സംസ്ഥാനം എലിപ്പനി ജാഗ്രതയിൽ; ഒരു മാസത്തിനിടെ മരിച്ചത് 26 പേർ
text_fieldsകൊച്ചി: കാലവർഷക്കെടുതിക്ക് ശേഷം സംസ്ഥാനത്ത് പനിയും പകർച്ച വ്യാധികളും രൂക്ഷമാകുന്നു. മിക്ക ജില്ലകളിലും എലിപ്പനി വ്യാപകമാണ്. കഴിഞ്ഞ ഒരുമാസത്തിനിടെ എലിപ്പനി ബാധിച്ച് സംസ്ഥാനത്ത് 26 പേർ മരിച്ചു. അഞ്ഞൂറോളം പേർക്ക് രോഗം സ്ഥിരീകരിച്ചു. മലപ്പുറം, കോഴിക്കോട്, തൃശൂർ, കാസർകോട് ജില്ലകളിൽ മഞ്ഞപ്പിത്തം പടരുന്നതായ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ അതീവ ശ്രദ്ധപുലർത്തണമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. ആർ.എൽ. സരിത അഭ്യർഥിച്ചു. ഹെപ്പറ്റൈറ്റിസ് എ ആണ് ഈ ഭാഗങ്ങളിൽ റിപ്പോർട്ട് ചെയ്തത്.
ഈ വർഷം ഇതുവരെ 19 ലക്ഷത്തിലധികം പേർക്ക് പകർച്ചപ്പനി സ്ഥിരീകരിച്ചതിൽ 38 പേർ മരിച്ചു. ഡെങ്കിപ്പനി ബാധിച്ച 8685 പേരിൽ 23 പേരാണ് മരിച്ചത്. 1630 പേർക്ക് ഈ വർഷം എലിപ്പനി ബാധിച്ചതിൽ 67 ആണ് മരണസംഖ്യ. എച്ച് 1 എൻ 1 ബാധിച്ച 835 പേരിൽ 50 പേരും മരിച്ചു. ചികുൻഗുനിയ സ്ഥിരീകരിച്ചത് 26പേർക്കാണ്.
മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട് ജില്ലകളിൽ വെള്ളപ്പൊക്കത്തിന് ശേഷമുണ്ടായ അവസ്ഥയാണ് പകർച്ചപ്പനിക്ക് പ്രധാനകാരണം. ഈ മേഖലകളിൽ എലിപ്പനി കൂടുതലായത് ആരോഗ്യവകുപ്പിനെ ആശങ്കയിലാഴ്‌ത്തിയിട്ടുണ്ട്. എലിപ്പനിക്കെതിരെ ജാഗ്രത പുലർത്താൻ പ്രളയബാധിതമേഖലകളിൽ ഉൾപ്പെടെ പ്രതിരോധമരുന്നുകൾ വിതരണം ചെയ്തു. എലിപ്പനി മരണസംഖ്യ കുറക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.എന്നാൽ, പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുമ്പോഴും പനി നിയന്ത്രണവിധേയമാകുന്നില്ല. പനിബാധിതർ കൃത്യമായി വിശ്രമിക്കാതെ പൊതുസ്ഥലങ്ങളിൽ ആളുകളുമായി ഇടപഴകുന്നത് രോഗികളുടെ എണ്ണം പെരുകാൻ പ്രധാനകാരണമെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
വൈറസ് പനിയായ എച്ച് 1 എൻ 1 നിയന്ത്രിക്കുന്നതും വെല്ലുവിളിയാണ്. മുമ്പ് മഴക്കാലത്ത് മാത്രമായിരുന്നെങ്കിൽ ഇപ്പോൾ വർഷം മുഴുവനും എച്ച് 1 എൻ 1 റിപ്പോർട്ട് ചെയ്യുന്ന സാഹചര്യമാണുള്ളത്. ജലദോഷങ്ങളിൽ 18 മുതൽ 35 ശതമാനം വരെ എച്ച് 1 എൻ 1 ലക്ഷണങ്ങളോടു കൂടിയതാണെന്നും ആദ്യഘട്ടത്തിൽ ഡോക്ടറെ സമീപിച്ച് നിർദേശങ്ങൾ പാലിച്ചാൽ പനി പൂർണമായും കുറക്കാൻ സാധിക്കുമെന്നും എച്ച് 1 എൻ 1 നോഡൽ ഓഫിസർ ഡോ. അമർ ഫെറ്റിൽ അറിയിച്ചു. മറ്റൊന്ന്, പനിബാധിച്ച കുട്ടികളെ സ്കൂളിൽ വിടാതിരിക്കാൻ രക്ഷിതാക്കൾ ശ്രദ്ധിക്കണമെന്നും പനിബാധിതർ പൊതുസ്ഥലങ്ങളിൽ മറ്റുള്ളവരുമായി ഇടപെടാതെ പൂർണമായി വിശ്രമിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
