Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘രാഷ്ട്രീയക്കാരെയും...

‘രാഷ്ട്രീയക്കാരെയും മാധ്യമപ്രവർത്തകരെയും സംഘിയും മാപ്രയുമാക്കുന്നത് സൈബർ സഖാക്കൾ’; വിമർശനത്തിന് മറുപടിയുമായി രമ്യ ഹരിദാസ്

text_fields
bookmark_border
Ramya Haridas, shajan skaria
cancel

കോഴിക്കോട്: മറുനാടൻ മലയാളിയെയും ഷാജൻ സ്കറിയയെയും പിന്തുണച്ചതിനെതിരായ വിമർശനത്തിന് മറുപടിയുമായി രമ്യ ഹരിദാസ് എം.പി രംഗത്ത്. വിമർശിക്കുന്നവരെ വ്യക്തിഹത്യ നടത്തിയും സംഘിപട്ടം ചാർത്തിയും ഒതുക്കാൻ എളുപ്പമാണെന്ന് കമ്യൂണിസ്റ്റുകളോളം അറിയുന്നവർ മറ്റാരുമില്ലെന്ന് രമ്യ ഹരിദാസ് ഫോസ്ബുക്കിൽ കുറിച്ചു. കൃത്യമായ ആസൂത്രണത്തോടെ സോഷ്യൽ മീഡിയയിലടക്കം ഇടപെട്ട് വസ്തുതാവിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിച്ച് പൊതുജനാഭിപ്രായം കോൺഗ്രസിന് എതിരാക്കുക എന്നത് കമ്യൂണിസ്റ്റുകളുടെ അടവാണ്. കമ്യൂണിസ്റ്റുകളുടെ നെറികേടുകൾക്കെതിരെ ശബ്ദിച്ച് കൊണ്ടേയിരിക്കുമെന്നും രമ്യ ഹരിദാസ് വ്യക്തമാക്കി.

രമ്യ ഹരിദാസിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

എന്നെ സ്നേഹിക്കുകയും പിന്തുണക്കുകയും ചെയ്യുന്നവരോടാണ്..

കേന്ദ്രസർക്കാർ മീഡിയവൺ ചാനലിനെ വിലക്കിയപ്പോഴും മാധ്യമപ്രവർത്തകർക്കെതിരെ കേരള സർക്കാർ കേസ് എടുത്തപ്പോഴും എന്റെ പിന്തുണ പത്രമാധ്യമങ്ങളോടൊപ്പമായിരുന്നു.അത്തരമൊരു പിന്തുണ തന്നെയാണ് മറുനാടൻ മലയാളി എന്ന ഓൺലൈൻ ചാനലിനും നൽകിയിട്ടുള്ളൂ.. അതിൽ വന്ന എല്ലാ വാർത്തകളും വസ്തുതയാണെന്ന വാദം ആർക്കുമുണ്ടാകില്ല. അത്തരം വാർത്തകൾക്കെതിരെ അതാത് സമയങ്ങളിൽ മാനനഷ്ടകേസുകൾ ഫയൽ ചെയ്തിട്ടില്ലേ.. അത് തന്നെയാണ് ചെയ്യേണ്ടതും ജനാധ്യപത്യരീതിയും. അത്തരം കേസുകൾ എല്ലാ മാധ്യമ സ്ഥാപനങ്ങൾക്കും നേരിടേണ്ടതായി വരും.

കേരളത്തിലെ രാഷ്ട്രീയക്കാരേയും പത്രമാധ്യമ പ്രവർത്തകരേയും സംഘിയാക്കുന്നതും മാപ്രയാക്കുന്നതും സൈബർ സഖാക്കളാണ്. ശ്രീ. രമേശ് ചെന്നിത്തലയെ മുതൽ കെ.പി.സി.സി പ്രസിഡണ്ട് കെ. സുധാകരനെയും വി.ടി.ബൽറാമിനെയും വരെ സംഘിയാക്കി ചിത്രീകരിക്കുന്നതും കെ.എം. ഷാജിയെ സുഡാപ്പിയാക്കി ചിത്രീകരിക്കുന്നതും ഇവർ തന്നെ.സൈബർ വെട്ടുകിളികളുടെ അത്തരം തിട്ടൂരങ്ങൾക്ക് വഴങ്ങാൻ തൽക്കാലം ഉദ്ദേശമില്ല.

