മല്ലു ട്രാവലറിനെതിരെ പീഡനക്കേസ്; 100 ശതമാനം വ്യാജ പരാതിയെന്ന് വ്‌ളോഗർ
text_fieldsമല്ലു ട്രാവലർ എന്ന ട്രാവൽ വ്‌ളോഗർ ഷാക്കിർ സുബ്ഹാൻ
കൊച്ചി: മല്ലു ട്രാവലർ എന്ന ട്രാവൽ വ്‌ളോഗർ കണ്ണൂർ ഇരിട്ടി സ്വദേശി ഷാക്കിർ സുബ്ഹാനെതിരെ പീഡനക്കേസ്. സൗദി വനിതയുടെ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തു. എന്നാൽ, പരാതി 100 ശതമാനവും വ്യാജമാണെന്നും മതിയായ തെളിവുകൾ കൊണ്ട് അതിനെ നേരിടുമെന്നും ഷാക്കിർ സമൂഹമാധ്യമത്തിൽ കുറിച്ചു.
കഴിഞ്ഞ ബുധനാഴ്ച കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലിൽ വച്ച് കയറിപ്പിടിച്ചുവെന്നാണ് പരാതി. അഭിമുഖത്തിനെന്നു പറഞ്ഞാണ് യുവതിയെ കൊച്ചിയിലേക്കു വിളിച്ചുവരുത്തിയത്. കോഴിക്കോട് സ്വദേശിയായ പ്രതിശ്രുതവരനോടൊപ്പമാണ് ഇവർ എത്തിയിരുന്നത്. അഭിമുഖത്തിനിടെ അദ്ദേഹം പുറത്തുപോയ സമയത്ത് ഹോട്ടൽ മുറിയിൽ വച്ച് ഷാക്കിർ കയറിപ്പിടിക്കുകയായിരുന്നുവെന്നാണു പരാതിയിൽ പറയുന്നത്.
ഷാക്കിർ നിലവിൽ വിദേശത്താണെന്നാണ് പൊലീസ് പറയുന്നത്. നാട്ടിൽ തിരിച്ചെത്തിയാൽ അറസ്റ്റ് നടപടികളിലേക്കു കടക്കുമെന്ന് പൊലീസ് അറിയിച്ചു.
തന്നോട് ദേഷ്യം ഉള്ളവർക്ക് ആഘോഷമാക്കാനുള്ള അവസരം ആണിതെന്ന് ഷാക്കിർ പ്രതികരിച്ചു. ‘എന്റെ പേരിൽ ഒരു ഫേക്ക് പരാതി വാർത്ത കണ്ടു. 100% ഫേക്ക് ആണു. മതിയായ തെളിവുകൾ കൊണ്ട് അതിനെ നേരിടും. എന്നോട് ദേഷ്യം ഉള്ളവർക്ക് ഒരു ആഘോഷമാക്കാനുള്ള അവസരം ആണ് ഇത് എന്ന് അറിയാം. എന്റെ ഭാഗം കൂടി കേട്ടിട്ട്, അഭിപ്രായം പറയണം എന്ന് അപേക്ഷിക്കുന്നു’ -ഷാക്കിർ ഫേസ്ബുക്കിൽ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

