ബിഷപ്പ് ഫ്രാങ്കോ മുളക്കൽ കേസിലെ കന്യാസ്ത്രീ താമസിക്കുന്ന മഠത്തിന് റേഷൻ കാർഡ് അനുവദിച്ചു; മന്ത്രി നേരിട്ട് കൈമാറും
text_fieldsതിരുവനന്തപുരം: ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ ബലാത്സംഗ പരാതി നൽകിയ അതിജീവിത സിസ്റ്റർ റാണിറ്റിനും സഹ അന്തേവാസികളായ രണ്ട് കന്യാസ്ത്രീകൾക്കും റേഷൻ കാർഡ് അനുവദിക്കുമെന്ന് ഭക്ഷ്യ -സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ. ഭക്ഷണത്തിന് പോലും പ്രയാസപ്പെടുന്ന ഇവരുടെ ദുരിതം വാർത്തയായതിന് പിന്നാലെയാണ് മന്ത്രിയുടെ ഇടപെടൽ.
കന്യാസ്ത്രീകൾ താമസിക്കുന്ന കുറവിലങ്ങാട് മഠത്തിന് ഇതുവരെ റേഷൻ ലഭ്യമായിട്ടില്ല. ഇതേക്കുറിച്ച് അന്വേഷിക്കാൻ കോട്ടയം ജില്ല സിവിൽ സപ്ലൈസ് ഓഫിസറെ ചുമതലപ്പെടുത്തിയിരുന്നു. തുടർന്ന് അദ്ദേഹവും താലൂക്ക് സപ്ലൈ ഓഫിസറും മഠം സന്ദർശിക്കുകയും റേഷൻ കാർഡ് ലഭിച്ചിട്ടില്ലെന്ന് ബോധ്യപ്പെടുകയും ചെയ്തു. ഇവരിൽ രണ്ട് കന്യാസ്ത്രീകൾക്ക് അവരുടെ നാടുകളിൽ റേഷൻ കാർഡിൽ പേരുണ്ട്. ഇത് താമസിക്കുന്ന സ്ഥലത്തേക്ക് മാറ്റി പുതിയ കാർഡ് അനുവദിച്ചു. ഇന്ന് കോട്ടയത്ത് പോകുന്ന താൻ നേരിട്ട് തന്നെ റേഷൻ കാർഡ് കന്യാസ്ത്രീകൾക്ക് കൈമാറുമെന്ന് മന്ത്രി അറിയിച്ചു. ആദ്യം അവർക്ക് ഭക്ഷണം ലഭ്യമാക്കാനുള്ള മാർഗം ശരിയാക്കും. തുടർന്ന് അവർ ഉന്നയിച്ച മറ്റുവിഷയങ്ങളിൽ ആവശ്യമായ ഇടപെടൽ നടത്തുമെന്നും മന്ത്രി പറഞ്ഞു.
തങ്ങൾ അനുഭവിക്കുന്ന ദുരിതം കഴിഞ്ഞ ദിവസം സിസ്റ്റർ റാണറ്റ് മാധ്യമങ്ങളോട് തുറന്നുപറഞ്ഞിരുന്നു. നടി ആക്രമിക്കപ്പെട്ട കേസിലെ അതിജീവിതയിൽനിന്ന് ലഭിച്ച പ്രചോദനമാണ് തങ്ങളുടെ കാര്യങ്ങൾ കേരളത്തോട് തുറന്നു പറയാൻ പ്രേരണയായതെന്ന് അവർ പറഞ്ഞു. ‘നടി ആക്രമിക്കപ്പെട്ട കേസിലെ വിധി എന്നെ വല്ലാതെ വേദനിപ്പിച്ചു. സത്യം പറഞ്ഞാല്‍ ആ വിധിയുടെ തലേദിവസവും വിധി വന്നപ്പോഴും ഞാൻ എന്‍റെ പഴയ അനുഭവങ്ങളിലേക്ക് പോയി. അവൾക്ക് നീതി കിട്ടിയില്ല എന്ന് എന്‍റെ ഉള്ള് പറയാൻ തുടങ്ങി. അതുകൊണ്ടാണ് ഞാൻ വീണ്ടും പുറത്തേക്ക് വരാൻ തീരുമാനിച്ചത്. ആക്രമിക്കപ്പെട്ട നടി മുഖ്യമന്ത്രി വിളിച്ച വിരുന്നിന് വിധി വന്ന സമീപ ദിവസത്തില്‍ തന്നെ പോയി. അതെന്നിക്ക് വലിയ പ്രചോദനമായി. എന്തുമാത്രം സഹിച്ചും വേദനിച്ചുമായിരിക്കും ആ നടി ആ വേദിയില്‍ എത്തിയിട്ടുണ്ടാവുക. സഭയെ അധിക്ഷേപിക്കുകയല്ല ചെയ്തത്. സഭാ നേതൃത്വത്തിന്‍റെ നിശബ്ദതയാണ് തെരുവിലേക്കെത്തിച്ചത്. ബിഷപ് ഫ്രാങ്കോ തന്നെ കോട്ടയം എസ്പിക്ക് കേസ് കൊടുക്കുകയായിരുന്നു. അതില്‍ പറയുന്നത് കുറവിലങ്ങാട് താമസിക്കുന്ന സിസ്റ്റർമാർ ബിഷപ് നാട്ടില്‍ വരുമ്പോൾ കൊല്ലാൻ ശ്രമിക്കുന്നു എന്നാണ്. അതിന്‍റെ പേരില്‍ എന്‍റെ സഹോദരനെ കുറവിലങ്ങാട് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. ആ സമയത്താണ് ഞാൻ സഭാ അധികാരികൾക്ക് എഴുതിയ കത്ത് എന്‍റെ സഹോദരന്‍റെ കയ്യില്‍ ഞാൻ കൊടുത്തുവിടുന്നത്. ഇത് നീ പൊലീസുകാരെ കാണിക്കണം എന്നും അവരോട് സത്യം പറയണം എന്നും പറഞ്ഞാണ്. അല്ലെങ്കില്‍ ഇതൊരിക്കലും പുറത്ത് വരില്ലായിരുന്നു’ -സിസ്റ്റർ റാണറ്റ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

