റസീനയുടെ മരണം: ആൺസുഹൃത്ത് പൊലീസ് സ്റ്റേഷനിൽ ഹാജരായി
text_fieldsകണ്ണൂർ: കായലോട് പറമ്പായിയിൽ റസീന എന്ന യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആൺസുഹൃത്ത് പൊലീസ് സ്റ്റേഷനിൽ ഹാജരായി. മയ്യിൽ സ്വദേശി റഹീസ് ആണ് ഇന്ന് പുലർച്ചെ പിണറായി സ്റ്റേഷനിൽ ഹാജരായത്. യുവാവിന്‍റെ വിശദ മൊഴി രേഖപ്പെടുത്തും. റസീനയുടെ മരണശേഷം റഹീസിനെ കാണാതായിരുന്നു.
റസീന ജീവനൊടുക്കാൻ കാരണം സദാചാര ഗുണ്ടായിസമാണെന്നാണ് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ വ്യക്തമാക്കിയത്. ആൺ സുഹൃത്തിനെ കുറ്റപ്പെടുത്തുന്നതൊന്നും റസീനയുടെ ആത്മഹത്യക്കുറിപ്പിൽ ഇല്ലെന്നും പൊലീസ് അറിയിച്ചിരുന്നു.
സംഭവത്തിൽ പറമ്പായി സ്വദേശികളായ വി.സി. മുബഷിർ, കെ.എ. ഫൈസൽ, വി.കെ. റഫ്നാസ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. പ്രതികൾക്കെതിരെ ആത്മഹത്യ പ്രേരണക്കുറ്റമാണ് ചുമത്തിയത്. അറസ്റ്റിലായവര്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകരാണെന്നും പൊലീസ് പറഞ്ഞിരുന്നു.
ഇതിനിടെ, മകൾ ജീവനൊടുക്കാൻ കാരണം സദാചാര ഗുണ്ടായിസമല്ലെന്ന് പറഞ്ഞ് റസീനയുടെ മാതാവ് രംഗത്തെത്തിയിരുന്നു. മരണത്തിന് പിന്നിൽ ആൺസുഹൃത്താണെന്നും അയാൾ റസീനയുടെ 40 പവൻ സ്വർണവും പണവും തട്ടിയെടുത്തുവെന്നും റസീനയുടെ മാതാവ് ഫാത്തിമ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പൊലീസ് അറസ്റ്റ് ചെയ്തവർ നിരപരാധികളാണെന്നും അവർ വ്യക്തമാക്കിയിരുന്നു.
ഇതോടെ, മാതാവ് തന്നെ സത്യം വെളിപ്പെടുത്തിയതിന്‍റെ അടിസ്ഥാനത്തിൽ പ്രവർത്തകർക്കെതിരെ പൊലീസ് ചുമത്തിയ കള്ളക്കേസ് പിൻവലിക്കണമെന്ന് എസ്.ഡി.പി.ഐ പ്രസ്താവനയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. സി.പി.എം ബ്രാഞ്ച് കമ്മിറ്റി അംഗങ്ങൾ തന്നെയായ മരണപ്പെട്ട യുവതിയുടെ മാതാപിതാക്കൾ തന്നെ സത്യം വെളിപ്പെടുത്തിയെന്നും, ഭർതൃമതിയായ റസീനയെ ആൺസുഹൃത്ത് സാമ്പത്തികമായി ഉൾപ്പെടെ ചൂഷണം ചെയ്തതിന്‍റെ അടിസ്ഥാനത്തിലാണ് ആത്മഹത്യയെന്ന് വ്യക്തമായെന്നുമാണ് എസ്.ഡി.പി.ഐ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

