റേഷൻ വ്യാപാരികളുടെ കുറഞ്ഞ വേതനം 18,000 രൂപയാകും
text_fieldsതിരുവനന്തപുരം: കേന്ദ്ര ഭക്ഷ്യഭദ്രത നിയമപ്രകാരം സംസ്ഥാനത്ത് റേഷൻ വ്യാപാരികളുടെ കുറഞ്ഞ വേതനം 16,000 രൂപയിൽനിന്ന് 18,000 രൂപയായി ഉയർത്തി പുതിയ പാക്കേജിന് ഭക്ഷ്യവകുപ്പ് രൂപം നൽകി. പാക്കേജ് ധനകാര്യവകുപ്പിെൻറ അംഗീകാരത്തിന് ഉടൻ സമർപ്പിക്കും.നേരത്തേ 45 മുതൽ 72 ക്വിൻറൽ വരെയുള്ളവർക്ക് സർക്കാർ സഹായധനവും കമീഷനുമടക്കം 16,000 രൂപയായിരുന്നെങ്കിൽ ഇനി 45 ക്വിൻറൽവരെ വിൽക്കുന്നവർക്ക് 18,000 രൂപ അടിസ്ഥാന ശമ്പളവും 45നു ശേഷം വിൽക്കുന്ന ഓരോ ക്വിൻറലിനും 180 രൂപ കമീഷനും ലഭിക്കും. 45 ക്വിൻറലിന് താഴെ വിൽപനയുള്ള വ്യാപാരിക്ക് സഹായ ധനമായി 8500 രൂപയും വിൽക്കുന്ന ഓരോ ക്വിൻറലിന് 220 രൂപ കമീഷനും ലഭിക്കും.
പുതിയ പാക്കേജ് പ്രകാരം 75 ക്വിൻറൽ വിൽക്കുന്നവർക്ക് 23,400, 100 ക്വിൻറലിന് 27,900, 175 ക്വിൻറലിന് 41,400, 200 ക്വിൻറിലിന് 45,900 രൂപ വീതം വേതനം ലഭിക്കും. പ്രതിമാസ വിൽപന 70 ശതമാനത്തിൽ താഴെയാണെങ്കിൽ കമീഷനിലും ആനുപാതിക കുറവുണ്ടാകും. 60-70 ശതമാനത്തിനിടയിൽ വിൽപന നടത്തുന്ന വ്യാപാരിക്ക് സഹായധനമായി നൽകുന്ന തുകയിൽനിന്ന് 20 ശതമാനം വെട്ടിക്കുറക്കും. 60 ശതമാനത്തിൽ താഴെയാണ് വിറ്റുവരവെങ്കിൽ 40 ശതമാനവും കുറക്കും. പാക്കേജ് പരിഷ്കരണം വഴി പ്രതിവർഷം 80 കോടിയുടെ അധികബാധ്യത സർക്കാറിനുണ്ടാകും. ഇതു മറികടക്കാൻ റേഷൻകട വഴി വിതരണം ചെയ്യുന്ന ഭക്ഷ്യധാന്യങ്ങൾക്ക് നേരിയ തോതിൽ വിലവർധിപ്പിക്കാനും സാധ്യതയുണ്ട്.
കഴിഞ്ഞ നവംബർ എട്ടിനാണ് വ്യാപാരികളുടെ കുറഞ്ഞ വേതനം 16,000 രൂപയാക്കി 348 കോടിയുടെ പാക്കേജിന് സർക്കാർ അംഗീകാരം നൽകിയത്. പാക്കേജ് അംഗീകരിക്കാൻ കഴിയില്ലെന്നായിരുന്നു വ്യാപാരികളുടെ നിലപാട്. സംസ്ഥാനത്ത് 14,374 റേഷൻ കടകളിൽ 2720 എണ്ണവും 45 കിൻറലിന് താഴെ വിറ്റുവരവുള്ളവയാണ്. ഇവയെ പാക്കേജിൽ ഉൾപ്പെടുത്തിയിരുന്നില്ല. പകരം 6100 രൂപ സഹായധനവും കമീഷനും മാത്രമാണ് നൽകിയത്. ഇതോടെ ഭൂരിഭാഗം കടകളും അടച്ചുപൂട്ടലിെൻറ വക്കിലായി. തുടർന്നാണ് വേതനം പരിഷ്കരിക്കാൻ ഭക്ഷ്യവകുപ്പ് സെക്രട്ടറി മിനി ആൻറണി അധ്യക്ഷയായ സബ് കമ്മിറ്റിക്ക് രൂപം നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
