36 പേർക്കുകൂടി എലിപ്പനി; അഞ്ചുമരണം കൂടി
text_fieldsതിരുവനന്തപുരം: 36 പേർക്ക് കൂടി എലിപ്പനി സ്ഥിരീകരിച്ചു. അഞ്ചുപേർക്ക് ഡെങ്കിപ്പനിയും ഒരാൾക്ക് മലേറിയയും കണ്ടെത്തി. ഇതിനിടെ, എലിപ്പനി ലക്ഷണവുമായി ഒരാൾ മരിച്ചു. ബുധനാഴ്ച മരിച്ച രണ്ടുപേരുടെ മരണം എലിപ്പനിയെന്ന് സ്ഥിരീകരിച്ചു. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ മരിച്ച മറ്റ് രണ്ടുപേരുടെയും മരണവും എലിപ്പനി ലക്ഷണത്തോടെയാണെന്നും ആരോഗ്യവകുപ്പ് വ്യാഴാഴ്ച കണ്ടെത്തി. തിരുവനന്തപുരം വെള്ളറട സ്വദേശി രാജേന്ദ്രൻ (75), എറണാകുളം കരുമാളൂർ സ്വദേശി ബാബു (50), ഉദയംപേരൂർ സ്വദേശി സാജു (41), പത്തനംതിട്ട ചാത്തങ്കരി സ്വദേശി അനിൽകുമാർ (32), പാലക്കാട് കപ്പൂർ സ്വദേശി ശാരദ (55) എന്നിവരാണ് മരിച്ചത്.
തിരുവനന്തപുരത്ത് രണ്ടുപേർക്കും കൊല്ലം, ഇടുക്കി, കോട്ടയം, തൃശൂർ, കാസർകോട് എന്നിവിടങ്ങളിൽ ഒരാൾക്ക് വീതവും പത്തനംതിട്ടയിൽ ആറുപേർക്കും ആലപ്പുഴയിൽ 11 പേർക്കും എറണാകുളത്ത് മൂന്നുപേർക്കും പാലക്കാട്ട് രണ്ടുപേർക്കും കോഴിക്കോട്ട് ഏഴുപേർക്കും എലിപ്പനി സ്ഥിരീകരിച്ചു.
കൊല്ലത്ത് ഒരാൾക്കും പത്തനംതിട്ടയിൽ മൂന്നുപേർക്കും ആലപ്പുഴയിൽ ഒരാൾക്കുമാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. മലപ്പുറം ഒഴൂരിലാണ് ഒരാൾക്ക് മലേറിയ കണ്ടെത്തിയത്.
