പറഞ്ഞും പാടിയും വേടൻ; ഏറ്റെടുത്ത് ജനം
text_fieldsഇടുക്കി വാഴത്തോപ്പ് സ്കൂൾ മൈതാനത്ത് ‘എന്റെ കേരളം’ മേളയുടെ സമാപന ചടങ്ങിൽ റാപ്പർ വേടൻ പാടുന്നു
ചെറുതോണി: തെറ്റുകൾ ഏറ്റുപറഞ്ഞും നന്നാവാൻ ഉപദേശിച്ചും റാപ്പർ വേടൻ. വേടന്റെ പാട്ടുകൾക്കൊപ്പം വാക്കുകളും ഏറ്റെടുത്ത് കൗമാരക്കാരും യുവാക്കളും. കഞ്ചാവ് കേസിൽ പ്രതിചേർക്കപ്പെട്ടതിനെത്തുടർന്ന് ഒരാഴ്ചമുമ്പ് റദ്ദാക്കിയ പരിപാടി അതേ വേദിയിൽ അവതരിപ്പിച്ചപ്പോൾ ഒഴുകിയെത്തിയത് ആയിരങ്ങൾ.
രണ്ടാം പിണറായി സർക്കാറിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് ഇടുക്കി വാഴത്തോപ്പ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്ത് നടന്ന ‘എന്റെ കേരളം’ പ്രദർശന-വിപണന മേളയുടെ സമാപനച്ചടങ്ങിലാണ് വിവാദങ്ങൾ കത്തിനിൽക്കുന്നതിനിടെ റാപ്പർ വേടൻ എത്തിയത്.
സമാപന സമ്മേളനശേഷം രാത്രി എട്ടോടെ വേടന്റെ ഷോ ആരംഭിച്ചു. സ്ത്രീകളും കുട്ടികളുമടക്കമുള്ള വൻ ജനാവലിയാണ് ഗായകനെ വരവേറ്റത്. വേടന്റെ ഓരോ വരിക്കും യുവാക്കളുടെ ആവേശം അണപൊട്ടി.
‘‘ആവേശവും സ്നേഹവും എന്നും ഉണ്ടാകണം. നിങ്ങൾ എന്നെക്കണ്ട് ഒന്നിലും സ്വാധീനിക്കരുത്. ഞാനൊറ്റക്കാണ് വളർന്നുവന്നത്. എനിക്കാരും ഒന്നും പറഞ്ഞുതരാൻ ഉണ്ടായിരുന്നില്ല. ഞാൻ നിങ്ങടെ ചേട്ടനും അനിയനുമാണ്. നിങ്ങൾക്ക് എന്നോട് എന്തും പറയാം. പലതും മാറില്ല; പഠിക്കുക. ഞാൻ എന്റെ പണി ചെയ്യുന്നു’’ എന്ന് വേടൻ പാടിപ്പറഞ്ഞാണ് അവസാനിപ്പിച്ചത്.
ജില്ലയിൽ മേള തുടങ്ങിയ 29ന് വേടന്റെ റാപ്പ് പരിപാടി നിശ്ചയിച്ചിരുന്നു. എന്നാൽ, 28ന് കൊച്ചിയിലെ വേടന്റെ ഫ്ലാറ്റിൽനിന്ന് കഞ്ചാവ് പിടികൂടിയതിന് പിന്നാലെ പരിപാടി റദ്ദാക്കുകയായിരുന്നു. കേസിൽ ജാമ്യം കിട്ടുകയും തെറ്റ് തിരുത്താൻ പരിശ്രമിക്കുമെന്ന് വേടൻ അറിയിച്ചതിന്റെയും പശ്ചാത്തലത്തിലാണ് വീണ്ടും സംഘടിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

