കാർഷിക കോഴ്സ് പ്രവേശനത്തിലെ റാങ്ക് അട്ടിമറി
text_fieldsതാമരശ്ശേരി: രാജ്യത്തെ എഴുപതിലധികം വരുന്ന കാർഷിക സർവകലാശാലകളിലെ 12 കോഴ്സുകളിലെ കേന്ദ്ര ക്വോട്ടയായ 20 ശതമാനം സീറ്റിലേക്ക് നടത്തിയ അലോട്ട്മെന്റ് പ്രക്രിയയിൽ പങ്കെടുത്ത അപേക്ഷകരുടെ വിവരങ്ങൾ ലഭ്യമല്ലെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ച് (ഐ.സി.എ.ആർ). വിവരാവകാശ പ്രകാരമുള്ള അപേക്ഷക്കാണ് ഐ.സി.എ.ആർ വിചിത്ര മറുപടി നൽകിയത്.
കേരള കാർഷിക സർവകലാശാലയിൽ ബി.എസ്സി അഗ്രികൾച്ചർ കോഴ്സിന് അപേക്ഷിച്ച ഉയർന്ന റാങ്ക് നേടിയ അർഹരായ പല വിദ്യാർഥികൾക്കും സീറ്റ് ലഭിച്ചില്ലെന്ന പരാതി ഉയരുകയും പ്രവേശനത്തിൽ ക്രമക്കേട് നടന്നതായി വിദ്യാർഥികളും രക്ഷിതാക്കളും ആക്ഷേപമുന്നയിക്കുകയും ചെയ്തിരുന്നു. തുടർന്നാണ് ഒരു വിദ്യാർഥിയുടെ രക്ഷിതാവായ കോഴിക്കോട് ഈങ്ങാപ്പുഴ സ്വദേശി അബ്ദുറഹിമാൻ വിവരാവകാശ നിയമപ്രകാരം പേരുവിവരം ചോദിച്ചത്. വിവരങ്ങൾ ലഭ്യമല്ലെന്ന മറുപടിക്രമക്കേടിന്റെ വ്യാപ്തി പുറത്തുവരുന്നത് തടയാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് എന്ന് സംശയിക്കപ്പെടുന്നു.
കോഴ്സിന് പ്രവേശനം ലഭിച്ച വിദ്യാർഥികളിൽ മികച്ച റാങ്കുള്ള കേരളത്തിലെ അപേക്ഷകർ ധാരാളമായി തഴയപ്പെട്ടതായി സംശയമുയർന്നതിനെ തുടർന്ന് പ്രവേശന പ്രക്രിയയിൽ പങ്കെടുത്ത വിദ്യാർഥികളുടെ സംസ്ഥാനം ഉൾപ്പെടെയുള്ള വിവരങ്ങളാണ് ആവശ്യപ്പെട്ടത്. അലോട്ട്മെന്റ് ലഭിച്ചവരിൽതന്നെ വളരെ ഉയർന്ന റാങ്കുള്ള ധാരാളം പേരെ സംവരണ സീറ്റിൽ ഒതുക്കി താഴ്ന്ന റാങ്ക് ഉള്ളവർക്ക് ജനറൽ സീറ്റ് നൽകിയിട്ടുണ്ട്. എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗത്തിൽപ്പെടുന്ന ഉയർന്ന റാങ്ക് നേടിയ കുട്ടികൾക്ക് ജനറൽ സീറ്റ് നൽകുന്നതിന് പകരം സംവരണ സീറ്റാണ് നൽകിയത്. നാല് റൗണ്ട് മുഖ്യ അലോട്ട്മെന്റും ശേഷം നടന്ന മോപ്അപ് റൗണ്ടും നടത്തിയിട്ടും വിജ്ഞാപനം ചെയ്ത മുഴുവൻ സീറ്റുകളിലും അലോട്ട്മെന്റ് നടത്താതെ 11 സീറ്റ് ഒഴിച്ചിട്ടിട്ടുമുണ്ട്. അപേക്ഷിച്ച നിരവധി പേർക്ക് സീറ്റ് നിഷേധിച്ചുകൊണ്ടാണ് ഈ നടപടി.
ഒരു സർവകലാശാലയിലെ ഒരു കോഴ്സിലെ അലോട്ട്മെന്റ് പ്രക്രിയയിൽ മാത്രം നടന്ന ക്രമക്കേടാണിത്. രാജ്യത്താകമാനം ഐ.സി.എ.ആർ നടത്തിയ അലോട്ട്മെന്റ് പ്രക്രിയ പരിശോധിച്ചാൽ വൻ ക്രമക്കേട് വെളിച്ചത്തു വന്നേക്കും. കോമൺ യൂനിവേഴ്സിറ്റി പ്രവേശന പരീക്ഷയിലെ (സി.യു.ഇ.ടി) നിശ്ചിത വിഷയങ്ങളിലെ മാർക്കിന്റെ അടിസ്ഥാനത്തിൽ ഐ.സി.എ.ആർ തന്നെ തയാറാക്കിയ റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം നൽകേണ്ടത്. എന്നാൽ, ഐ.സി.എ.ആർ തന്നെ ഈ റാങ്ക് ലിസ്റ്റ് അട്ടിമറിച്ചെന്നാണ് വിദ്യാർഥികളുടെ ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

