കണ്ടെയ്നറുകൾ നീക്കം ചെയ്യാൻ റാപിഡ് റെസ്പോൺസ് ടീം
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ തീരപ്രദേശങ്ങളിൽ അടിഞ്ഞ കണ്ടെയ്നറുകൾ കരയിൽ നിന്ന് സുരക്ഷിതമായി മാറ്റാൻ റാപിഡ് റെസ്പോൺസ് ടീമുകളെ ചുമതലപ്പെടുത്താൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ തിങ്കളാഴ്ച ചേർന്ന ഉന്നതതലയോഗം തീരുമാനിച്ചു. രണ്ട് വീതം റാപിഡ് റെസ്പോൺസ് ടീമുകൾ തൃശൂർ മുതൽ തെക്കൻ ജില്ലകളിലും, ഓരോ ടീമുകൾ വീതം വടക്കൻ ജില്ലകളിലും പ്രവർത്തിക്കും.
ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പിന്റെ നേതൃത്വത്തിൽ എക്സ്കവേറ്റർ, ക്രെയിനുകൾ എന്നിവ ഉപയോഗിച്ചാകും കണ്ടെയ്നറുകൾ നീക്കുക. എണ്ണപ്പാട തീരത്ത് എത്തിയാൽ കൈകാര്യം ചെയ്യാൻ മലിനീകരണ നിയന്ത്രണ ബോർഡിന്റെ നേതൃത്വത്തിൽ രണ്ട് വീതം റാപിഡ് റെസ്പോൺസ് ടീമുകൾ തൃശൂർ മുതൽ തെക്കൻ ജില്ലകളിലും ഓരോന്ന് വീതം വടക്കൻ ജില്ലകളിലും പ്രവർത്തിക്കും. ജില്ല ദുരന്ത നിവാരണ അതോറിറ്റിയും പൊലീസും മറ്റു വകുപ്പുകളും ഇവർക്കുവേണ്ട സഹായങ്ങൾ ചെയ്യണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.
കപ്പലിലെ എണ്ണ കടലിന്റെ താഴെത്തട്ടിൽ പെട്ടുപോകാൻ സാധ്യതയുള്ളതിനാൽ, കോസ്റ്റ് ഗാർഡ്, നേവി, വനംവകുപ്പ്, ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് എന്നിവയെ ഉൾപ്പെടുത്തി പദ്ധതി തയാറാക്കും. തീരത്ത് അസാധാരണ വസ്തുക്കളോ കണ്ടെയ്നറുകളോ കണ്ടാൽ അടുത്തുപോകുകയോ തൊടുകയോ ചെയ്യരുതെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ഈ വസ്തുക്കളിൽ നിന്ന് 200 മീറ്ററെങ്കിലും അകലെ നിൽക്കണം. 112 എന്ന ഫോൺ നമ്പറിൽ വിളിച്ചറിയിക്കണമെന്ന് അതോറിറ്റി കൂട്ടിച്ചേർത്തു.
13 കണ്ടെയ്നറുകളിൽ അപകടകരമായ വസ്തുക്കൾ
കൊച്ചി പുറങ്കടലിൽ മുങ്ങിയ എം.എസ്‌സി എൽസ 3 കപ്പലിൽനിന്നുള്ള കണ്ടെയ്നറുകൾ കേരളത്തിന്‍റെ വിവിധ തീരപ്രദേശങ്ങളിൽ അടിഞ്ഞതോടെ, ജാഗ്രത നിർദേശവുമായി സംസ്ഥാന സർക്കാർ. കപ്പലിലുണ്ടായിരുന്ന 643 കണ്ടെയ്നറുകളിൽ13 എണ്ണത്തിൽ ചിലത് അപകടകരമായ വസ്തുക്കളാണ്. ചിലതിൽ (കാൽസ്യം കാർബേഡ്) വെള്ളം ചേർന്നാൽ തീ പിടിക്കാവുന്ന, പൊള്ളലിന് കാരണമാകാവുന്ന രാസവസ്തുവുമുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
അതിനാൽ കണ്ടെയ്നറുകളുടെ സമീപത്തേക്ക് പോകരുതെന്നും ചുരുങ്ങിയത് 200 മീറ്ററെങ്കിലും മാറി നിൽക്കാൻ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു. ശനിയാഴ്ച തോട്ടപ്പള്ളി സ്പിൽവേയിൽ നിന്ന് 14.6 നോട്ടിക്കൽ മൈൽ അകലെ മുങ്ങിയ കപ്പലിൽ നിന്ന് രാത്രിയോടെ, കരുനാഗപ്പള്ളിക്കു സമീപമാണ് ആദ്യ കണ്ടെയ്നർ അടിഞ്ഞത്. ഞായറാഴ്ച രാവിലെയോടെ കൊല്ലം, ആലപ്പുഴ തീരപ്രദേശങ്ങളിലായി രാവിലെ 11 ഓടെ 27 കണ്ടെയ്നറുകൾ അടിയുകയായിരുന്നു.
കപ്പലിലെ ഇന്ധനം ചോർന്ന സാഹചര്യത്തിൽ എണ്ണ പടരുന്നത് തടയാനുള്ള നടപടികൾ കോസ്റ്റ് ഗാർഡ് തുടരുകയാണ്. എണ്ണ നശിപ്പിക്കാനായി ഒരു ഡോണിയർ വിമാനത്തിൽ പൊടി തളിക്കുന്ന ജോലിയും പുരോഗമിക്കുന്നുണ്ട്. ടയർ 2 , ഇൻസിഡന്‍റ് വിഭാഗത്തിലുള്ള ദുരന്തമായതിനാൽ കോസ്റ്റ് ഗാർഡ് ഡയറക്ടർ ജനറലിന്‍റെ മേൽനോട്ടത്തിൽ ദേശീയ സേനകളെകൂടി ഉൾപ്പെടുത്തിയുള്ള പ്രതിരോധ പ്രവർത്തനങ്ങളാണ് നടക്കുന്നത്. വരും ദിവസങ്ങളിൽ ആലപ്പുഴ, കൊല്ലം, എറണാകുളം, തിരുവനന്തപുരം ജില്ലകളിലെ തീരങ്ങളിൽ കൂടുതൽ കണ്ടെയ്നർ അടിഞ്ഞേക്കാമെന്നാണ് നിരീക്ഷണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

