
റംസിയുടെ ആത്മഹത്യ: യുവാവിൻെറ ബന്ധുക്കളെ കേന്ദ്രീകരിച്ച് അന്വേഷണം
text_fieldsകൊട്ടിയം: നിശ്ചയിച്ച വിവാഹത്തിൽനിന്ന് വരൻ പിന്മാറിയതിനെതുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ റിമാൻഡിൽ കഴിയുന്ന ഹാരിഷിൻെറ ബന്ധുക്കളെ കേന്ദ്രീകരിച്ച് അന്വേഷണം. ആത്മഹത്യ ചെയ്യും മുമ്പ് യുവതി പുറത്തുവിട്ട ശബ്ദസന്ദേശം പൊലീസ് പരിശോധിച്ചു. വാളത്തുംഗൽ വാഴക്കൂട്ടത്തിൽ പടിഞ്ഞാറ്റതിൽ റഹീമിന്റെയും നദീറയുടെയും മകൾ റംസിയാണ് (24) ക.ലഞ്ഞ സെപ്റ്റംബർ 3ന് ആത്മഹത്യ ചെയ്തത്.
ശാസ്ത്രീയഫലം ലഭിച്ചാലുടൻ മാതാപിതാക്കൾ, സഹോദരൻ, ഇയാളുടെ ഭാര്യയായ സീരിയൽ നടി ഉൾെപ്പടെയുള്ളവരെ പ്രതിയാക്കിയേക്കും. ഇവരെ കണ്ടെത്തി ചോദ്യം ചെയ്യുന്നതിനുള്ള നീക്കം പൊലീസ് നടത്തിവരികയാണ്. ശനിയാഴ്ച അന്വേഷണസംഘം പല സ്ഥലങ്ങളിലും തിരച്ചിൽ നടത്തി. യുവതിയെ ഗർഭധാരണം സംബന്ധിച്ച് വിദഗ്ധ പരിശോധന നടത്താൻ കൊല്ലം നഗരത്തോടടുത്തുള്ള ഒരു ആശുപത്രിയിൽ കൊണ്ടുപോയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
അന്ന് യുവതിയോടൊപ്പമുണ്ടായിരുന്നവരെക്കുറിച്ചുള്ള വിവരം ശേഖരിച്ചു. കേസിലെ പ്രതികൾ രക്ഷപ്പെടാതിരിക്കാൻ എല്ലാ തെളിവുകളും ശേഖരിച്ചശേഷമാകും അറസ്റ്റ്. യുവതിയെ ബംഗളൂരുവിൽ കൊണ്ടുപോയതായി വിവരം ലഭിച്ചതിനാൽ അവിടെപ്പോയി വിവരങ്ങൾ ശേഖരിക്കും. കഴിഞ്ഞ മൂന്നിനാണ് കൊട്ടിയം കൊട്ടുമ്പുറത്തെ വാടകവീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.
