ടി.എൻ പ്രതാപന് സർപ്രൈസുമായി വേടൻ; പുരസ്കാരം ലഭിച്ച ഒരുലക്ഷം രൂപ ലൈബ്രറിക്ക് തിരികെ നൽകി
text_fieldsതളിക്കുളം പ്രിയദർശിനി വായനശാലയുടെ പ്രഥമ പ്രിയദർശിനി പുരസ്കാരം റാപ്പർ വേടന് ഷാഫി പറമ്പിൽ എം.പി സമ്മാനിക്കുന്നു
തൃശൂർ: തളിക്കുളം പ്രിയദർശിനി വായനശാലയുടെ പ്രഥമ പ്രിയദർശിനി പുരസ്കാരം സ്വീകരിക്കാനെത്തിയ റാപ്പർ വേടൻ ഇത്തവണ സദസിനെ കീഴടക്കിയത് പാട്ടിലൂടെയല്ല, സർപ്രൈസ് പ്രഖ്യാപനളിലൂടെയാണ്.
തളിക്കുളത്തെ സ്നേഹതീരം കടപ്പുറത്ത് നടന്ന നവീകരിച്ച വായനശാലയുടെ ഉദ്ഘാടന ചടങ്ങിൽ വെച്ച് ഒരു ലക്ഷം രൂപയുടെ പ്രിയദർശിനി പുരസ്കാരം ഷാഫി പറമ്പിൽ എം.പി വേടന് സമ്മാനിച്ചു. തുടർന്ന് വേടൻ നടത്തിയ പ്രസംഗത്തിൽ പുരസ്കാര തുകയായ ഒരു ലക്ഷം രൂപ പുസ്തകങ്ങൾ വാങ്ങാനായി ലൈബ്രറിയുടെ പ്രസിഡന്റ് ടി.എൻ. പ്രതാപന് തിരികെ നൽകുന്നുവെന്ന് പ്രഖ്യാപിച്ചു.
തുക തിരികെ കൈമാറിയ വേടൻ അടുത്ത സർപ്രൈസും പൊട്ടിച്ചു. ലൈബ്രറി പ്രസിഡന്റ് ടി.എൻ പ്രതാപന്റെ ജന്മദിനമാണ് ഇന്ന് എന്നതായിരുന്നു വേടന്റെ വെളിപ്പെടുത്തൽ. തൊട്ടുപിന്നാലെ വേടൻ കൊണ്ടുവന്ന പിറന്നാൾ കേക്ക് വേദിയിൽ എത്തി. സദസിലുണ്ടായിരുന്ന പ്രതാപന്റെ ഭാര്യ യു.കെ. രമയെയും വേടൻ സ്റ്റേജിലേക്ക് ക്ഷണിച്ച് കേക്ക് മുറിച്ച് പങ്കിട്ടു. തുടർന്ന് ആസ്വാദകരുടെയും സംഘാടകരുടെയും ആവശ്യപ്രകാരം മൂന്ന് റാപ്പ് ഗാനങ്ങളും പാടി.
മുൻ എംപി കൂടിയായ കോൺഗ്രസ് നേതാവ് ടി.എൻ.പ്രതാപൻ സംഘടിപ്പിച്ച വായനാശാലയുടെ ഉദ്ഘാടനച്ചടങ്ങിൽ വിവിധ രാഷ്ടീയ കക്ഷികളുടെ നേതാക്കളും പൊതുപ്രവർത്തകരും എത്തിയിരുന്നു. എഴുത്തുകാരായ ആലങ്കോട് ലീലാകൃഷ്ണനും അശോകൻ ചരുവിലും ചേർന്നാണ് നവീകരിച്ച പ്രിയദർശിനി ലൈബ്രറിയുടെ ഉദ്ഘാടനം നിർവഹിച്ചത്. സി.സി.മുകുന്ദൻ എം.എൽ.എ., കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

