നീതിക്കായി മരിക്കാനും തയാറെന്ന് കന്യാസ്ത്രീയുടെ സഹോദരി
text_fieldsകൊച്ചി: നീതി കിട്ടാൻ കുടുംബത്തോടൊപ്പം നിരാഹാരം കിടക്കാനും മരിക്കാനും തയാറാണെന്ന് ജലന്ധർ ബിഷപ് ഫ്രാേങ്കാ മുളയ്ക്കലിനെതിരെ പരാതി നൽകിയ കന്യാസ്ത്രീയുടെ മൂത്ത സഹോദരി. വെള്ളിയാഴ്ച കന്യാസ്ത്രീകൾക്ക് പിന്തുണയുമായി സമരപ്പന്തലിൽ എത്തിയതായിരുന്നു അവർ. സഹോദരിക്ക് നീതി ലഭിക്കണം, അപ്പച്ചൻ ജീവനോടെയുണ്ടായിരുന്നെങ്കിൽ സമരപ്പന്തലിൽ നിരാഹാരം കിടക്കുമായിരുന്നു. ഫ്രാങ്കോയെ പിതാവെന്ന് വിളിക്കാൻ ആവില്ല. അത്രക്ക് ക്രൂരമായാണ് അവൻ എെൻറ അനുജത്തിയോട് പെരുമാറിയത്.
മനുഷ്യെൻറ രൂപമുള്ള പിശാചാണ് അയാൾ. 27 വർഷം അപ്പച്ചൻ പട്ടാളത്തിൽ ജോലിചെയ്തു. അമ്മ മരിച്ചശേഷം അഞ്ച് സഹോദരങ്ങളെ വളർത്തിയ ആളാണ് താൻ. കുഞ്ഞനുജത്തി പീഡിപ്പിക്കപ്പെട്ടു എന്നറിഞ്ഞപ്പോൾ വലിയ വിഷമവും വേദനയും തോന്നി. ഫ്രാങ്കോയെ നിയമത്തിെൻറ മുന്നിലല്ല കൊണ്ടുവരേണ്ടത്. മനഃസാക്ഷിയുടെ കോടതിയിൽ ജനങ്ങൾ ഇപ്പോൾ ശിക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും അവർ പറഞ്ഞു.
കെ.സി.ബി.സി മാപ്പുപറയണം –ഫാ. അഗസ്റ്റിൻ വട്ടോളി
കൊച്ചി: നീതിക്ക് വേണ്ടി സമരം ചെയ്യുന്ന കന്യാസ്ത്രീകളെ അപമാനിച്ച് പ്രസ്താവനയിറക്കിയ കെ.സി.ബി.സി മാപ്പുപറയണമെന്ന് സേവ് അവർ സിസ്റ്റേഴ്സ് ആക്ഷൻ കൗൺസിൽ ഭാരവാഹി ഫാ. അഗസ്റ്റിൻ വട്ടോളി. മാർപാപ്പയുടെ നിലപാടുകൾക്കെതിരാണ് കെ.സി.ബി.സിയുടെ പ്രസ്താവന. സി.ബി.സി.െഎ അധ്യക്ഷനായ ബോംബെ ആര്‍ച് ബിഷപ് കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് ബിഷപ് ഫ്രാേങ്കാ മുളക്കൽ മാറിനിൽക്കണമെന്ന് ആവശ്യപ്പെട്ടതിലൂടെ വ്യക്തമായത് മാർപാപ്പയുടെ നിലപാടാണ്. അച്ചൻ പട്ടം സ്വീകരിക്കുന്നത് ബലാൽക്കാരം ചെയ്യാനോ ഭൂമിയിടപാട് നടത്താനോ അല്ല. ക്രിസ്തുവിൽ വിശ്വസിക്കുന്നതുകൊണ്ടാണ് വൈദികനായ താൻ സമരപ്പന്തലിൽ നിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പൊലീസ് തുല്യനീതി ഉറപ്പാക്കണം –ലതിക സുഭാഷ്
കൊച്ചി: ശ്രീജിത്തിനെ മർദിച്ച് കൊലപ്പെടുത്തിയ പൊലീസ് ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യാൻ വൈകുന്നതിലൂടെ തുല്യനീതി നിഷേധിക്കുകയാണെന്ന് മഹിള കോൺഗ്രസ് പ്രസിഡൻറ് ലതിക സുഭാഷ്. സഭയ്ക്കും പൗരോഹിത്യത്തിനും കളങ്കം വരുത്തിെവച്ച ബിഷപ്പിനെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്നും പീഡകരെ സംരക്ഷിക്കുന്ന സർക്കാറിനെതിരെ 18 ന് സെക്രേട്ടറിയറ്റിന് മുന്നിൽ ധർണ നടത്തുമെന്നും അവർ പറഞ്ഞു.
ഭരണകൂടത്തിലും പൊലീസിലും വിശ്വാസം നഷ്ടപ്പെട്ടു –വി.പി. സുഹ്റ
കൊച്ചി: കന്യാസ്ത്രീകൾക്ക് സഭയിലും ‘ഭരണകൂടത്തിലും പൊലീസിലും വിശ്വാസം നഷ്ടമായെന്ന് സാമൂഹിക പ്രവർത്തക വി.പി. സുഹ്റ. ലൗകീക സുഖങ്ങൾ ’ ത്യജിച്ചവരാണ് കന്യാസ്ത്രീകൾ. അവർക്ക് മാനം നഷ്ടമായിരിക്കുന്നു. അമ്മയെപ്പോലെ കരുതുന്ന മദറിന് പരാതി കൊടുത്തിട്ടും ഫ്രാങ്കോയുടെ സിംഹാസനത്തിന് ഇളക്കം തട്ടിയിെല്ലന്നു സമരപ്പന്തലിൽ കന്യാസ്ത്രീകൾക്ക് പിന്തുണയുമായി എത്തിയ അവർ പറഞ്ഞു.
നിയമം ഏവർക്കും തുല്യമാകണം –മധുപാൽ
കൊച്ചി: നിയമം ഏവർക്കും തുല്യമാകണമെന്ന് നടൻ മധുപാൽ. ഒരു സത്രീയും തനിക്ക് പീഡനമേൽക്കേണ്ടിവന്നുവെന്ന് വെറുതെ പറയില്ല. സമൂഹം സത്രീകൾക്ക് മാന്യതയും പ്രാധാന്യവും നൽകുന്നത് അതുകൊണ്ടാണ്. തനിക്ക് നീതി ലഭിക്കണമെന്ന് ഒരു ഇര പറയുന്നതുതന്നെ വലിയ പീഡനമാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
