രഞ്ജിത്ത് മഹേശ്വരിയുടെ ഹരജി: ഉത്തേജകമരുന്ന് ഉപയോഗിച്ചതിന്റെ വിവരങ്ങൾ നൽകാൻ കേന്ദ്രം സമയംതേടി
text_fieldsകൊച്ചി: മുൻ ഒളിമ്പ്യനും ദേശീയ ട്രിപ്ൾ ജംപ് താരവുമായ കോട്ടയം സ്വദേശി രഞ്ജിത്ത് മഹേശ്വരി, തനിക്ക് അർജുന അവാർഡ് നിഷേധിച്ചതിനെതിരെ നൽകിയ ഹരജിയിൽ ഉത്തേജകമരുന്ന് പരിശോധനയുടെ വിവരങ്ങൾ നൽകാൻ കേന്ദ്രസർക്കാർ വീണ്ടും സമയം തേടി. ഇത് അന്യായമാണെന്ന് പറഞ്ഞ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, സർക്കാർ നടപടിയെ രൂക്ഷമായി വിമർശിച്ചു.
ഒരാളുടെ ജീവിതവുമായി ബന്ധപ്പെട്ട വിഷയമാണിതെന്നും ഉദ്യോഗസ്ഥർക്ക് ഇങ്ങനെ ഹൃദയശൂന്യരാകാൻ കഴിയുന്നത് എങ്ങനെയാണെന്നും കോടതി വാക്കാൽ ചോദിച്ചു. ഒരു കായികതാരത്തിന് സ്പോർട്സ് എന്നത് ജീവിതമാണ്. ഉത്തേജകമരുന്ന് പരിശോധന വേണ്ടെന്നല്ല, ഉന്നതനായ ഒരാളെ ആരോപണം ഉന്നയിച്ച് പുറത്താക്കിയൽ കായികരംഗത്തേക്ക് ആരെങ്കിലും വരുമോ? ആരോപണം സത്യമാണെങ്കിൽ കോടതി ഇടപെടില്ല.
എന്നാൽ, ആരോപണമുണ്ടെന്ന പേരിൽ ഒരാൾ എങ്ങനെയാണ് കുറ്റക്കാരനാകുന്നത്? രഞ്ജിത്തിനെതിരെ എന്ത് കണ്ടെത്തലാണുള്ളതെന്ന് ആന്റി ഡോപ്പിങ് ഏജൻസി ഇതുവരെ അറിയിച്ചിട്ടില്ല. ഇത് ദൗർഭാഗ്യകരമാണ്. വിശദീകരണം നൽകാൻ ഇത് അവസാന അവസരമാണെന്ന് വ്യക്തമാക്കിയ കോടതി, ഹരജി പത്ത് ദിവസം കഴിഞ്ഞ് പരിഗണിക്കാൻ മാറ്റി.
2013ൽ ഹരജിക്കാരനെ അർജുന അവാർഡിന് തെരഞ്ഞെടുത്തെങ്കിലും അവാർഡ് ദാനത്തിന് തൊട്ടുമുമ്പ് ചടങ്ങിൽനിന്ന് വിട്ടുനിൽക്കാൻ കേന്ദ്ര കായിക മന്ത്രാലയം ആവശ്യപ്പെട്ടു. ഉത്തേജക മരുന്നുപയോഗിച്ചതായി റിപ്പോർട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. എന്നാൽ, കേന്ദ്ര സർക്കാർ പ്രസിദ്ധീകരിച്ച, മരുന്നുപയോഗിച്ചവരുടെ പട്ടികയിൽ രഞ്ജിത്തുണ്ടായിരുന്നില്ല. തുടർന്ന് നൽകിയ ഹരജിയിൽ നിവേദനം പരിഗണിച്ച് തീരുമാനമെടുക്കാൻ ഹൈകോടതി നിർദേശിച്ചിരുന്നു.
എന്നാൽ, തീരുമാനത്തിൽ മാറ്റമില്ലെന്നായിരുന്നു സർക്കാറിന്റെ മറുപടി. തുടർന്നാണ് ഹരജിക്കാരൻ വീണ്ടും കോടതിയെ സമീപിച്ചത്.
തുടർന്ന് ഉത്തേജകമരുന്ന് പരിശോധനയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഹാജരാക്കാൻ കോടതി ആന്റിഡോപ്പിങ് ഏജൻസിയോട് നിർദേശിച്ചു. പരിശോധനഫലം ഹാജരാക്കാൻ കേന്ദ്രത്തോടും ആവശ്യപ്പെട്ടിരുന്നു. ഇത് വൈകുന്നതാണ് കോടതിയുടെ വിമർശനത്തിന് കാരണമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

