വിവാഹ വാഗ്ദാനം നൽകി പീഡനം: ഒളിവിൽപോയ പ്രതി രണ്ടുവർഷത്തിന് ശേഷം പിടിയിൽ
text_fieldsതിരുവല്ല: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ ഒളിവിൽ പോയ പ്രതി രണ്ടുവർഷങ്ങൾക്ക് ശേഷം പിടിയിലായി. പായിപ്പാട് മങ്ങാട്ട് പറമ്പിൽ വീട്ടിൽ ഷെബിൻ മുഹമ്മദ് (35) ആണ് തിരുവല്ല പോലീസിന്റെ പിടിയിലായത്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയും സ്വർണാഭരണങ്ങളും പണവും തട്ടിയെടുത്തെന്നുമുള്ള യുവതിയുടെ പരാതിയെ തുടർന്നാണ് പ്രതി ഒളിവിൽ പോയത്.
2021ൽ ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. തിരുവനന്തപുരം സ്വദേശിനിയായിരുന്ന യുവതി തിരുവല്ലയിലെ പ്രമുഖ ബ്യൂട്ടിപാർലറിൽ ജോലി ചെയ്യവേയാണ് ഷെബിനുമായി അടുത്തത്. തുടർന്ന് വിവാഹ വാഗ്ദാനം നൽകിയ ഷെബിൻ പല സ്ഥലങ്ങളിലും കൊണ്ടുപോയി യുവതിയെ പീഡിപ്പിക്കുകയായിരുന്നു. ഇതിനിടെ യുവതിയിൽ നിന്നും ഏഴര പവൻ വരുന്ന സ്വർണാഭരണങ്ങളും 75,000 രൂപയും പ്രതി തട്ടിയെടുത്തിരുന്നുമാണ് പരാതി.
വിവാഹ വാഗ്ദാനത്തിൽ നിന്നും പിന്മാറിയതോടെയാണ് യുവതി തിരുവല്ല പോലീസിൽ പരാതി നൽകിയത്. അറസ്റ്റ് ഭയന്ന് മുങ്ങിയ പ്രതി ബാംഗ്ലൂരിൽ അടക്കമുള്ള സ്ഥലങ്ങളിൽ രണ്ടു വർഷത്തോളം ഒളിവിൽ കഴിയുകയായിരുന്നു. പ്രതിയെ നാളെ തിരുവല്ല കോടതിയിൽ ഹാജരാക്കുമെന്ന് സിഐ ബി കെ സുനിൽ കൃഷ്ണൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

