റാന്നി വനം ഡിവിഷൻ; പാട്ടക്കരാർ രേഖകളിൽ അവ്യക്തത; കണക്കിൽ പൊരുത്തക്കേട്
text_fieldsകോട്ടയം: വനംവകുപ്പിന്‍റെ റാന്നി വനം ഡിവിഷനു കീഴിൽ വിവിധ ആവശ്യങ്ങൾക്കായി സർക്കാർ, പൊതുമേഖല സ്ഥാപനങ്ങൾക്കും സ്വകാര്യ ഏജൻസികൾക്കും പാട്ടത്തിന് നൽകിയ വനഭൂമിയുടെ കണക്കുകളിൽ പൊരുത്തക്കേട്. പാട്ടക്കരാർ രേഖകളിൽ അവ്യക്തത നിലനിൽക്കുമ്പോൾ ചില കരാർ രേഖകൾ വകുപ്പിന്‍റെ കൈവശമില്ല.
റാന്നി ഡിവിഷനൽ ഫോറസ്റ്റ് ഓഫിസിൽനിന്ന് ലഭിച്ച വിവരാവകാശ രേഖയിലെ പട്ടികയിൽ 17 ഇനങ്ങളിലായി രേഖപ്പെടുത്തിയിരിക്കുന്ന കണക്കുകൾ പ്രകാരം റാന്നി വനം ഡിവിഷനിൽ പാട്ടത്തിന് നൽകിയ ഭൂമിയുടെ ആകെ വിസ്തീർണം 4,469.53 ഹെക്ടറാണ്. എന്നാൽ, കരാർ ഒപ്പിട്ട ഭൂമിയുടെ വിസ്തീർണം 1,438.35 ഹെക്ടറും ഒപ്പിടാത്തത് 2,084.34 ഹെക്ടറുമാണ്. ഇരു കണക്കുകളും തമ്മിൽ 946.84 ഹെക്ടറിന്‍റെ വ്യത്യാസമുണ്ട്. വനഭൂമി പാട്ടത്തിന്‍റെ കാലാവധി, കരാർ രേഖകളുടെ ലഭ്യത, പാട്ടത്തുകയുടെ കണക്കാക്കൽ എന്നിവയിലും വ്യക്തതയില്ല.
ജലവൈദ്യുതി പദ്ധതികൾക്ക് ഭൂമി
മൂഴിയാറിലെ ശബരിഗിരി ജലവൈദ്യുതി പദ്ധതിക്കായി കെ.എസ്.ഇ.ബിക്ക് 2,045.43 ഹെക്ടർ വനഭൂമി അനുവദിച്ചതായാണ് രേഖയിലുള്ളത്. ഇതിൽ 77.83 ഹെക്ടർ യഥാർഥ കൈവശഭൂമിയും 1,967.60 ഹെക്ടർ ജലവ്യാപന മേഖലയുമാണ്. ശബരിഗിരി പദ്ധതിയുടെ പാട്ടക്കാലാവധി സംബന്ധിച്ച വിവരങ്ങൾ പട്ടികയിൽ രേഖപ്പെടുത്തിയിട്ടില്ല. 77.83 ഹെക്ടറിന് 1,300 രൂപയും 1,963 ഹെക്ടറിന് 325 രൂപയുമാണ് പാട്ടനിരക്കായി രേഖപ്പെടുത്തിയിരിക്കുന്നത്. ജലവ്യാപന മേഖലയിലെ ആകെ വിസ്തീർണവും പാട്ടനിരക്ക് രേഖപ്പെടുത്തിയ വിസ്തീർണവും തമ്മിലുള്ള വ്യത്യാസവും അവ്യക്തമായി തുടരുന്നു.
കെ.എഫ്.ഡി.സിക്ക് 1,364 ഹെക്ടറിലധികം ഭൂമി
വടശ്ശേരിക്കരയിലും ഗവിയിലും പമ്പയിലുമായി തോട്ടം കൃഷി ആവശ്യങ്ങൾക്ക് കേരള ഫോറസ്റ്റ് ഡെവലപ്മെന്‍റ് കോർപറേഷന് ഭൂമി നൽകിയിട്ടുണ്ട്. രേഖയിൽ 339.85 ഹെക്ടർ, 441.59 ഹെക്ടർ, 582.75 ഹെക്ടർ എന്നിങ്ങനെയാണ് ഉൾപ്പെടുത്തിയത്. ഇവയുടെ ആകെ വിസ്തീർണം 1,364.19 ഹെക്ടറാണ്. ഇതിന് 25 വർഷത്തെ പാട്ടക്കാലാവധിയാണ് പട്ടികയിൽ രേഖപ്പെടുത്തിയത്. പാട്ടം അനുവദിച്ച തീയതിയും കാലാവധി ആരംഭിച്ച തീയതിയും തമ്മിലുള്ള ബന്ധം, കാലാവധി പുതുക്കിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങൾ ബന്ധപ്പെട്ട കരാറുകളും ഉത്തരവുകളും പരിശോധിച്ചേ സ്ഥിരീകരിക്കാനാകൂവെന്ന് ചൂണ്ടിക്കാട്ടി വകുപ്പ് ഒഴിഞ്ഞുമാറുകയാണ്.
പാട്ടത്തുകയുടെ പിരിവ്; വിവരങ്ങൾ വ്യക്തമല്ല
വിവിധ ഭൂമികൾക്ക് ഹെക്ടറിന് 50 മുതൽ 1,300 രൂപ വരെയുള്ള പാട്ടനിരക്കുകളാണ് ഈടാക്കുന്നത്. എന്നാൽ, യഥാർഥത്തിൽ എത്ര തുക പിരിച്ചെടുത്തു, കുടിശ്ശിക, കരാർ കാലാവധി കഴിഞ്ഞ ഭൂമികളിൽ പാട്ടത്തുക ഈടാക്കുന്നുണ്ടോ തുടങ്ങിയ വിവരങ്ങളിൽ അവ്യക്തതയുണ്ട്. കരാർ ഒപ്പിടാത്തതായി രേഖപ്പെടുത്തിയ ഭൂമികളുടെ നിയമപരമായ അടിസ്ഥാനം, കാലാവധി പൂർത്തിയായ പാട്ടങ്ങൾ പുതുക്കിയിട്ടുണ്ടോ, പുതുക്കൽ നടപടി പുരോഗമിക്കുന്നുണ്ടോ, കുടിശ്ശികയുണ്ടെങ്കിൽ അതിന്‍റെ തുക എത്രയാണ് തുടങ്ങിയ കാര്യങ്ങളിലും വകുപ്പ് ഉരുണ്ടുകളിക്കുയാണ്.
വനഭൂമി പാട്ടത്തിന്‍റെ നിലവിലെ സ്ഥിതി, ഓരോ സ്ഥാപനത്തിന്‍റെയും കൈവശമുള്ള ഭൂമിയുടെ കൃത്യമായ അളവ്, കരാർ രേഖകൾ, പാട്ടക്കാലാവധി, പാട്ടത്തുകയുടെ പിരിവ് എന്നിവ സംബന്ധിച്ച് വനംവകുപ്പ് വ്യക്തമായ കണക്കുകൾ പുറത്തുവിടണമെന്ന ആവശ്യമാണ് ഈ രേഖകൾ ഉയർത്തുന്നത്. നിയമപ്രകാരം, കരാർ കാലാവധി കഴിഞ്ഞ ഭൂമി വനം വകുപ്പ് തിരിച്ചുപിടിക്കുകയോ കരാർ പുതുക്കുകയോ ചെയ്യേണ്ടതുണ്ട്.