ബഹു. ഉമ്മൻചാണ്ടി സാറിനെ വ്യക്തിപരമായി തേജോവധം ചെയ്തിരുന്ന വാർത്തകൾ നിരന്തരം സംപ്രേക്ഷണം ചെയ്തിരുന്ന സമയത്ത് എല്ലാവരും മാധ്യമപ്രവർത്തകർ ആയിരുന്നു. 2016ൽ പിണറായി സർക്കാർ വന്ന് മാധ്യമങ്ങൾ വിമർശനങ്ങൾ തുടങ്ങിയപ്പോൾ അവർ മാപ്രകളായി. വനിത മാധ്യപ്രവർത്തകരെ വ്യക്തിഹത്യ നടത്തി. സോഷ്യൽ മീഡിയയിൽ മുഴുവൻ തെറി എഴുതിയ പോരാളി ഷാജിമാരുടെ പേജുകൾക്കെതിരെ ആരെങ്കിലും കേസെടുത്തോ? വിമർശിച്ചോ? കമ്മ്യൂണിസ്റ്റ് ഇതര രാഷ്ട്രീയക്കാരേയും മാധ്യമപ്രവർത്തകരേയും തേജോവധം ചെയ്യാനായി മാത്രം എത്ര പേജുകളുണ്ട് സോഷ്യൽ മീഡിയയിൽ. അവരെ രാഷ്ട്രീയമായി ഒറ്റപ്പെടുത്തിയോ? ഇല്ല.. അതാണ് കമ്മ്യൂണിസത്തിന്റെ ഗൂഢാലോചന.

കെ.പി.സി.സി പ്രസിഡണ്ട് കെ. സുധാകരനെതിരെ ദേശാഭിമാനി വാർത്ത നൽകി, അതിന്റെ പേരിൽ പത്രസമ്മേളനം. വാസ്തവ വിരുദ്ധമായ വാർത്ത പ്രചരിപ്പിച്ച ദേശാഭിമാനിക്ക് എന്ത് എതിർപ്പാണ് സാമൂഹ്യ മാധ്യമത്തിൽ നേരിടേണ്ടി വരുന്നത്? അതാണ് കമ്മ്യൂണിസം..

കേരളത്തിലെ പുതുതായി നിർമ്മിച്ച മിക്ക പാലങ്ങളും പൊളിയുന്നു,സൈബറിടത്തിൽ അത്ചർച്ചയാണോ? സാങ്കേതിക പിഴവുള്ള പാലാരിവട്ടം പാലത്തിന്റെ പേരിൽ യു.ഡി.എഫ് നേതാക്കൾ സാമൂഹ്യമാധ്യമത്തിൽ കേട്ട പഴിയെത്ര..

ആദ്യമായി ഏക സിവിൽ കോഡ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട ഇ.എം.എസിന്റെ വാക്കുകളും നയങ്ങളും സൈബർ ചർച്ചയാണോ? കേരളത്തിലെ ധാർമ്മികതയും കുടുംബ സംവിധാനങ്ങളും പൊളിച്ച് മതനിരാസം വളർത്തുന്ന കമ്മ്യൂണിസത്തിന്റെ നയം സൈബറിടത്തിൽ ചർച്ചയാണോ? അതാണ് കമ്മ്യൂണിസത്തിന്റെ രീതി. നാലക്കസംഖ്യ കൂട്ടി വായിക്കാനറിയാത്ത വിദ്യാഭ്യാസ മന്ത്രിക്ക് എന്തെങ്കിലും വിമർശനങ്ങൾ സൈബറിടത്തിലുണ്ടോ? മികച്ച രീതിയിൽ ഭരണം നടത്തിയ വിദ്യാഭ്യാസ വകുപ്പിനെ പച്ച ബ്ലൗസിന്റെയും വിജയ ശതമാനത്തിന്റേയും പേരിൽ ഇന്നും സൈബറിടത്തിൽ ആക്രമിക്കുകയല്ലേ.. ഇതാണ് കമ്മ്യൂണിസം..

