ബലാത്സംഗക്കുറ്റം നിലനില്‍ക്കില്ല, കസ്റ്റഡിയില്‍ ചോദ്യംചെയ്യേണ്ട ആവശ്യമില്ല; മുന്‍കൂർ ജാമ്യഹരജിയിൽ രാഹുൽ
text_fieldsരാഹുൽ മാങ്കൂട്ടത്തിൽ
കൊച്ചി: പരാതിക്കാരിയുടെ മൊഴി പ്രകാരം ബലാത്സംഗക്കുറ്റം നിലനില്‍ക്കില്ലെന്ന് ഹൈകോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യഹരജിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ. ബന്ധപ്പെട്ട നിയമസംവിധാനത്തിലല്ല, മുഖ്യമന്ത്രിക്കാണ് പരാതി നല്‍കിയത്. പരാതി നല്‍കുന്നതില്‍ കാലതാമസമുണ്ടായിട്ടുണ്ട്. രണ്ടുപേരുടെയും (രാഹുലിന്റെയും പരാതിക്കാരിയായ യുവതിയുടെയും) വൈവാഹികനില എന്താണെന്ന് വ്യക്തമായിരുന്നു. ഓഡിയോ ക്ലിപ് പുറത്തെത്തിയത് ഇരുവരും തമ്മിലുള്ള ബന്ധം വഷളാക്കിയെന്നും താനാണ് അത് സമൂഹമാധ്യമത്തില്‍ പ്രചരിപ്പിച്ചതെന്ന് പരാതിക്കാരി തെറ്റിധരിച്ചെന്നും രാഹുല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു.
പരാതിക്കാരിയുമായുള്ള ആശയവിനിമയ രേഖകള്‍ കൈമാറാന്‍ തയാറാണ്. പോലീസ് പിന്നാലെയുള്ളതിനാലാണ് ഇത് കൈമാറാന്‍ കഴിയാത്തത്. ഇടക്കാല ജാമ്യം നല്‍കിയാല്‍ അന്വേഷണത്തോട് സഹകരിക്കാം. കസ്റ്റഡിയില്‍ ചോദ്യംചെയ്യേണ്ട ആവശ്യം ഈ കേസില്‍ ഇല്ലെന്നും ജാമ്യാപേക്ഷയിൽ പറയുന്നു. ലൈംഗിക പീഡനക്കേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷ വ്യാഴാഴ്ച തിരുവനന്തപുരം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയതിന് പിന്നാലെയാണ് എം.എൽ.എ ഹൈകോടതിയെ സമീപിച്ചത്. ക്രിമിനല്‍ അഭിഭാഷകനായ എസ്. രാജീവ് മുഖേന നല്‍കിയ ഹരജി ശനിയാഴ്ച കോടതി പരിഗണിക്കും.
അതേസമയം മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന വൈകൃതമാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നും രാഷ്ട്രീയത്തിൽ നിന്നുതന്നെ ഇയാളെ മാറ്റിനിർത്തുകയാണ് വേണ്ടതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പൊതുരംഗത്തുനിന്ന് മാറ്റിനിർത്തപ്പെടേണ്ട ആളാണ് അയാൾ. രാഹുലിനെതിരെ ഫലപ്രദമായ അന്വേഷണം പൊലീസ് നടത്തുകയാണ്. വൈകാതെ തന്നെ രാഹുൽ പൊലീസ് പിടിയിലാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബലാത്സംഗ കുറ്റത്തിന് ജയിലിൽ കിടന്ന എത്ര എം.എൽ.എമാരെ കോൺഗ്രസ് പുറത്താക്കി? ഇത്തരം കേസുകളിൽ പ്രതികളായ എം.എൽ.എമാർ ഇപ്പോഴും കോൺഗ്രസിൽ തുടരുന്നുണ്ടല്ലോ. രാഹുലിനെ കുറിച്ച് അഭിപ്രായം പറഞ്ഞാൽ സൈബർ വെട്ടുകിളിക്കൂട്ടം ആക്രമണം നടത്തുന്ന സ്ഥിതിയാണ് ഉള്ളതെന്നും ഭാവിയുടെ വാഗ്ദാനമായാണ് കോൺഗ്രസ് രാഹുലിനെ അവതരിപ്പിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാം അറിഞ്ഞിട്ടും രാഹുലിന് സംരക്ഷിത കവചമൊരുക്കുകയാണ് കോൺഗ്രസ് നേതാക്കൾ ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

