കണ്ടെയ്നർ ലോറികളുടെ നിരക്ക് : നാറ്റ്പാക് ശുപാർശ അംഗീകരിക്കാൻ ധാരണയായെന്ന് ആന്റണി രാജു
text_fieldsതിരുവനന്തപുരം: കണ്ടെയ്നർ ലോറികളുടെ നിരക്ക് സംബന്ധിച്ച് നാറ്റ്പാക് സമര്‍പ്പിച്ച ശുപാര്‍ശ അംഗീകരിക്കുവാൻ മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ധാരണയായി. ഇന്ധന വിലവർധനയുടെയും നടത്തിപ്പ് ചിലവിന്റെയും അടിസ്ഥാനത്തിൽ കണ്ടെയ്നർ ലോറികളുടെ നിരക്ക് വർധിപ്പിക്കണമെന്നും അനാരോഗ്യകരമായ മത്സരം ഒഴിവാക്കുവാൻ നിരക്ക് ഏകീകരിക്കണമെന്നും വാഹന ഉടമകൾ ദീർഘനാളായി ആവശ്യപ്പെടുകയായിരുന്നു.
അതിനെ തുടർന്ന് സംസ്ഥാനത്തെ കണ്ടെയ്നർ ലോറികളുടെ നിരക്ക് സംബന്ധിച്ചു പഠിച്ച റിപ്പോർട്ട് നൽകുവാൻ നാറ്റ്പാകിനെ ചുമതലപ്പെടുത്തിയിരുന്നു. നാറ്റ്പാക് നൽകിയ ശുപാർശ ചര്‍ച്ച ചെയ്യുവാന്‍ ഗതാഗത വകുപ്പ് വിളിച്ചുചേർത്ത ലോറി ഉടമകളുടെയും തൊഴിലാളി സംഘടനകളുടെയും യോഗത്തിലാണ് തീരുമാനം. വാഹന വാടകയുടെ നിശ്ചിത ശതമാനം തൊഴിലാളികൾക്ക് ബാറ്റയായി ലഭിക്കും.
നാറ്റ്പാക് ശുപാർശ എല്ലാവരും അംഗീകരിച്ചതിന്റെ അടിസ്ഥാനത്തിൽ കണ്ടെയ്നർ മേഖലയിൽ പ്രഖ്യാപിച്ച സമരം പിൻവലിക്കണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു. ട്രാൻസ്പോർട്ട് കമ്മീഷണർ എസ്. ശ്രീജിത്ത്, ലേബർ കമ്മീഷണർ കെ.വാസുകി, അഡീഷണൽ ട്രാൻസ്പോർട്ട് കമ്മീഷണർ പി. എസ്. പ്രമോജ് ശങ്കർ, കണ്ടെയ്നർ ലോറി ഉടമകളുടെയും തൊഴിലാളി സംഘടനകളുടെയും പ്രതിനിധികൾ, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ്, നാറ്റ്പാക്, ഗതാഗത വകുപ്പ് എന്നിവയിലെ ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

