എന്‍റെ ഈ ഒറ്റ ജീവിതം ജനങ്ങളുടെ മുന്നിൽ ജീവിച്ച് മരിക്കും -വേടൻ
text_fieldsപത്തനംതിട്ട: ബലാത്സംഗക്കേസിൽ അന്വേഷണം നേരിടുന്നതിനിടെ സംഗീത പരിപാടിയിൽ പങ്കെടുത്ത് റാപ്പർ വേടൻ എന്ന ഹിരൺദാസ് മുരളി. ഇന്നലെ വൈകുന്നേരം കോന്നിയിലെ സംഗീത പരിപാടിക്കാണ് വേടൻ എത്തിയത്.
ഒരുപാട് ആൾക്കാര് വിചാരിക്കുന്നത് വേടൻ എവിടെയോ പോയെന്നാണ്. ഒരു കലാകാരൻ ഒരിക്കലും എവിടെയും പോകുന്നില്ല - സംഗീതപരിപാടിക്കിടെ വേടൻ പറഞ്ഞു. ഞാൻ എന്‍റെ ഈ ഒറ്റ ജീവിതം ഈ ജനങ്ങളുടെ മുന്നിൽ ജീവിച്ച് മരിക്കാൻ വേണ്ടി തന്നെയാണ് വന്നിരിക്കുന്നതെന്നും വേടൻ സദസ്സിനോട് പറഞ്ഞു.
ബലാത്സംഗക്കേസിൽ ഹൈകോടതിയിൽനിന്ന് മുൻകൂർ ജാമ്യം നേടിയ വേടൻ, ഇന്ന് അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകാനിരിക്കുകയാണ്. അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണമെന്നും അറസ്റ്റ് രേഖപ്പെടുത്തിയാൽ ജാമ്യത്തിൽ വിട്ടയക്കണമെന്നുമാണ് കോടതി നിർദേശം.
വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് യുവഡോക്ടറാണ് വേടനെതിരെ പീഡന പരാതി നൽകിയത്. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നും പെട്ടെന്ന് ഒരു സുപ്രഭാതത്തില്‍ എല്ലാം ഉപേക്ഷിച്ചുപോയെന്നും ഇതോടെ മാനസികനില തകരാറിലായെന്നുമാണ് യുവതിയുടെ പരാതി. കാലങ്ങളോളം ചികിത്സ തേടേണ്ടിവന്നു. ഏറെ കാലമെടുത്താണ് സാധാരണജീവിതത്തിലേക്ക് മടങ്ങിവരാനായതെന്നും പരാതിക്കാരി കോടതിയില്‍ പറഞ്ഞിരുന്നു. എന്നാൽ, ബന്ധം ഉഭയസമ്മതപ്രകാരമായിരുന്നു എന്ന് കരുതാൻ മതിയായ തെളിവുകളുണ്ടെന്നും ബ്രേക്ക് അപ്പിന് ശേഷം ആരോപണങ്ങളുമായി മറ്റയാളുടെ ഭാവി നശിപ്പിക്കാനുള്ള പ്രവണതയുണ്ടെന്നും നിരീക്ഷിച്ചാണ് കോടതി വേടന് മുൻകൂർ ജാമ്യം അനുവദിച്ചത്.
വേടനെതിരെ ഗവേഷക വിദ്യാർഥി കൂടി പിന്നീട് പരാതിയുമായി രംഗത്തെത്തിയിരുന്നു. ഗവേഷക വിദ്യാർഥിനി മുഖ്യമന്ത്രിയുടെ ഓഫിസിൽ നല്‍കിയ പരാതി എറണാകുളം സെൻട്രൽ പൊലീസിന് കൈമാറിയിരുന്നു. സംഗീത ഗവേഷണത്തിന്റെ പേരിൽ വേടനുമായി ഫോണിലൂടെ ബന്ധപ്പെട്ടുവെന്നും 2020ൽ കൊച്ചിയിലെ ഫ്ലാറ്റിലേക്ക് വരാൻ പറഞ്ഞുവെന്നും അവിടെ വെച്ച് അപമാനിക്കാൻ ശ്രമിച്ചുവെന്നുമാണ് പരാതിയിലുള്ളത്. ആ സ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെടുകയായിരുന്നുവെന്നും യുവതി പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

