വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു; യുവതിയുടെ പരാതിയിൽ സഹസംവിധായകനെതിരെ കേസ്
text_fieldsകൊച്ചി: വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ ചെങ്ങന്നൂർ സ്വദേശിയായ സഹസംവിധായകൻ ജോജോ കുരിശിങ്കലിനെതിരെ പൊലീസ് കേസെടുത്തു. മോഡലായ യുവതി നൽകിയ പരാതിയിലാണ് മരട് പൊലീസ് കേസെടുത്തത്.
ഡേറ്റിങ് ആപ് വഴി പരിചയപ്പെട്ട തന്നെ ജോജോ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാണ് പരാതി. സംവിധായകനാണെന്ന് പറഞ്ഞാണ് ജോജോ യുവതിയെ പരിചയപ്പെട്ടത്. താൻ വിവാഹമോചിതനാണെന്നും വിവാഹം കഴിക്കാൻ താൽപര്യമുണ്ടെന്നും പറഞ്ഞ് യുവതിയെ വിശ്വസിപ്പിച്ചു. പലതവണ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിച്ചു. ഇതിനൊപ്പം ദേഹോപദ്രവം ഏൽപ്പിച്ചെന്നും വിവാഹം ചെയ്യാതെ വഞ്ചിച്ചെന്നും പരാതിയിൽ പറയുന്നു.
വിവാഹ വാഗ്ദാനത്തിൽനിന്ന് പിന്മാറിയതോടെയാണ് യുവതി പൊലീസിൽ പരാതി നൽകിയത്. പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. അതിജീവിതയുടെ വിശദ മൊഴി പൊലീസ് രേഖപ്പെടുത്തി. വൈദ്യപരിശോധനയും പൂർത്തിയാക്കി. കേസിൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
പത്തനാപുരം വനംവകുപ്പ് റേഞ്ച് ഓഫിസിൽ ജോജോക്കെതിരെ ക്രിമിനൽ കേസ് നിലവിലുണ്ട്. നെടുംപാറ വനമേഖലയിൽ അതിക്രമിച്ചു കയറി കാട്ടുപോത്തിനെ വേട്ടയാടിയ സംഭവത്തിലാണ് വനംവകുപ്പ് കേസെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

