ധനസഹായത്തിൽ തീരുമാനമായില്ല; രാംനാരായണന്റെ കുടുംബം രാത്രി വൈകിയും മോർച്ചറിക്ക് മുന്നിൽ
text_fieldsകൊല്ലപ്പെട്ട രാംനാരായണൻ, തൃശൂർ മെഡിക്കൽ കോളജ് മോർച്ചറിക്ക് മുന്നിൽ രാത്രി വൈകിയും ഇരിക്കുന്ന രാംനാരായണൻ ബഗേലിന്റെ കുടുംബം
തൃശൂർ: വാളയാർ അട്ടപ്പളത്ത് ആൾക്കൂട്ട മർദനത്തിനിരയായി കൊല്ലപ്പെട്ട ഛത്തീസ്ഗഡ് സ്വദേശി രാംനാരായണൻ ബഗേലിന്റെ മൃതദേഹം ഏറ്റുവാങ്ങുന്നതുമായി ബന്ധപ്പെട്ട അനിശ്ചിതത്വം രാത്രി വൈകിയും തുടരുന്നു.
കേസിൽ ആൾക്കൂട്ടക്കൊലപാതകം, എസ്.സി-എസ്.ടി പീഡന നിരോധന നിയമം എന്നിവ ഉൾപ്പെടുത്താനും പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാനും എ.ഡി.എമ്മുമായി നടത്തിയ ചർച്ചയിൽ ധാരണയായെങ്കിലും ധനസഹായ വിഷയത്തിൽ തീരുമാനമാകാത്തതാണ് പ്രതിസന്ധിക്ക് കാരണം.
രാത്രി ഏഴേമുക്കാലോടെ പാലക്കാട് ആർ.ഡി.ഒ മണികണ്ഠൻ തൃശൂർ മെഡിക്കൽ കോളജിലെത്തി കുടുംബാംഗങ്ങളുമായും ജസ്റ്റിസ് ഫോർ രാം നാരായൺ ഭാഗേൽ ആക്ഷൻ കമ്മിറ്റി അംഗങ്ങളുമായും ചർച്ചകൾ നടത്തി. അടിയന്തരമായി പത്തു ലക്ഷത്തിൽ കുറയാത്ത തുക സാമ്പത്തിക സഹായം അനുവദിക്കണമെന്ന് ആക്ഷൻ കമ്മിറ്റി ആവശ്യപ്പെട്ടെങ്കിലും ധനസഹായം അനുവദിക്കാൻ കഴിയില്ലെന്നും, ബുധനാഴ്ചത്തെ മന്ത്രിസഭ യോഗത്തിലേ ഇത് സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാവുകയുള്ളൂവെന്നും അത് ശുപാർശ ചെയ്യാമെന്നും പാലക്കാട് ജില്ല കലക്ടർ ബന്ധുക്കളെ ഫോണിലൂടെ അറിയിച്ചു.
തങ്ങളുടെ ഏക അത്താണിയെ നഷ്ടപ്പെട്ട ആ നിർധന കുടുംബം അടിയന്തര സഹായം പ്രഖ്യാപിക്കാതെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന നിലപാടിൽ മോർച്ചറിക്ക് മുന്നിൽ പ്രതിഷേധം തുടരുകയാണ്. നാട്ടുകാരും സമരസമിതിയും അവർക്ക് പിന്തുണയുമായി ഒപ്പമുണ്ട്. ‘വാഗ്ദാനങ്ങൾക്കപ്പുറം, ജീവിതം വഴിമുട്ടിയ ഈ കുടുംബത്തിന് അടിയന്തരമായി സാമ്പത്തിക സഹായം ലഭിക്കണം. കലക്ടറുടെ ഔദ്യോഗികമായ രേഖാമൂലമുള്ള ഉറപ്പിനായി ഞങ്ങൾ കാത്തിരിക്കുകയാണ്’- സമരസമിതി പ്രതിനിധികൾ വ്യക്തമാക്കി. ഭൗതികശരീരം ജന്മനാട്ടിലേക്ക് കൊണ്ടുപോകാനുള്ള സാമ്പത്തിക സഹായത്തിന്റെ കാര്യത്തിലും ആശയകുഴപ്പം നിലനിൽക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