കൊറോണ കാലത്തെ അഴിമതി, വ്യാജസർട്ടിഫിക്കറ്റ് നിർമ്മാണം, പരീക്ഷതോറ്റവർ ജയിക്കുന്നു, പി.എസ്.സി തട്ടിപ്പ്, സ്വർണ്ണക്കടത്ത്, ബന്ധുനിയമനം ആരെങ്കിലും സോഷ്യൽ മീഡിയയിൽ ആഘോഷിക്കുന്നുണ്ടോ? അതാണ് കമ്മ്യൂണിസം..

കൃത്യമായ ആസൂത്രണത്തോടെ മീഡിയകളിൽ (സോഷ്യൽ മീഡിയയിലടക്കം) ഇടപെട്ട് വസ്തുതാവിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിച്ച് പൊതുജനാഭിപ്രായം കോൺഗ്രസിന് എതിരാക്കുക എന്നത് കമ്മ്യൂണിസ്റ്റുകളുടെ അടവാണ്. വിമർശിക്കുന്നവരെ വ്യക്തിഹത്യ നടത്തിയും സംഘിപട്ടം ചാർത്തിയും ഒതുക്കാൻ എളുപ്പമാണെന്ന് കമ്മ്യൂണിസ്റ്റുകളോളം അറിയുന്നവർ മറ്റാരുമില്ല.. പക്ഷെ നിങ്ങൾക്ക് തെറ്റി.. നിങ്ങളുടെ നെറികേടുകൾക്കെതിരെ ശബ്ദിച്ച് കൊണ്ടേയിരിക്കും.

അതേസമയം, രമ്യ ഹരിദാസിന്‍റെ ഫോസ്ബുക്ക് പോസ്റ്റിൽ പ്രതികരണവുമായി ദീപ നിഷാന്ത് രംഗത്തെത്തി. ജനാധിപത്യപരമായ വിമർശനവും തരംതാണ വ്യക്തിഹത്യയും രണ്ടും രണ്ടായി കാണാനുള്ള വിവേചനശേഷി രമ്യക്കുണ്ടാകാൻ ആഗ്രഹിക്കാനേ പറ്റൂവെന്ന് രമ്യയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ കമന്‍റ് ബോക്സിൽ ദീപ നിഷാന്ത് കുറിച്ചു.

ദീപ നിഷാന്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

എതിർക്കുന്നവരെ മുഴുവൻ പൂട്ടിക്കുക എന്നത് കമ്മ്യൂണിസത്തിന്റെ വർഗ്ഗസ്വഭാവമാണെന്നും ജനാധിപത്യവാദികൾ ഈ കെണിയിൽ വീഴരുത് എന്നും പറഞ്ഞാണ് ബഹുമാനപ്പെട്ട എം പി പോസ്റ്റ് ആരംഭിച്ചത്. മീഡിയാവൺ പൂട്ടിച്ചപ്പോൾ അതിനെതിരെ ഏറ്റവും ശക്തമായി പ്രതികരിച്ചത് ഇതേ കമ്യൂണിസ്റ്റുകാർ തന്നെയാണ്. ജനാധിപത്യപരമായ വിമർശനവും തരംതാണ വ്യക്തിഹത്യയും രണ്ടും രണ്ടായി കാണാനുള്ള വിവേചനശേഷി താങ്കൾക്കുണ്ടാകാൻ ആഗ്രഹിക്കാനേ പറ്റൂ.

