കശ്മീരില്‍ കൊല്ലപ്പെട്ട സൈനികന് യാത്രാമൊഴി
text_fieldsമട്ടന്നൂര്‍: കശ്മീരിലെ പാംപോറില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട വരിച്ച സൈനികന്‍ മട്ടന്നൂര്‍ കൊടോളിപ്രം ചക്കോലക്കണ്ടി വീട്ടില്‍ സി. രതീഷിന്(35) നാടിന്‍െറ യാത്രാമൊഴി. ശ്രീനഗറിലെ ബദാമി ബാഗ് കന്‍േറാണ്‍മെന്‍റില്‍ ജമ്മു കശ്മീര്‍ പൊലീസ്, സി.ആര്‍.പി.എഫ്, ബി.എസ്.എഫ്, എസ്.എസ്.ബി എന്നിവയുടെ അന്ത്യാഞ്ജലി ഏറ്റുവാങ്ങിയശേഷം തിങ്കളാഴ്ച രാവിലെ 9.20ന് ഭൗതികശരീരം കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തിലത്തെിച്ചു. ടെറിട്ടോറിയല്‍ ആര്‍മി കേണല്‍ എ.ഡി. അകിലേ, സൈനിക വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രതിനിധി ജോഷി ജോസ്, കണ്ണൂരില്‍ നിന്നും കോയമ്പത്തൂരില്‍ നിന്നുമുള്ള പ്രത്യേക സൈനിക വിഭാഗം എന്നിവരുടെ നേതൃത്വത്തില്‍ വിമാനത്താവളത്തില്‍ ഗാര്‍ഡ്ഓഫ് ഓണര്‍ നല്‍കി. തുടര്‍ന്ന് റോഡുമാര്‍ഗം 12.20ഓടെ മാഹിയിലത്തെിച്ച് അവിടെനിന്ന് എ.എന്‍. ഷംസീര്‍ എം.എല്‍.എ, ഡിവൈ.എസ്.പി പ്രിന്‍സ് അബ്രഹാം എന്നിവരുടെ നേതൃത്വത്തില്‍ ഏറ്റുവാങ്ങി ആംബുലന്‍സില്‍ സൈനിക അകമ്പടിയോടെ ഉച്ചക്ക് 1.30നാണ് മട്ടന്നൂരില്‍ എത്തിച്ചത്. തുറന്ന സൈനിക വാഹനത്തില്‍ കയറ്റിയ ഭൗതികശരീരം കൊടോളിപ്രത്തെ വീടിനുസമീപം പ്രത്യേകം സജ്ജീകരിച്ച മൈതാനിയില്‍ രണ്ടുമണിയോടെ പൊതുദര്‍ശനത്തിനുവെച്ചു. വൈകീട്ട് മൂന്നരമണിയോടെ പൂര്‍ണ ഒൗദ്യോഗിക ബഹുമതികളോടെ വീട്ടുപറമ്പില്‍ സംസ്കരിച്ചു. ലെഫ്റ്റനന്‍റ് ജനറല്‍ വി.കെ. ആനന്ദ് ഒൗദ്യോഗിക ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.തുറമുഖ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി സര്‍ക്കാറിനുവേണ്ടി റീത്ത് സമര്‍പ്പിച്ചു.
ശനിയാഴ്ച ശ്രീനഗര്‍ പാംപോറിലെ കഡ്ലബലില്‍ ജനസാന്ദ്രതയേറിയ പ്രദേശത്ത് സൈനിക ഉദ്യോഗസ്ഥരുടെ വാഹന വ്യൂഹത്തിനുനേരെ ബൈക്കില്‍വന്ന ഭീകരര്‍ നടത്തിയ ആക്രമണത്തിലാണ് രതീഷും മഹാരാഷ്ട്ര സ്വദേശി സൗരവ് നന്ദകുമാറും (33) ഝാര്‍ഖണ്ഡ് സ്വദേശി ശശികാന്ത് പാണ്ഡേയും (24) കൊല്ലപ്പെട്ടത്. ജമ്മുവില്‍നിന്ന് ശ്രീനഗറിലേക്കു പോവുകയായിരുന്ന സൈനിക വാഹന വ്യൂഹത്തിനുനേരെ ഭീകരര്‍ തുടരെ വെടിയുതിര്‍ക്കുകയായിരുന്നു.

രതീഷിന് അച്ഛനെ നഷ്ടപ്പെട്ടത് രണ്ടര വയസ്സില്‍; കാശിനാഥിന് അഞ്ചാം മാസത്തില്‍
മട്ടന്നൂര്‍: ഇളംപ്രായത്തില്‍ അനാഥനായ രതീഷിന് പിന്നാലെ മകനും ഇതേ വിധിയുടെ ഇരയായതിന്‍െറ നടുക്കത്തിലാണ് കൊടോളിപ്രം ഗ്രാമം. ശ്രീനഗര്‍-ജമ്മു കശ്മീര്‍ ദേശീയപാതയില്‍ സൈനിക വാഹന വ്യൂഹത്തിനു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മട്ടന്നൂര്‍ കൊടോളിപ്രം ചക്കോലക്കണ്ടി വീട്ടില്‍ സി. രതീഷിന് രണ്ടര വയസ്സിലാണ് തന്‍െറ പിതാവ് രാഘവന്‍ നമ്പ്യാരെ നഷ്ടപ്പെട്ടത്. തുടര്‍ന്ന് മാതാവ് ഓമനയമ്മയുടെ തണലിലാണ് ഏക മകനായ രതീഷ് വളര്‍ന്നത്. ശനിയാഴ്ച രതീഷ് വീരമൃത്യു വരിച്ചതോടെ ഇതേ സാഹചര്യമാണ് അഞ്ചു മാസം പ്രായമായ മകന്‍ കാശിനാഥിനും വിധി ഒരുക്കിവെച്ചത്. 2001ല്‍ സൈന്യത്തില്‍ ചേര്‍ന്ന രതീഷ് കോയമ്പത്തൂരിലേക്ക് സ്ഥലംമാറ്റം വാങ്ങി വിരമിക്കാനിരിക്കേയാണ് മരണം. ജമ്മുവില്‍ ജനറല്‍ ഡ്യൂട്ടി സേവനമനുഷ്ഠിക്കുകയായിരുന്ന ഇദ്ദേഹം ഒരുമാസത്തെ അവധിക്കു നാട്ടില്‍ വന്നശേഷം ഡിസംബര്‍ ഒമ്പതിനാണ് തിരിച്ചുപോയത്. കൊടോളിപ്രം വരുവക്കുണ്ടില്‍ പരേതനായ പി. രാഘവന്‍ നമ്പ്യാരുടെയും സി. ഓമനയമ്മയുടെയും ഏകമകനാണ്. കുറ്റ്യാട്ടൂര്‍ സ്വദേശി ജ്യോതിയാണ് ഭാര്യ. കാശിനാഥാണ് ഏകമകന്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
