പ്രളയമേഖലയിൽ എലിപ്പനി; രണ്ടു ദിവസത്തിനിടെ എട്ടുമരണം
text_fieldsതിരുവനന്തപുരം: പകർച്ചവ്യാധി ഭീഷണിയിൽ വിറങ്ങലിച്ചുനിൽക്കുന്ന പ്രളയമേഖലയിൽ ഭീതിപരത്തി എലിപ്പനി. രണ്ടു ദിവസത്തിനിടെ എലിപ്പനി ബാധിച്ച് സംസ്ഥാനത്ത് എട്ടുപേർ മരിച്ചു. ബുധനാഴ്ച മാത്രം 25 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. സ്ഥിതി ഗുരുതരമെന്ന് കണ്ടതിെൻറ അടിസ്ഥാനത്തിൽ തൃശൂർ, പാലക്കാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂർ ജില്ലകളിൽ ആരോഗ്യവകുപ്പ് അതി ജാഗ്രത നിർദേശം നൽകി.
കോഴിക്കോട് സ്വദേശി ബാബു (63), മലപ്പുറം, ഇടപ്പാൾ സ്വദേശി നന്ദിനി (47), പാലക്കാട്, കോങ്ങാട് സ്വദേശി കൃഷ്ണൻ കുട്ടി (50), എറണാകുളം, ഗോതുരുത്ത് സ്വദേശി ശാന്തി (45), ഇടുക്കി, ഉപ്പുതറ സ്വദേശി പ്രവീൺ (31), പത്തനംതിട്ട, ചിറ്റാർ സ്വദേശി ഒാമന (57), കൊല്ലം, തൃക്കടവൂർ സ്വദേശി രാധാകൃഷ്ണൻ (48), തിരുവനന്തപുരം, വെള്ളറട സ്വദേശി രമണി (45) എന്നിവരാണ് എലിപ്പനി ബാധിച്ച് മരിച്ചത്. ഇതോടെ എലിപ്പനി ബാധിച്ച് ഇൗ മാസം ഇതുവരെ 28 പേർ മരിച്ചു.
തിരുവനന്തപുരത്ത് നാലുപേർക്കും കൊല്ലത്ത് രണ്ടുപേർക്കും മലപ്പുറത്ത് എട്ടുപേർക്കും കോഴിക്കോട് 11 പേർക്കുമാണ് ബുധനാഴ്ച എലിപ്പനി സ്ഥിരീകരിച്ചത്. ഇത് കൂടാതെ പ്രളയമേഖലയിലുൾപ്പെടെ ഡെങ്കിപ്പനിയും മറ്റ് പകർച്ച രോഗങ്ങളും വ്യാപകമാകുന്നുണ്ട്. 22 പേർക്ക് ഡെങ്കിപ്പനി ബുധനാഴ്ച സ്ഥിരീകരിച്ചു. തിരുവനന്തപുരം, കൊല്ലം, കോട്ടയം, തൃശൂർ, മലപ്പുറം, കോഴിക്കോട് എന്നിവിടങ്ങളിലാണ് ഡെങ്കിപ്പനി കൂടുതലായി സ്ഥിരീകരിച്ചത്. ചിക്കൻപോക്സും വയറിളക്ക രോഗങ്ങളും പ്രളയബാധിത മേഖലകളിൽ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
മഞ്ഞപ്പിത്ത രോഗങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പ്രളയം ഏറെ നാശം വിതച്ച പ്രദേശങ്ങളില്‍ ഗുരുതര പകര്‍ച്ചവ്യാധികള്‍ക്ക് സാധ്യതയുണ്ടെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. അതിെൻറ അടിസ്ഥാനത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഉൗർജിതമായി നടന്നുവരുകയാണ്. പലവിധ രോഗങ്ങൾ റിപ്പോർട്ട് ചെയ്ത് തുടങ്ങിയതിനാൽ എല്ലാ മുൻകരുതലും സ്വീകരിക്കാനാണ് ആരോഗ്യവകുപ്പ് നിർദേശം നൽകിയിരിക്കുന്നത്. വിറയലോടുകൂടിയ ഏതു പനിയെയും എലിപ്പനിയായി കണ്ട് ചികിത്സിക്കാൻ ഡോക്ടർമാർക്ക് ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.
എട്ട് ലക്ഷത്തോളം വളർത്തുമൃഗങ്ങൾ പ്രളയത്തിൽ ചെത്തന്നാണ് കണക്ക്. വെള്ളത്തിലും മറ്റും ജീർണിച്ച് കിടക്കുന്ന വളർത്തുമൃഗങ്ങൾ വലിയ ഭീഷണിയാണ് സൃഷ്ടിച്ചിരിക്കുന്നത്. കിണറുകള്‍ മലിനമാണ്. കക്കൂസ് ടാങ്കുകള്‍ വരെ പൊട്ടിയൊലിക്കുന്നുണ്ട്. കടകളിലും മാർക്കറ്റുകളിൽ നിന്നുള്ള ജൈവമാലിന്യങ്ങളും വലിയ ഭീഷണി ഉയർത്തുകയാണ്. 40 ലധികം ഇനം എലിപ്പനികളെ സംബന്ധിച്ച് ആരോഗ്യവകുപ്പ് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. പ്രതിരോധ മരുന്നുകളുടെ വിതരണവും നടന്നുവരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
