റേഷൻ; സെർവർ തകരാറിൽ മലക്കം മറിഞ്ഞ് ഭക്ഷ്യമന്ത്രി, ഇത്തവണ പഴി ജനത്തിന്
text_fieldsതിരുവനന്തപുരം: സെർവർ പ്രശ്നത്തെ തുടർന്ന് സംസ്ഥാനത്ത് റേഷൻ വിതരണം മുടങ്ങുന്നത് പതിവായതോടെ വിഷയത്തിൽ മലക്കം മറിഞ്ഞ് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ. കാർഡുടമകൾ ഒരുമിച്ച് റേഷൻ വാങ്ങാനെത്തുന്നതുകൊണ്ടുള്ള പ്രശ്നമാണ് ഇപ്പോഴുള്ളതെന്നും ഇത് പരിഹരിക്കാൻ ക്രമീകരണം ഏർപ്പെടുത്തിയെങ്കിലും ജനങ്ങൾ സഹകരിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. നിയമസഭയിൽ ഇ.ടി. ടൈസണ് ഉന്നയിച്ച ശ്രദ്ധക്ഷണിക്കലിനുള്ള മറുപടിയിലാണ് ഇക്കാര്യം പറഞ്ഞത്. റേഷൻ വിതരണം നീട്ടിക്കിട്ടാൻ ഒരുവിഭാഗം വ്യാപാരികൾ ഉണ്ടാക്കുന്നതാണ് ഇ-പോസ് തകരാറെന്നായിരുന്നു കഴിഞ്ഞ നിയമസഭ സമ്മേളനത്തിൽ മന്ത്രിയുടെ വാദം. ഇതിനെതിരെ വ്യാപാരികളിൽനിന്ന് ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. തുടർന്നാണ് ഇത്തവണ പഴി കാർഡുടമകളുടെ തലയിൽ വെച്ചുകെട്ടിയത്.
മാസത്തിൽ കുറഞ്ഞത് 20 ദിവസമെങ്കിലും കാർഡുടമകൾക്ക് റേഷൻ വാങ്ങാൻ അവസരമുള്ളപ്പോഴും അവസാന നാല്-അഞ്ച് ദിവസങ്ങളിൽ മാത്രമേ വാങ്ങൂ. ഈ രീതിയിൽ മാറ്റം വരുത്തേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. ആയിരക്കണക്കിന് ഇടപാടുകൾ ഒരേ സമയത്തുണ്ടാകുന്നത് സിസ്റ്റത്തിൽ തടസ്സത്തിന് കാരണമായേക്കാമെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഏഴ് ജില്ലകളിൽ രാവിലെയും ബാക്കി ജില്ലകളിൽ വൈകീട്ടുമായി സമയ ക്രമീകരണം നടപ്പാക്കിയത്.
എന്നിട്ടും മാസത്തിന്റെ അവസാന ദിവസങ്ങളിൽ മാത്രമാണ് കാർഡുടമകൾ റേഷൻ വാങ്ങാനെത്തുന്നത്. ഇതു മറികടക്കാൻ മഞ്ഞ, പിങ്ക്, നീല, വെള്ള കാർഡുടമകൾക്ക് പ്രത്യേക ദിവസങ്ങൾ അനുവദിക്കുന്ന കാര്യം പരിശോധിക്കുന്നുണ്ടെന്നും ഈ മാസം 10ന് എൻ.ഐ.സി ഹൈദരാബാദിലെ ഉദ്യോഗസ്ഥരുടെ യോഗം തിരുവനന്തപുരത്ത് വിളിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
അതേസമയം, സെർവറിന്റെ ശേഷി വർധിപ്പിക്കാതെ ജനങ്ങളുടെ മേൽ പഴിചാരിയിട്ട് കാര്യമില്ലെന്ന് വ്യാപാരികൾ പറയുന്നു. തിരക്ക് കുറവായിരുന്നിട്ടും തിങ്കളാഴ്ച തിരുവനന്തപുരം ജില്ലയിലടക്കം ഇ-പോസ് മെഷീനിൽ തടസ്സം നേരിട്ടു. റേഷൻ വ്യാപാരികളെ മോശക്കാരാക്കി പ്രസ്താവന നടത്തിയ മന്ത്രി അതു തിരുത്തിയതിൽ സന്തോഷമുണ്ടെന്ന് ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

