രഞ്ജിത്, ഷാൻ വധം: നാലു പ്രതികൾ റിമാൻഡിൽ
text_fieldsആലപ്പുഴ: രഞ്ജിത്, ഷാൻ വധക്കേസിൽ നാലു പ്രതികൾ റിമാൻഡിൽ. ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രഞ്ജിത് ശ്രീനിവാസൻ വധത്തിൽ നേരിട്ട് പങ്കാളികളായ രണ്ടുപേർ, പ്രധാന പ്രതിയെ രക്ഷപ്പെടാൻ സഹായിച്ച ആലപ്പുഴ മുനിസിപ്പാലിറ്റി മുല്ലാത്ത്വാർഡിൽ ഷീജ മൻസിലിൽ സുഹൈൽ (24), ഷാൻ വധക്കേസിൽ അറസ്റ്റിലായ ആർ.എസ്.എസ് ഉപഖണ്ഡ് കാര്യവാഹക് തണ്ണീർമുക്കം പഞ്ചായത്ത് ആറാം വാർഡിൽ ഇത്തിച്ചിറവീട്ടിൽ സുരേഷ് ബാബു (48) എന്നിവരെയാണ് റിമാൻഡ് ചെയ്തത്.
രഞ്ജിത് വധക്കേസിലെ പ്രധാന പ്രതികളടക്കമുള്ള ഏഴുപേരെ ചൊവ്വാഴ്ച ഉച്ചക്കാണ് ആലപ്പുഴ ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനക്ക് എത്തിച്ചത്. ഷാൻ വധത്തിലെ വൈരാഗ്യത്തിന്റെ പേരിലാണ് എസ്.ഡി.പി.ഐ പ്രവർത്തകർ രഞ്ജിത്തിനെ കൊലപ്പെടുത്തിയതെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. സുരേഷ് ബാബുവിന്റെ റിമാൻഡ് റിപ്പോർട്ടിൽ ഷാൻ വധക്കേസിലെ പ്രതികളെ തൃശൂരിലേക്ക് കടക്കാൻ സഹായിച്ചതിനാണെന്ന് പറയുന്നുണ്ട്.