അപരിചിതന് വൃക്ക നൽകിയ രശ്മി റോയി സ്ഥാനാർഥി
text_fieldsരശ്മി റോയി
നെടുങ്കണ്ടം: സ്വന്തം വൃക്കകളിലൊന്ന് കാസർകോട്ടുകാരനായ അപരിചിതന് ദാനമായി നൽകി മനുഷ്യസ്നേഹത്തിെൻറ ഉദാത്തമായ രശ്മി റോയി ജനവിധി തേടുന്നു.
നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത്് തൂക്കുപാലം ഡിവിഷനിലാണ് മനുഷ്യത്വത്തിെൻറ ഉറവ വറ്റാത്ത ഹൃദയവുമായി ഇവർ വോട്ടർമാരെ സമീപിക്കുന്നത്. തെൻറ അവസാന തുള്ളിരക്തവും നാടിനെന്ന് പറഞ്ഞ മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ പാത പിന്തുടർന്നാണ് യു.ഡി.എഫ് സ്ഥാനാർഥിയുടെ മത്സരം.
2016ൽ വൃക്ക സംബന്ധമായ രോഗത്തിനടിപ്പെട്ട്് രശ്മിയുടെ ബന്ധു കൊല്ലം സ്വദേശിനിയുടെ അവസ്ഥ മനസ്സിലാക്കി കരളലിവ് തോന്നി സ്വന്തം വൃക്കനൽകാൻ രശ്മി തയാറായെങ്കിലും തൃശൂർ ഹൈടെക് ആശുപത്രിയിൽ നടത്തിയ തുടർപരിശോധനയിൽ രശ്മിയുടെ വൃക്ക യോജിക്കില്ലെന്നായിരുന്നു മെഡിക്കൽ റിപ്പോർട്ട്.
എന്നാൽ, ആശുപത്രിയിൽ അതിഗുരുതരാവസ്ഥയിൽ കഴിയുന്ന കാസർകോട് സ്വദേശിയും ൈഡ്രവറുമായ 40കാരന് രശ്മിയുടെ വൃക്ക അനുയോജ്യമാണെന്നും സഹായിക്കാനാവുമോ എന്നും ഡോക്ടറുടെ ചോദ്യത്തിനു മുന്നിൽ രശ്മി സമ്മതം മൂളി. രശ്മിയുടെ സൗമനസ്യം അയാളെ ജീവിതത്തിലേക്ക്് മടക്കിക്കൊണ്ടുവന്നു.
തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതറിഞ്ഞ യുവാവ് ഫോണിലൂടെ എല്ലാ ദിവസവും തെരഞ്ഞെടുപ്പ് വിശേഷങ്ങൾ ചോദിച്ചറിയുന്നു. കോവിഡ് കാലത്തെ ദീർഘദൂരയാത്രാ ദുരിതം മൂലം സ്ഥാനാർഥിയോടൊപ്പം പ്രചാരണത്തിനിറങ്ങാൻ കഴിയാത്ത വിഷമം പങ്കുവെച്ചാണ് ഈ പിന്തുണയെന്ന് രശ്മി പറഞ്ഞു. രശ്മിയുടെ വിജയത്തിനായി സദാനേരവും പ്രാർഥിക്കുന്നതായും യുവാവിെൻറ കുടുംബം അറിയിച്ചു. താന്നിമൂട് മുതുപ്ലാക്കൽ റോയിയുടെ ഭാര്യയാണ് രശ്മി.