എം.പിയായതിനു ശേഷം താങ്കളും സ്ഥലം എം.എൽ.എയും ആദ്യമായി നന്ദി പ്രകടിപ്പിക്കാൻ ചെന്നത് മറുനാടൻ്റെ ഓഫീസിലായിരുന്നു എന്ന കാര്യം മറുനാടൻ സാഭിമാനം പറഞ്ഞതും ആ ഇൻറർവ്യൂവും അതിൽ താങ്കൾ പറഞ്ഞ കാര്യങ്ങളും നന്ദിപ്രകടനവും ഇപ്പോഴും ഓർക്കുന്നു. മറ്റു ചില കാര്യങ്ങളെപ്പറ്റി ഇപ്പോൾ പറഞ്ഞാൽ അത് വ്യക്തിപരമായേ താങ്കളെടുക്കൂ എന്ന ബോധ്യമുള്ളതിനാൽ കൂടുതൽ വിശദീകരിക്കുന്നില്ല. സന്ദർഭം വരുകയാണെങ്കിൽ വഴിയേ പറയാം.

വ്യക്തിഹത്യയുടേയും മുസ്ലീം വിരുദ്ധതയുടേയും സ്ത്രീവിരുദ്ധതയുടേയും 'മറുനാടനിസ'ത്തെ പിന്തുണക്കേണ്ടത് ജനാധിപത്യ മര്യാദയാണെന്ന് താങ്കൾ കരുതുന്നുണ്ടെങ്കിൽ അത് തുടരുക. പക്ഷേ അത് മാധ്യമ സ്വാതന്ത്ര്യ സംരക്ഷണമാണെന്ന് വാദിച്ചാൽ ജനാധിപത്യവിശ്വാസികൾ ചിരിക്കും. സമൂഹമാധ്യമങ്ങളിലെ വ്യക്തിഹത്യയ്ക്കെതിരെ പോസ്റ്റിൽ സങ്കടപ്പെടുന്ന എം.പി താങ്കളുടെ ആരാധ്യനേതാവ് രാഹുൽഗാന്ധിക്കെതിരെ തുടർച്ചയായി അപകീർത്തികരമായ വ്യക്ത്യധിക്ഷേപം നിരന്തരം നടത്തുന്ന മറുനാടനെ പിന്തുണക്കുന്നത് എന്ത് തരം നിലപാടാണ്?

ഉമ്മൻ ചാണ്ടിയുടെ മകനും ടി.എൻ പ്രതാപനും മറുനാടൻ്റെ വ്യക്തിഹത്യയ്ക്കെതിരെ നിയമ നടപടികളുമായി മുന്നോട്ടു പോകുന്ന കാര്യവും അറിഞ്ഞിരിക്കുമല്ലോ. അവരും കമ്യൂണിസ്റ്റുകാരെപ്പോലെ 'മാധ്യമവേട്ട' നടത്തുകയാണോ? വിമർശിക്കുന്നവരെ മുഴുവൻ വേട്ടയാടുകയാണോ? മറുനാടൻ മുസ്ലിം വിരുദ്ധ വാർത്തകളും തെറ്റായ വാർത്തകളും നൽകുന്നു എന്നത് കേവലം 'ആക്ഷേപം' മാത്രമാണെന്ന താങ്കളുടെ കാഴ്ചപ്പാട് കണ്ട് മറുനാടൻ വരെ അമ്പരന്നിട്ടുണ്ടാകും.. ആ നന്ദിയും കടപ്പാടും തുടർന്നും നിങ്ങൾ തമ്മിലുണ്ടാകട്ടെ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deepa nishanthmarunadan malayaliRamya Haridas
News Summary - Ramya Haridas responded to the criticism the support of marunadan malayali
Next Story