സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ചെയർ പേഴ്സണായി റസൂൽ പൂക്കുട്ടി
text_fieldsതിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ചെയർപേഴ്സണായി ഓസ്കാർ ജേതാവായ റസൂൽ പൂക്കുട്ടിയെ തെരഞ്ഞെടുത്തു. കുക്കു പരമേശ്വരൻ ആണ് വൈസ് ചെയർപേഴ്സൺ. 26 അംഗങ്ങളാണ് ബോർഡിൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ടത്. ആരോപണവിധായനായ മുൻ ചെയർമാൻ രഞ്ജിത്ത് സ്ഥാനമൊഴിഞ്ഞ പദവിയിലേക്കാണ് റസൂൽ എത്തുക. രഞ്ജിത്തിന് ശേഷം വൈസ് ചെയർമാൻ പ്രേംകുമാർ ആക്ടിങ് ചെയർമാനായി തുടർന്നിരുന്നു.
2022 ജനുവരിയിലാണ് രഞ്ജിത്ത് ചെയർമാൻ ആയിട്ടുള്ള നിലവിലെ ഭരണസമിതി ചലച്ചിത്ര അക്കാദമിയിലെ അധികാരത്തിൽ വരുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനെ തുടർന്നുണ്ടായ കൊടുങ്കാറ്റിൽ രഞ്ജിത്തിന്റെ സ്ഥാനം തെറിച്ചു. തുടർന്നാണ് വൈസ് ചെയർമാൻ ആയിരുന്ന പ്രേംകുമാർ ചുമതല ഏറ്റെടുത്തത്.
മൂന്നുവർഷത്തേക്കാണ് അക്കാദമി ഭരണസമിതിയുടെ കാലാവധി. ചെയർമാൻ, വൈസ് ചെയർമാൻ സ്ഥാനങ്ങൾക്കും ഇത് ബാധകമാണ്. അതേസമയം, ബീന പോളിനെ ചെയർപേഴ്‌സണായി നിയമിക്കണമെന്ന് വനിതാ കൂട്ടായ്മയായ ഡബ്ല്യു.സി.സി ആവശ്യം ഉന്നയിച്ചിരുന്നു. പ്രശ്‌നം പരിഹരിക്കുന്നതിനായി സർക്കാർ പ്രേം കുമാറിനെ ഇടക്കാല ചെയർമാനായി നിയമിക്കുകയായിരുന്നു.
സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണം, സിനിമാ കോൺക്ലേവ്, കേരള രാജ്യാന്തര ചലച്ചിത്ര മേള എന്നിവയെല്ലാം പ്രേം കുമാറിന്റെ നേതൃത്വത്തിൽ നടന്നിരുന്നു. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ചെയർമാനായി സംവിധായകനല്ലാത്ത വ്യക്തി അധികാരമേൽക്കുന്നത് ആദ്യമായിരുന്നു. തുടർന്ന് റസൂൽ പൂക്കുട്ടിയും ആ സ്ഥാനത്തെത്തുകയാണ്.
ഷാജി എന്‍. കരുണിന്റെ മരണത്തെത്തുടര്‍ന്ന് ചലച്ചിത്ര വികസന കോർപറേഷന്‍ ചെയര്‍മാനായി സംവിധായകന്‍ കെ. മധുവിനെ നിയമിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

