മതിലകം: അഞ്ചുവർഷം മുമ്പ് ഖത്തറിൽനിന്ന് കളഞ്ഞുകിട്ടിയ മാലയും രത്നമോതിരവും നീണ്ട തിരച്ചിലിനൊടുവിൽ ഉടമയെ കണ്ടെത്തി തിരികെ നൽകി മലയാളി യുവാവ്. കൊടുങ്ങല്ലൂർ പി. വെമ്പല്ലൂർ മാമ്പി ബസാർ പുതിയ വീട്ടിൽ ബാവുവിെൻറ മകൻ ഷെഫീറാണ് സത്യസന്ധതയുടെ വേറിട്ട രൂപമായത്.
അഞ്ചുവർഷം മുമ്പാണ് തമിഴ്നാട്ടുകാരനായ കാർത്തിക് കൃഷ്ണകുമാറിെൻറ അഞ്ചു പവെൻറ മാലയും ഒരുപവെൻറ രത്ന മോതിരവുമടങ്ങുന്ന പെട്ടി ഖത്തറിൽ നഷ്ടപ്പെട്ടത്. ഏറെ തിരഞ്ഞിട്ടും കണ്ടുകിട്ടിയില്ല. കുറച്ചുനാളുകൾക്കുശേഷം കാർത്തിക് ഖത്തർ വിട്ടുപോയി.
കഴിഞ്ഞ വർഷം മാർച്ചിലാണ് കാർത്തിക് അന്ന് യാത്ര ചെയ്ത കാർ വിൽക്കുന്നതിെൻറ ഭാഗമായ പരിശോധനക്കിടയിൽ ഡിക്കിയിലെ സ്റ്റെപ്പിനി ടയറിനടിയിൽനിന്ന് ആ ചെറിയ ബോക്‌സ് ഷെഫീറിന് കിട്ടുന്നത്. കാർത്തികിനെക്കുറിച്ച് അന്വേഷിച്ചെങ്കിലും എവിടെയാണെന്ന് പോലും ആർക്കും അറിയില്ലായിരുന്നു.
അവസാനം, മാലയുടെയും മോതിരത്തിെൻറയും ചിത്രമടക്കം ഷെഫീർ ഫേസ്ബുക്കിൽ പോസ്റ്റിട്ടു. പതിനായിരക്കണക്കിന് ആളുകൾ അത് ഷെയർ ചെയ്തതോടെ ബഹ്‌റൈനിലുള്ള കാർത്തിക് വിവരം അറിയുകയായിരുന്നു. ചൊവ്വാഴ്ച മതിലകം പൊലീസ് സ്റ്റേഷനിൽ എസ്.ഐയുടെ സാന്നിധ്യത്തിൽ കാർത്തികിെൻറ സുഹൃത്ത് മിഥുന് ഷെഫീർ ആഭരണം കൈമാറി.