രഞ്ജിതയെത്തുന്നു; കണ്ണീർപ്പന്തലിലേക്ക്
text_fieldsരഞ്ജിത
പത്തനംതിട്ട: ആഹ്ലാദപ്പന്തൽ ഉയരേണ്ട വീട്ടുമുറ്റത്ത് ഒരുക്കിയ കണ്ണീർപ്പന്തലിലേക്ക് നിറനോവായി ചൊവ്വാഴ്ച രഞ്ജിതയെത്തും. വർഷങ്ങളായി താലോലിക്കുന്ന വീടെന്ന സ്വപ്നം പൂർത്തീകരണത്തിലേക്ക് നീങ്ങുന്നതിന്റെ സന്തോഷവും മനസിൽ നിറച്ചുള്ള രഞ്ജിതയുടെ യാത്ര ആകാശത്ത് മുറിഞ്ഞതോടെ, വീട്ടിലേക്കുള്ള മടക്കം ചേതനയറ്റ്. സംസ്കാരം ചൊവ്വാഴ്ച നടക്കും. ചൊവ്വാഴ്ച രാവിലെ ഏഴിന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിക്കുന്ന മൃതദേഹം 11ഓടെ സ്വദേശമായ പുല്ലാട്ട് കൊണ്ടുവരും. തുടര്‍ന്ന് രഞ്ജിത പഠിച്ച ശ്രീവിവേകാനന്ദ ഹൈസ്കൂളില്‍ ഉച്ചക്ക് 2.30 വരെ പൊതുദര്‍ശനത്തിന് വെക്കും.
സംസ്കാരം വൈകീട്ട് 4.30ന് വീട്ടുവളപ്പില്‍.അഹ്മദാബാദ് വിമാനപകടത്തിൽ രഞ്ജിത കൊല്ലപ്പെട്ടെന്ന വിവരം പുറത്തുവന്നതിനുപിന്നാലെ പണി പൂർത്തിയാകുന്ന വീടിന് മുന്നിൽ പന്തൽ ഉയർന്നിരുന്നു. മൃതദേഹം ഉടൻ നാട്ടിലെത്തുമെന്ന കണക്കുകൂട്ടലിലായിരുന്നു അത്. എങ്കിലും ഡി.എൻ.എ പരിശോധന നീളുകയായിരുന്നു. ഏറെ കൊതിച്ച് കുടുംബവീടിനോട് ചേർന്ന് രഞ്ജിത നിർമിക്കുന്ന വീടിന്റെ ഗൃഹപ്രവേശം ഓണത്തിന് നടത്താനായിരുന്നു തീരുമാനം.
ഫെബ്രുവരിയിലാണ് പണികൾ ആരംഭിച്ചത്. കഴിഞ്ഞ 12ന് ലണ്ടനിലേക്കുള്ള എയർ ഇന്ത്യ വിമാനം അഹ്മദാബാദിൽ തകർന്നുവീണുണ്ടായ അപകടത്തിലാണ് പത്തനംതിട്ട പുല്ലാട് കുറങ്ങഴക്കാവ് കൊഞ്ഞോൺ വീട്ടിൽ രഞ്ജിത ആർ. നായർ(39) മരിച്ചത്. യു.കെയിലെ പോർട്സ്മൗത്ത് ക്വീൻ അലക്സാന്ദ്ര ഹോസ്പിറ്റലിൽ നഴ്സായിരുന്ന അവർ നാലുദിവസത്തെ അവധിക്ക് നാട്ടിലെത്തിയശേഷം മടങ്ങുമ്പോഴാണ് ആകാശ ദുരന്തം.
മൃതദേഹം തിരിച്ചറിയാനുള്ള നടപടികൾ നീണ്ടതോടെ സംസ്ക്കാരവും വൈകുകയായിരുന്നു. ഡി.എൻ.എ പരിശോധനക്കായി ആദ്യം സഹോദരൻ രതീഷ് ജി.നായരുടെയും പിന്നീട് അമ്മ തുളസിയുടെയും രക്തസാമ്പ്ൾ ശേഖരിച്ചിരുന്നു. ഇതിനൊടുവിലാണ് ബന്ധുക്കളുടെ 12 ദിവസത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് മൃതദേഹം തിരിച്ചറിഞ്ഞത്.
തിങ്കളാഴ്ച ഉച്ചയോടെ മൃതദേഹം അഹ്മദാബാദിലുള്ള സഹോദരൻ രതീഷ്, ബന്ധു ആർ. ഉണ്ണികൃഷ്ണൻ എന്നിവർക്ക് കൈമാറി. എയർ ഇന്ത്യ ഏറ്റെടുത്ത മൃതദേഹം ഇവരുടെ നേതൃത്വത്തിലാണ് നാട്ടിലെത്തിക്കുന്നത്. സ്വപ്നവീട്ടിലേക്ക് മടക്കമില്ലാത്ത യാത്രക്കായി രഞ്ജിതയെത്തുമ്പോൾ വിതുമ്പലിലാണ് വീടും നാടും. ഓണത്തിന് അവധിക്ക് എത്താമെന്ന് പറഞ്ഞ് പോയ രഞ്ജിത കണ്ണീർനോവായി മടങ്ങിയെത്തുമ്പോൾ മക്കളായ ഇന്ദുചൂഢനെയും ഇതികയേയും എങ്ങനെ ആശ്വസിപ്പിക്കുമെന്ന വെമ്പലിലാണ് ബന്ധുക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

