യുവതിയെ ബലാത്സംഗം ചെയ്ത് പണം തട്ടിയെന്ന്; സി.പി.എം പ്രവർത്തകനെതിരെ കേസ്
text_fieldsപത്തനംതിട്ട: സി.പി.എം പത്തനംതിട്ട ജില്ല സെക്രട്ടറിയുടെ മുന്‍ ഡ്രൈവര്‍ക്കെതിരെ ബലാത്സംഗത്തിന് കേസ്. അടൂര്‍ പഴകുളം സ്വദേശിക്കെതിരെയാണ് പത്തനംതിട്ട വനിത പൊലീസ് കേസെടുത്തത്. ബന്ധുവായ യുവതിയെ ബലാത്സംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നും അഞ്ചുലക്ഷം തട്ടിയെന്നുമാണ് പരാതി.
സംഭവം പുറത്തുവന്നതോടെ യുവതിയുടെ അയൽവാസിയായ പ്രതിയും ഭാര്യയും മുങ്ങി. കഴിഞ്ഞ വർഷം മാർച്ചിൽ പൊലീസ് കേസിൽ ജയിലിലായ ഭർത്താവിനെ ജാമ്യത്തിലിറക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച് പണം കവരുകയും പിന്നീട് ചതിയിൽപെടുത്തി ബലാത്സംഗം ചെയ്യുകയും ദൃശ്യങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തെന്നാണ് പരാതി. പാർട്ടി അംഗം കൂടിയായ യുവതി വ്യാഴാഴ്ചയാണ് ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകിയത്.
ഒരുവർഷം മുമ്പ് ഭർത്താവിനെ കാണാൻ കൊട്ടാരക്കര സബ്ജയിലിലെത്തിയപ്പോൾ തെറ്റിദ്ധരിപ്പിച്ച് ഹോട്ടലിലെത്തിച്ചശേഷം ബലാത്സംഗം ചെയ്യുകയും ദൃശ്യങ്ങൾ പകർത്തി പീഡനം തുടരുകയുമായിരുന്നു. പലതവണയായി ഭീഷണിപ്പെടുത്തി പണം വാങ്ങി. പല സ്ഥലങ്ങളിലും കൊണ്ടുേപായി പീഡിപ്പിച്ചു. ശല്യം തുടർന്നതോടെ ഒരാഴ്ചമുമ്പ് പരാതിക്കാരി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.
മാസങ്ങൾക്കുമുമ്പ് പാർട്ടി നേതൃത്വത്തിന് പരാതി നൽകിയിട്ടും പ്രതിയെ സംരക്ഷിക്കുന്ന നിലപടാണുണ്ടായത്. ഇതോടെയാണ് പൊലീസിനെ സമീപിച്ചത്. ഇതിനിടെ ജില്ല നേതാക്കൾ മധ്യസ്ഥത വഹിച്ച് രണ്ടുലക്ഷം തിരികെ നൽകി. ബാക്കി പണം അടൂരിലെ പൊലീസുകാർക്ക് കൊടുത്തയായാണ് പ്രതി യുവതിയോട് പറഞ്ഞത്. അതേസമയം, നേതൃത്വത്തിന് പരാതി നൽകിയിട്ടില്ലെന്നും വിഷയം ശ്രദ്ധയിൽപെട്ട ഉടൻ പ്രതിയെയും പരാതിക്കാരിയെയും പുറത്താക്കിയതായും സി.പി.എം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

