റേഷൻ വാങ്ങിയില്ല; 58,870 കാർഡുകൾ മുൻഗണന വിഭാഗത്തിൽനിന്ന് പുറത്ത്
text_fieldsതിരുവനന്തപുരം: തുടർച്ചയായി മൂന്ന് മാസം റേഷൻ വാങ്ങാത്തതിനെ തുടർന്ന് അനർഹരെന്ന് കണ്ടെത്തിയ അര ലക്ഷത്തിലധികം കാർഡ് ഉടമകളെ മുൻഗണനവിഭാഗത്തിൽനിന്ന് സർക്കാർ പുറത്താക്കി. ഇവർക്ക് ഇനിമുതൽ വെള്ളക്കാർഡായിരിക്കും അനുവദിക്കുക. റേഷൻ വാങ്ങാത്തതിനെ തുടർന്ന് 4337 പേരുടെ നീല കാർഡുകളും വെള്ളക്കാർഡിലേക്ക് മാറ്റാൻ നിർദേശം നൽകിയിട്ടുണ്ട്. പുറത്താക്കിയവർക്ക് പകരം അർഹതയുള്ളവരുടെ അപേക്ഷകൾ പരിഗണിച്ച് വരുംദിവസങ്ങളിൽ മുൻഗണന വിഭാഗത്തിലുൾപ്പെടുത്താനാണ് സർക്കാർ തീരുമാനം.
അപേക്ഷക്കുള്ള അവസാന തീയതി ഡിസംബർ 10. അക്ഷയ കേന്ദ്രങ്ങൾ വഴിയോ സിറ്റിസൺ ലോഗിൻ പോർട്ടൽ ecitizen.civilsupplieskerala.gov.in വഴിയോ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം.
കാർഡ് ‘കീറി’യവർ
- അനർഹരെന്ന് കണ്ട് മുൻഗണനവിഭാഗത്തിൽ പുറത്താക്കിയത്: 58,870 റേഷൻ കാർഡുടമകളെ.
- 6957 മഞ്ഞ കാർഡുകാരും 51,913 പിങ്ക് കാർഡുകാരുമാണിത്.
മഞ്ഞയിൽ നിന്ന് വെട്ടിയവർ
- തിരുവനന്തപുരം ജില്ല - 962
- പാലക്കാട് - 847
- തൃശൂർ - 817
പിങ്ക്
- എറണാകുളം - 7561
- തിരുവനന്തപുരം - 6500
ഓണക്കിറ്റ് വാങ്ങാത്തവർ കുടുങ്ങും
ഓണക്കാലത്ത് സർക്കാറിന്റെ സൗജന്യ ഓണക്കിറ്റ് കൈപ്പറ്റാത്ത മഞ്ഞ കാർഡുകാർക്കെതിരെയും അന്വേഷണം ഭക്ഷ്യവകുപ്പ് ആരംഭിച്ചിട്ടുണ്ട്. കിറ്റ് കൈപ്പറ്റാത്തതിന്റെ കാരണം എന്താണെന്ന് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ജില്ല സപ്ലൈ ഓഫിസർമാർക്ക് നിർദേശം നൽകി. മരിച്ചവരും അനർഹരുമാണ് കിറ്റ് കൈപ്പറ്റാത്തതിൽ ഭൂരിഭാഗമെന്നുമാണ് ഭക്ഷ്യ വകുപ്പിന്റെ വിലയിരുത്തൽ. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇവരെയും മുൻഗണന വിഭാഗത്തിൽനിന്ന് ഒഴിവാക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.
2023ൽ കിറ്റ് കൈപ്പറ്റാത്തവർ - 26295
ഈ വർഷം 27128 പേരായി ഉയർന്നു
കിറ്റ് കൈപ്പറ്റാത്തവർ
- തൃശൂർ - 2654
- തിരുവനന്തപുരം - 2613
- ഇടുക്കി - 2554
- പാലക്കാട് - 2309
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

