പട്ടുവത്ത് അപൂർവ വന്യജീവി
text_fieldsഇരിക്കൂർ: ഇരിക്കൂർ പഞ്ചായത്തിലെ ഏഴാം വാർഡ് പട്ടുവത്ത് അപൂർവ വന്യജീവിയെ കണ്ടെത്തി. പട്ടുവം മസ്ജിദിനു സമീപത്തെ അബ്ദുൽ ജബ്ബാറിെൻറ വീട്ടുമുറ്റത്താണ് ഇന്നലെ രാവിലെ അപൂർവ ജീവിയെ കണ്ടത്. കളിക്കാനായി വീട്ടുമുറ്റത്തിറങ്ങിയ കുട്ടികളാണ് ഈ ജീവിയെ കണ്ടെത്തിയത്. കുട്ടികൾ പേടിച്ച് വീട്ടിനുള്ളിലേക്ക് ഓടി. വാതിലടച്ചശേഷം വീട്ടുകാരോട് വിവരം പറയുകയായിരുന്നു. മാതാപിതാക്കൾ എത്തിനോക്കിയപ്പോൾ നാളിതുവരെ എവിടെയും കണ്ടുപരിചയമില്ലാത്ത ഒരു ജീവിയായതിനാൽ ഇവർ സമീപവാസികളെ അറിയിക്കുകയായിരുന്നു.
നാട്ടുകാർ എത്തിയതോടെ വന്യജീവി സമീപത്തെ തോട്ടത്തിലേക്ക് ഇറങ്ങി. നാട്ടുകാർ പഞ്ചായത്ത് അധികൃതരേയും പൊലീസിനെയും അറിയിച്ചു. പൊലീസ് വനം വകുപ്പ് അധികൃതർക്ക് വിവരം കൈമാറിയ ശേഷം സ്ഥലത്തെത്തി. കാട്ടുപൂച്ച വർഗത്തിൽപ്പെട്ട ജീവിയാകാമെന്ന നിഗമനത്തിലായിരുന്നു പൊലീസ്. കുട്ടികളെയും മറ്റും ആക്രമിക്കാനിടയുള്ളതിനാൽ കുട്ടികളെ പുറത്തുവിടരുതെന്ന് പൊലീസുകാർ വീട്ടുകാർക്ക് നിർദേശം നൽകി. പൊലീസുകാരും നാട്ടുകാരും തിരച്ചിൽ തുടങ്ങിയതോടെ വന്യജീവി മറഞ്ഞുകളഞ്ഞു. അപൂർവ വന്യജീവിയെ കണ്ടെന്ന വാർത്ത പരന്നതോടെ പട്ടുവം, കോളോട്, ഗാന്ധിനഗർ, വളവുപാലം, പട്ടീൽ മേഖലയിലെ വീട്ടുകാർ ഭയപ്പാടിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
