എലിപ്പനിക്ക് ശമനമില്ല; മൂന്ന് മരണം കൂടി
text_fieldsതിരുവനന്തപുരം: ആശങ്കക്ക് വകയില്ലെന്ന് ആരോഗ്യവകുപ്പ് അവകാശപ്പെടുമ്പോഴും സംസ്ഥാനത്ത് എലിപ്പനിക്ക് ശമനമില്ല. ശനിയാഴ്ച മൂന്നുപേര്‍കൂടി രോഗംബാധിച്ച് മരിച്ചു. എറണാകുളം വടക്കേക്കര, കാസര്‍കോട് പുത്തിഗെ എന്നിവിടങ്ങളിലാണ് ഇന്നലെ രണ്ടുപേര്‍ മരിച്ചത്. ആലപ്പുഴയില്‍ ഒരാളുടെ മരണം എലിപ്പനിമൂലമെന്ന് സംശയിക്കുന്നു. കണ്ണൂര്‍ ചെലോറയില് വെള്ളിയാഴ്ച ഒരാള്‍ മരിച്ചത് എലിപ്പനിമൂലമെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു.
കൊല്ലം മൺറോത്തുരുത്തില്‍ ഒരാള്‍ പനിബാധിച്ച് മരിച്ചു. 68 പേരാണ് ശനിയാഴ്ചമാത്രം എലിപ്പനിക്ക് ചികിത്സ തേടിയത്. പത്തനംതിട്ട ജില്ലയില്‍ 17, കോട്ടയത്ത് ഒന്ന്, ആലപ്പുഴയില്‍ 13, എറണാകുളത്ത് ഏഴ്, കോഴിക്കോട്ട് ആറ് പേർ വീതം ചികിത്സ തേടി. തിരുവന്തപുരം, കൊല്ലം (ഒന്നുവീതം), ഇടുക്കി (രണ്ട്), പാലക്കാട് (നാല്), കണ്ണൂര്‍ (നാല്), കാസര്‍കോട് (രണ്ട്) ജില്ലകളിലും രോഗം പടരുന്നുണ്ട്. വിവിധ ജില്ലകളിൽ 13 പേര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചതായും ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു.
