കോലഞ്ചേരി (കൊച്ചി): ക്രൂര പീഡനത്തിെൻറ വേദനയിൽനിന്ന് ആ വയോധിക വീണ്ടും ജീവിതത്തിലേക്ക്. പാങ്കോട് പീഡനത്തിനിരയായ ഇവർ ഒരു മാസത്തെ ചികിത്സക്ക് ശേഷമാണ് കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രി വിട്ടത്.
ആഗസ്റ്റ് രണ്ടിനായിരുന്നു നാടിനെ നടുക്കിയ സംഭവം. ബലാത്സംഗശ്രമം ചെറുത്ത വയോധികയെ പീഡിപ്പിച്ച കേസിൽ മുഖ്യപ്രതി ചെമ്പറക്കി വാഴപ്പിള്ളിൽ മുഹമ്മദ് ഷാഫി (48), രണ്ടാം പ്രതി പാങ്കോട് ആശാരി മൂലയിൽ മനോജ് (42), ഇയാളുടെ മാതാവും മുഖ്യപ്രതിയുടെ സഹായിയുമായ ഓമന (60) എന്നിവരെ തൊട്ടടുത്ത ദിവസംതന്നെ പുത്തൻകുരിശ് പൊലീസ് പിടികൂടിയിരുന്നു. ശരീരമാസകലം കത്തികൊണ്ട് വരയുകയും വയറ്റിൽ കുത്തുകയും ചെയ്തിരുന്നു. ഗുരുതര പരിക്കേറ്റ ഇവരെ ആദ്യം പഴങ്ങനാട്ടെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോലഞ്ചേരി മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു.
ഇവിടെ നടത്തിയ പരിശോധനയിലാണ് പീഡനം പുറത്തറിഞ്ഞത്. ആന്തരികാവയവങ്ങൾക്കുൾെപ്പടെ മുറിവും ചതവുമേറ്റ് മൃതപ്രായയായ ഇവരെ സർജറി, ഗൈനക്കോളജി, യൂറോളജി വിഭാഗങ്ങൾ ഏകോപിപ്പിച്ചു നടത്തിയ ചികിത്സക്കൊടുവിലാണ് ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. ചികിത്സ ചെലവ് പൂർണമായും സർക്കാറാണ് വഹിച്ചത്.