എലിപ്പനി: ഒരാഴ്ചക്കിടെ മൂന്നുമരണം
text_fieldsകോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും കോവിഡ് വ്യാപിക്കുന്നതിനൊപ്പം മറ്റ് പകർച്ചവ്യാധികളും വർധിക്കുന്നു. പുതിയ കോവിഡ് വകഭേദത്തിന് മരണനിരക്ക് കുറവാണെന്നത് ആശ്വാസം നൽകുമ്പോഴും ഡെങ്കിപ്പനി, എലിപ്പനി എന്നിവ വർധിക്കുന്നത് ആശങ്കക്കിടയാക്കുന്നു.
ആരോഗ്യവകുപ്പ് കണക്കുകൾ പ്രകാരം ഒരാഴ്ചക്കിടെ സംസ്ഥാനത്ത് എലിപ്പനി ബാധിച്ച് മൂന്നുപേരും ഡെങ്കി ബാധിച്ച് ഒരാളും മരിച്ചിട്ടുണ്ട്. ഇടക്കിടെ പെയ്യുന്ന മഴയിൽ കെട്ടിനിൽക്കുന്ന വെള്ളത്തിൽ കൊതുകുകൾ വളരുന്നതാണ് ഡെങ്കിപ്പനി വർധിക്കാൻ കാരണം. വെബ്സൈറ്റിൽ സ്ഥിരീകരിച്ചവർ, സംശയിക്കുന്നവർ എന്നീ രണ്ടു വിഭാഗങ്ങളിലായാണ് കണക്കുകളെങ്കിലും എല്ലാം സ്ഥിരീകരിച്ച കേസുകളായാണ് ആരോഗ്യവിദഗ്ധർ പരിഗണിക്കുന്നത്.
ഡിസംബർ 29ന് വിവിധ ജില്ലകളിലായി പനി സ്ഥിരീകരിച്ചവർ 141 ഉം ചികിത്സതേടിയവർ 64ഉം ആണ്. 87 പേർക്ക് ഡെങ്കി സ്ഥിരീകരിക്കുകയും 41 പേർക്ക് രോഗബാധ സംശയിക്കുകയും ചെയ്യുന്നു. എറണാകുളത്ത് ഒരാൾ ഡെങ്കി ബാധിച്ച് മരണത്തിന് കീഴടങ്ങി.
എലിപ്പനി ബാധിച്ച് 22 പേരാണ് വിവിധ ജില്ലകളിൽ ചികിത്സതേടിയത്. ഇതിൽ 11 പേർക്ക് ആരോഗ്യവകുപ്പ് എലിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് എലിപ്പനി ബാധിച്ച് ഒരാൾ മരിക്കുകയും ചെയ്തു.
ഹെപ്പറ്റൈറ്റിസ് എ ബാധിച്ച് 10 പേരും ഹെപ്പറ്റൈറ്റിസ് ബി ബാധിച്ച് രണ്ടുപേരും ചികിത്സതേടി. പനി ബാധിച്ച് ചികിത്സതേടുന്നവരുടെ എണ്ണവും വർധിക്കുന്നുണ്ട്. ഇതിൽ ഭൂരിഭാഗവും കോവിഡ് വകഭേദമാണെന്നാണ് ഡോക്ടർമാർ വിലയിരുത്തുന്നത്.
എന്നാൽ, കോവിഡ് സംബന്ധിച്ച് വ്യക്തമായ കണക്ക് ആരോഗ്യവകുപ്പ് സൂക്ഷിക്കുന്നില്ല. ജാഗ്രത പോർട്ടലിൽ ചികിത്സയിലിരിക്കുന്നവരുടെ കണക്ക് മാത്രമേ ലഭിക്കൂ. ഇതുപ്രകരാം സംസ്ഥാനത്ത് ഞായറാഴ്ച 2534 പേർ ചികിത്സയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

