വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന വിവാഹിതയുടെ ആരോപണം നിലനിൽക്കില്ല -ഹൈകോടതി
text_fieldsകൊച്ചി: വിവാഹിതയായ സ്ത്രീയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന ആരോപണം നിലനിൽക്കുന്നതല്ലെന്ന് ഹൈകോടതി. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിലെ പ്രതിയായ പാലക്കാട് ആലത്തൂർ സ്വദേശിക്ക് ജാമ്യം അനുവദിച്ചാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ നിരീക്ഷണം.
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച ശേഷം ഫോട്ടോയും വിഡിയൊയും പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി 2.5 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് ഹരജിക്കാരനെതിരെ കേസെടുത്തത്. തുടർന്ന് ജൂൺ 13 ന് അറസ്റ്റിലായി. നിലവിൽ വിവാഹിതയായ പരാതിക്കാരി ഉന്നയിക്കുന്ന ആരോപണങ്ങൾ വ്യാജമാണെന്നതടക്കം ചൂണ്ടിക്കാട്ടിയാണ് ഹരജിക്കാരൻ കോടതിയെ സമീപിച്ചത്.
സാമ്പത്തികത്തർക്കമാണ് പരാതിക്ക് കാരണമെന്നും വാദിച്ചു. പരാതിക്കാരി വിവാഹിതയാണെന്ന് പ്രോസിക്യൂഷൻ തന്നെ സമ്മതിക്കുന്നതായി കോടതി ചൂണ്ടിക്കാട്ടി. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന ആരോപണം വിവാഹിതയായ സ്ത്രീക്ക് ഉന്നയിക്കാനാവില്ലെന്നും വ്യക്തമാക്കി. തുർന്ന് 50,000 രൂപയുടെ സ്വന്തവും സമാന തുകക്കുള്ള മറ്റു രണ്ട് പേരുടേയും ബോണ്ട് കെട്ടിവെക്കണമെന്നതടക്കം വ്യവസ്ഥകളോടെ കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

