറ്റുകളിലാക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നത്. പാക്കറ്റിലൂടെ ആട്ട വിതരണം ചെയ്യുന്ന മാതൃകയിലാകും അരി വിതരണവും.
പ്രതിമാസം 11.80 ലക്ഷം കിൻറൽ അരിയാണ് 80,24,449 കാർഡുടമകൾക്ക് എഫ്.സി.ഐയിൽ എത്തുന്നത്. സപ്ലൈകോ പണം അടച്ചശേഷം എഫ്.സി.ഐയിൽനിന്ന് മില്ലുടമകൾ നേരിട്ട് അരി ഏറ്റെടുക്കണം. ഇവർ മില്ലുകളിൽ എത്തിച്ച് വൃത്തിയാക്കി 10, അഞ്ച്, രണ്ട്, ഒന്ന് കിലോ പാക്കറ്റാക്കി ‘ബ്രാൻഡഡ് അരി’യായി റേഷൻ കടകളിലെത്തിക്കും. ഇതോടെ കൃത്യമായ തൂക്കത്തിൽ അരി വ്യാപാരിക്ക് മുന്നിലെത്തും.
സപ്ലൈകോ വഴി വിതരണം ചെയ്യുന്ന സർക്കാർ സബ്സിഡി ഇല്ലാത്ത സാധനങ്ങളും (നോൺ മാവേലി) ശബരി ഉൽപന്നങ്ങളും സപ്ലൈകോ നിരക്കിൽ റേഷൻകട വഴി വിതരണം ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്. വേതനപാക്കേജിൽ അതൃപ്തരായ വ്യാപാരികൾക്ക് മറ്റൊരു വരുമാനമാർഗമാണ് ലക്ഷ്യം.
റേഷൻ കടയുടെ ഷട്ടറിന് ചുവപ്പ്, മഞ്ഞ, വെള്ള നിറങ്ങൾ ശ്രേണിയായി നൽകാനും ലൈസൻസിക്ക് ഫോട്ടോ പതിപ്പിച്ച ഐ.ഡി കാർഡ് നൽകാനുമുള്ള നടപടി അന്തിമഘട്ടത്തിലാണ്. പരീക്ഷണാടിസ്ഥാനത്തിൽ കണ്ണൂർ തളാപ്പിലെ എ.ആർ.ഡി 121 കടയാണ് ഇതിന് തെരഞ്ഞെടുത്തിരിക്കുന്നത്.
പദ്ധതി വിജയിച്ചാൽ ലക്ഷങ്ങൾ വാടക കൊടുക്കുന്ന ഗോഡൗണുകളിൽ ഭൂരിഭാഗവും ഒഴിവാക്കാം. മാത്രമല്ല വാതിൽപ്പടി വിതരണവുമായി ബന്ധപ്പെട്ട് പുതിയ തസ്തികകൾ സൃഷ്ടിക്കുകയും വേണ്ട. പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് സ്വകാര്യ മില്ലുടമകളുമായി ഭക്ഷ്യവകുപ്പിെൻറ പ്രാഥമിക ചർച്ച പൂർത്തിയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
