അപൂർവ ശസ്ത്രക്രിയയിലും രക്ഷിക്കാനായില്ല; മ്യൂസിയം അക്വേറിയത്തിലെ 'ഇൗൽ' ചത്തു
text_fieldsതിരുവനന്തപുരം: അക്വേറിയത്തിൽ കടിപിടികൂടിയ മത്സ്യത്തിന് അപൂർവ ശസ്ത്രക്രിയ നടത്തിയെങ്കിലും രക്ഷിക്കാനായില്ല. തിരുവനന്തപുരം മൃഗശാലയിലെ അക്വേറിയത്തിൽ കൂടെയുള്ള മത്സ്യം കടിച്ച് കുടൽമാല ഉൾപ്പെടെ പുറത്തുവന്ന് അപകടത്തിലായ 'മോറെ ഈൽ'വിഭാഗത്തിൽപെടുന്ന കടൽ മത്സ്യമാണ് തിങ്കളാഴ്ച ചത്തത്. മൃഗശാല ഡോക്ടർ ജേക്കബ് അലക്സാണ്ടറുടെ നേതൃത്വത്തിൽ മൂന്നു മണിക്കൂറോളം നീണ്ട ശസ്ത്രക്രിയയാണ് നടത്തിയത്.
ശസ്ത്രക്രിയ വിജയകരമായിരുന്നെങ്കിലും മറ്റ്പല ആന്തരികാവയവങ്ങൾക്കും ക്ഷതംസംഭവിച്ചതിനാൽ രക്ഷിക്കാനായില്ല. തിങ്കളാഴ്ച രാവിലെയോടെയാണ് മീൻ ചത്തത്. അക്വേറിയത്തിൽ മൂന്നു മോറെ ഈൽ മത്സ്യങ്ങളാണുള്ളത്. ഇതിൽ ഒരെണ്ണത്തിനാണ് കടിയേറ്റത്. ആറുസെ.മീറ്റർ നീളത്തിൽ മുറിവുണ്ടായി. കടിയേറ്റ ഭാഗത്തെ മാംസവും അടർന്നുപോയിരുന്നു. അഞ്ചുവർഷം മുമ്പ് അക്വേറിയത്തിൽ കൊണ്ടുവന്ന മത്സ്യത്തിന് ഇപ്പോൾ 600 ഗ്രാം തൂക്കമുണ്ട്. 30 തുന്നലുകൾ വേണ്ടിവന്നു. കടൽ മത്സ്യമായതിനാൽ ആ വെള്ളത്തിൽ തന്നെയായിരുന്നു ശസ്ത്രക്രിയ.
രാജ്യത്തെ മൃഗശാലകളിൽ ആദ്യമായാണ് മത്സ്യത്തിന് ശസ്ത്രക്രിയ നടത്തുന്നത്. ശസ്ത്രക്രിയക്കു ശേഷം അക്വേറിയത്തിൽ പ്രത്യേക ടാങ്കിലാണ് സൂക്ഷിച്ചത്. ശസ്ത്രക്രിയക്ക് ഡോ. ജേക്കബ് അലക്സാണ്ടറെ സഹായിക്കാൻ ചെങ്ങന്നൂർ നിന്നുള്ള ഡോക്ടർ ദമ്പതികളായ ടിക്കു എബ്രഹാം, അമൃത ലക്ഷ്മി എന്നിവരുമുണ്ടായിരുന്നു. ഇരുവരും കാറിൽ ചെങ്ങന്നൂരിൽനിന്നെത്തിയാണ് ശസ്ത്രക്രിയയുടെ ഭാഗമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

