റേഷൻ റൈറ്റ് കാർഡ് പദ്ധതി; മുഖംതിരിച്ച് അന്തർ സംസ്ഥാന തൊഴിലാളികൾ
text_fieldsRepresentational Image
ആലപ്പുഴ: കേരളത്തിൽ തൊഴിൽതേടി എത്തുന്നവർക്ക് റേഷൻ സാധനങ്ങൾ ലഭ്യമാക്കാനുള്ള ‘റേഷൻ റൈറ്റ് കാർഡ്’ പദ്ധതിയോട് മുഖംതിരിച്ച് അന്തർ സംസ്ഥാന തൊഴിലാളികൾ. ആധാർ കാർഡ് സ്വന്തംനാട്ടിലെ റേഷൻ കാർഡുമായി ബന്ധിപ്പിച്ചവർക്ക് മാത്രമാണ് റേഷൻ ലഭിക്കുക. എന്നാൽ, തൊഴിലാളികൾ സഹകരിക്കാത്തതിനാൽ പദ്ധതിയുമായി മുന്നോട്ടുപോകാനാവാത്ത അവസ്ഥയിലാണ് അധികൃതർ.
ജില്ലയിലെ ആറ് താലൂക്കിലും റേഷൻ റൈറ്റ് കാർഡ് പ്രവർത്തനം പ്രതിസന്ധിയിലാണ്. കാർഡ് എടുക്കുന്നതുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണ മാറ്റാൻ ബോധവത്കരണം ഉൾപ്പെടെ നടത്താനുള്ള തയാറെടുപ്പിലാണ് സിവിൽ സപ്ലൈസ് വകുപ്പ്.
‘ഒരു രാജ്യം ഒരു റേഷൻ കാർഡ്’ പദ്ധതിയുടെ ഭാഗമായാണ് റേഷൻ റൈറ്റ് കാർഡ് ആവിഷ്കരിച്ചത്. തമിഴ്, കന്നട, അസം, ബംഗാൾ, ഒഡിഷ ഭാഷകളിൽ കാർഡ് തയാറാക്കും. ജില്ലയിൽ ഇതുവരെ 173 പേര്‍ക്ക് കാർഡ് വിതരണം ചെയ്തു.
2013ലെ ദേശീയ ഭക്ഷ്യഭദ്രത നിയമം അനുസരിച്ച് ദരിദ്രവിഭാഗത്തിൽ ഉൾപ്പെടുന്ന റേഷൻ കാർഡുടമകൾക്കും അംഗങ്ങൾക്കും ഏതു സംസ്ഥാനത്തുനിന്നും അവരുടെ റേഷൻ വിഹിതം കൈപ്പറ്റാം.
എന്നാൽ, ഇക്കാര്യത്തിൽ അന്തർസംസ്ഥാന തൊഴിലാളികൾക്ക് വേണ്ടത്ര പരിജ്ഞാനമില്ലെന്ന് കണ്ടെത്തിയാണ് വിവിധ ഭാഷകളിൽ തയാറാക്കിയ റേഷൻ റൈറ്റ് കാർഡ് പദ്ധതിക്ക് സംസ്ഥാന സർക്കാർ രൂപംനൽകിയത്.
സിവിൽ സപ്ലൈസ് അധികൃതർ തൊഴിലാളികളിൽനിന്ന് ശേഖരിക്കുന്ന ആധാർ വിവരങ്ങൾ റേഷൻ സോഫ്റ്റ്വെയറിൽ പരിശോധിച്ചാണ് ഇവരുടെ നാട്ടിലെ റേഷൻകാർഡ് കണ്ടെത്തുന്നത്. പേരും വിവരങ്ങളും നൽകിയശേഷം ആധാർ നമ്പർ പിന്നീട് തരാമെന്ന് പറഞ്ഞ് മുങ്ങിയ തൊഴിലാളികൾ തിരിച്ചെത്തിയിട്ടില്ല. അഞ്ചുകിലോ റേഷൻ സാധനങ്ങളാണ് ലഭിക്കുക.
ആദ്യം സിവിൽ സപ്ലൈസ് വകുപ്പ് നടത്തിയ വിവരശേഖരണത്തിൽ തൊഴിലാളികൾ നിസ്സഹകരിച്ചിരുന്നു. ജനപ്രതിനിധികളുടെയും തൊഴിലാളികളുടെ കരാറുകാരുടെയും സഹകരണത്തോടെയാണ് വിവരങ്ങൾ ശേഖരിച്ചത്.
കൂടുതൽ കുട്ടനാട്ടിൽ; കുറവ് ചേർത്തലയിൽ
റേഷൻ ലഭിക്കാൻ ഏറ്റവുമധികം തൊഴിലാളികൾ കാർഡ് വാങ്ങിയത് കുട്ടനാട് താലൂക്കിലാണ്. ഇവിടെ 61 എണ്ണമുണ്ട്. അറ് പേർമാത്രമുള്ള ചേർത്തല താലൂക്കിലാണ് ഏറ്റവും കുറവ്. മാവേലിക്കര- 47, കാര്‍ത്തികപ്പള്ളി- 34, അമ്പലപ്പുഴ- 15, ചെങ്ങന്നൂർ- 10 എന്നിങ്ങനെയാണ് മറ്റ് താലൂക്കിലെ കണക്ക്. കേരളത്തിൽനിന്ന് റേഷൻ റൈറ്റ് കാർഡ് ഉപയോഗിച്ച് റേഷൻ വാങ്ങിയാൽ നാട്ടിലെ റേഷൻകാർഡിൽനിന്നുള്ള വിഹിതം കുറയുമെന്ന് ഭയന്നാണ് പലരും ആധാർ നമ്പർ നൽകാത്തത്.
കൂടുതൽ അന്തർ സംസ്ഥാന തൊഴിലാളികൾക്ക് റേഷൻ കാർഡ് ഉറപ്പുവരുത്താൻ താലൂക്കുകൾ കേന്ദ്രീകരിച്ച് ക്യാമ്പ് നടത്തിയെങ്കിലും ഫലമുണ്ടായില്ല. സഹകരിച്ചത് ചുരുക്കംപേർ മാത്രമാണ്. പദ്ധതി സംബന്ധിച്ച വിശദീകരണം പൂർണമായ അർഥത്തിൽ ഉൾക്കൊള്ളാൻ തൊഴിലാളികൾക്ക് സാധിച്ചിട്ടില്ലെന്നാണ് അധികൃതരുടെ വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

