ഒരാഴ്ച കഴിഞ്ഞിട്ടും രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞില്ല; ഡി.എൻ.എ പരിശോധനക്ക് അമ്മയുടെ രക്തസാമ്പ്ൾ ശേഖരിച്ചു
text_fieldsപത്തനംതിട്ട: അഹ്മദാബാദ് വിമാനപകടത്തിൽ കൊല്ലപ്പെട്ട പത്തനംതിട്ട പുല്ലാട് കുറങ്ങഴക്കാവ് കൊഞ്ഞോൺ വീട്ടിൽ രഞ്ജിത ആർ. നായരുടെ(39) മൃതദേഹം തിരിച്ചറിയാനുള്ള കാത്തിരിപ്പ് തുടരുന്നതിടെ, ഡി.എൻ.എ പരിശോധനക്കായി അമ്മയുടെ രക്തസാമ്പ്ളും ശേഖരിച്ചു. സഹോദരന്‍റെ ഡി.എൻ.എ സാമ്പ്ൾ ഉപയോഗിച്ച് നടത്തിയ പരിശോധന വിഫലമായതോടെയാണ് ശനിയാഴ്ച അമ്മ തുളസിയുടെ രക്തസാമ്പ്ൾ ശേഖരിച്ചത്. ഇത് ആരോഗ്യപ്രവർത്തകരുടെ നേതൃത്വത്തിൽ വിമാനത്തിൽ അഹ്മദാബാദിൽ എത്തിക്കും.
കഴിഞ്ഞ ശനിയാഴ്ചയാണ് രഞ്ജിതയുടെ സഹോദരൻ രതീഷിന്റെ രക്തസാമ്പ്ൾ അഹ്മദാബാദ് സിവിൽ ആശുപത്രിയിൽ ശേഖരിച്ചത്. അപകടസ്ഥലത്തുനിന്ന് ലഭിച്ച പല ശരീരഭാഗങ്ങളും ഡി.എൻ.എ ശേഖരിക്കാൻ കഴിയാത്ത അവസ്ഥയിലാണ്. പലതിലും ഫലം ലഭിക്കുന്നുമില്ല. ഇതോടെയാണ് മറ്റ് ബന്ധുക്കളുടെ രക്തസാമ്പ്ളുകൾകൂടി ശേഖരിച്ച് പരിശോധിക്കാനുള്ള തീരുമാനം. ഡി.എൻ.എ സാമ്പ്ൾ നൽകാനായി അഹ്മദാബാദിലെത്തിയ രഞ്ജിതയുടെ സഹോദരൻ രതീഷും ബന്ധു ഉണ്ണിക്കൃഷ്‌ണനും അവിടെ തുടരുകയാണ്.
അതിനിടെ, രഞ്ജിതയുടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാനായി ഇപ്പോഴും നിരവധിപേരാണ് വീട്ടിലെത്തുന്നത്. രഞ്ജിതയുടെ സംസ്ക്കാരചടങ്ങുകൾക്കായി പൂർത്തിയാകാത്ത വീടിനുമുന്നിലും പഠിച്ച സ്‌കൂളിലും പന്തൽ അടക്കമുള്ള ക്രമീകരണങ്ങളും ഒരുക്കിയിരുന്നു.
ഡി.എൻ.എ പരിശോധനാഫലം ലഭിച്ചതിനുശേഷമേ, സംസ്‌കാരം അടക്കമുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കാൻ കഴിയു എന്നതിനാൽ ബന്ധുക്കളും നാട്ടുകാരുമുൾപ്പെടെ കാത്തിരിപ്പാണ്. ഇതിനിടെ, മക്കളായ ഇന്ദുചൂഢൻ, ഇതിക, അമ്മ തുളസി എന്നിവർ നൊമ്പരക്കാഴ്ചയാവുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

